ചമ്രവട്ടം അഴിമതികേസില്‍ ഒരു വര്‍ഷമായിട്ടും ലഭിക്കാത്ത പ്രോസിക്യൂഷന് അനുമതി തേടി ഹര്ജിക്കാരന് ഹൈക്കോടതിയില്‍ ഹര്‍ജി നല്കി. മലപ്പുറം ജില്ലയിലെ ചമ്രവട്ടം റെഗുലേറ്റര്‍ കം ബ്രിഡ്ജിലേക്ക് അഞ്ചു അപ്രോച്ചു റോഡുകള്‍ നിര്‍മ്മിച്ച കേസിലെ അഴിമതി സംബന്ധിച്ച് FIR രജിസ്റ്റര്‍ ചെയ്തു കേസെടുക്കാന്‍ മുവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ നിന്നും ഒരു വര്‍ഷം മുന്‍പ് ലഭിച്ച ഉത്തരവിന് നാളിതുവരെയായി സംസ്ഥാന സര്‍ക്കാരില്‍ നിന്നും പ്രോസിക്യൂഷന് അനുമതി ലഭിക്കുന്നില്ലെന്ന് ചൂണ്ടികാട്ടിയാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.
കഴിഞ്ഞ UDF സര്‍ക്കാരിന്റെ കാലത്തു മുന്‍ പൊതു മരാമത്തു വകുപ്പ് മന്ത്രി VK ഇബ്രാഹിംകുഞ്ഞിന്റെ ബിനാമികള്‍ക്ക് 35കോടി രൂപയ്ക്ക് ചമ്രവട്ടത്തിലെ അഞ്ചു റോഡുകളുടെ നിര്‍മ്മാണ കരാര്‍ നല്‍കിയതില്‍ കോടികളുടെ അഴിമതിയാണെന്ന് ചൂണ്ടികാട്ടി പൊതു പ്രവര്‍ത്തകനായ കളമശ്ശേരി സ്വദേശി ഗിരീഷ്ബാബുവാണ് മുവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ ഹര്‍ജി നല്‍കിയത്. CMP1692/2017 നമ്പര്‍ പ്രകാരം നല്കിയ ഹര്‍ജിയില്‍ നടത്തിയ ത്വരിത പരിശോധനയില്‍ അഴിമതി ബോധ്യപ്പെട്ട കോടതി FIR രജിസ്റ്റര്‍ ചെയ്തു തുടര്‍നടപടികള്‍ സ്വികരിക്കാന്‍ ഉത്തരവിട്ടു.
എറണാകുളം വിജിലന്‍സ് യൂണിറ്റ് Dyspക്ക് ഈ കേസിന്റെ തുടര്‍ അന്വേഷണ ചുമതല നല്കി കൊണ്ട് 16/9/2019 നാണ് വിജിലന്‍സ് കോടതി ഉത്തരവിട്ടത്. അഴിമതി നിരോധന നിയമത്തിലെ sec. 17(a) പ്രകാരം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കൂടി പ്രതിയായ അഴിമതി കേസില്‍ വിജിലന്‍സിന് തുടര്‍നടപടികള്‍ സ്വികരിക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രോസിക്യൂഷന് അനുമതി വേണം. കേസില്‍ തുടര്‍ നടപടി സ്വികരിക്കാന്‍ സര്‍ക്കാര്‍ അനുമതി തേടി വിജിലന്‍സ് dysp 25/10/2019ല്‍ അപേക്ഷ നല്‍ക്കിയിട്ടും ഇതുവരെ സര്‍ക്കാര്‍ അനുമതി നല്‍കിയില്ലെന്ന് 25/9/2020 ന് എറണാകുളം വിജിലന്‍സ് Dysp മുവാറ്റുപുഴ വിജിലന്‍സ്കോടതിയില്‍ നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.
മുവാറ്റുപുഴ വിജിലന്‍സ് കോടതി FIR രജിസ്റ്റര്‍ ചെയ്തു അന്വേഷണം നടത്താന്‍ ഉത്തരവ് ഇട്ടത്തിന് 16/10/2020 ന് ഒരു വര്‍ഷം തികയുകയാണ്. പാലാരിവട്ടം മേല്‍ പാലം അഴിമതിക്കേസില്‍ ഒന്നാം പ്രതിയായി ജയിലില്‍ കിടന്ന TO സൂരജ് ആണ് ഈ കേസിലും ഒന്നാം പ്രതി എന്നിട്ടും പോലും ഇതുവരെ ആയിട്ട് ഈ കേസില്‍ സര്‍ക്കാര്‍ പ്രോസിക്യൂഷന് അനുമതി നല്‍കിയിട്ടില്ല. TO. സൂരജ് ഒന്നാം പ്രതിയായ ഈ കേസില്‍ FIR രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയാല്‍ മുന്‍ പൊതുമരാമത്തു വകുപ്പ് മന്ത്രി VK ഇബ്രാഹിം കുഞ്ഞ് ഈ കേസിലും പ്രതിയാകും.
മുസ്ലിം ലീഗ് നേതാവും കളമശ്ശേരി നിയോജക മണ്ഡലം MLA കൂടിയായ VK ഇബ്രാഹിംകുഞ്ഞിനെ സംരക്ഷിക്കാനായിട്ടാണ് പിണറായി വിജയന്റെ LDF സര്‍ക്കാര്‍ ഈ കേസില്‍ പ്രോസിക്യൂഷന് അനുമതി കൊടുക്കാതെ ഈ കേസിന്റെ ഫയല്‍ മുക്കിവെച്ചിരിക്കുന്നു വെന്നതാണ് ഹര്‍ജിക്കാരന്റെ ആരോപണം.


