മലപ്പുറം: താനൂരില്‍ വന്ദേഭാരത് എക്സ്പ്രസിന് നേരേ കല്ലെറിഞ്ഞെന്ന കേസില്‍ പ്രതി പിടിയില്‍. താനൂര്‍ സ്വദേശിയായ മുഹമ്മദ് റിസ്വാനെ(19)യാണ് പോലീസ് അറസ്റ്റ് ചെയ്തത്. അതേസമയം, ട്രെയിനിന് നേരേ എറിഞ്ഞത് കല്ല് അല്ലെന്നും പൈപ്പ് കൊണ്ട് എറിഞ്ഞുകളിക്കുന്നതിനിടെ അബദ്ധത്തില്‍ പൈപ്പ് ട്രെയിനില്‍ തട്ടിയതാണെന്നുമാണ് പ്രതിയുടെ മൊഴി. ട്രെയിനിന്റെ ചില്ല് തകര്‍ന്നത് കല്ല് കൊണ്ടുള്ള ഏറില്‍ അല്ലെന്ന് പോലീസും സ്ഥിരീകരിച്ചിട്ടുണ്ട്.
സുഹൃത്തുക്കള്‍ക്കൊപ്പം കളിക്കുന്നതിനിടെ സംഭവിച്ച പിഴവാണെന്നും മനഃപൂര്‍വ്വം ട്രെയിനിന് നേരേ പൈപ്പ് എറിഞ്ഞതല്ലെന്നുമാണ് റിസ്വാന് പോലീസിനോട് പറഞ്ഞിട്ടുള്ളത്. സുഹൃത്തുക്കള്‍ക്കൊപ്പം സംസാരിച്ചിരിക്കുന്നതിനിടെ തമാശയ്ക്ക് പൈപ്പ് കൊണ്ട് മരത്തിന് നേരേ എറിഞ്ഞിരുന്നു. ഇത് ഉന്നംതെറ്റി ട്രെയിനില്‍ തട്ടിയതാണെന്നും റിസ്വാന്റെ മൊഴിയിലുണ്ട്. പ്രതിയെ അറസ്റ്റ് രേഖപ്പെടുത്തിയശേഷം സ്റ്റേഷന് ജാമ്യത്തില്‍ വിട്ടയച്ചു.


