മലപ്പുറം: പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്ക് സ്കൂട്ടര്‍ ഓടിക്കാന്‍ നല്കിയ യുവാവിന് തടവും ശിക്ഷയും വിധിച്ച് കോടതി. അയല്‍വാസിയായ 17കാരനാണ് യുവാവ് വണ്ടി ഓടിക്കാനായി നല്‍കിയത്. വെള്ളയൂര്‍ പൂങ്ങോട് ചെറുതുരുത്തി നൂറുദ്ദീനാണ് (40)മജിസ്ട്രേറ്റ് ശിക്ഷ വിധിച്ചത്. 30,250 രൂപ പിഴയും കോടതി പിരിയും വരെ തടവുമാണ് ശിക്ഷ വിധിച്ചത്.മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് യുവാവിന് ശിക്ഷ വിധിച്ചത്.
2022 നവംബര്‍ 12നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കാളികാവ് എസ്ഐ ടി കെ ജയപ്രകാശിന്റെ നേതൃത്വത്തിലുളള സംഘം വാഹന പരിശോധന നടത്തുന്നതിനിടെയാണ് സ്കൂട്ടറില്‍ പോകുകയായിരുന്ന 17കാരന് പിടിയിലായത്. വണ്ടൂരില്‍ നിന്ന് കാളികാവിലേക്ക് പോകുകയായിരുന്നു കുട്ടി. പൊലീസ് സംഘം സ്കൂട്ടര്‍ കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് കുട്ടിയെ സിവില്‍ പൊലീസ് ഓഫീസര്‍ക്കൊപ്പം വീട്ടിലേക്കയക്കുകയായിരുന്നു. തുടര്‍ന്നാണ് കേസ് കോടതിയിലെത്തിയത്.


