കോഴിക്കോട്: കൊയിലാണ്ടിയില്‍ സിപിഎം ലോക്കല്‍ സെക്രട്ടറി പി.വി. സത്യനാഥൻ കൊല്ലപ്പെട്ട സംഭവത്തില്‍ അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിക്കുമെന്ന് പോലീസ്.
ആക്രമണത്തിന് ഉപയോഗിച്ച ആയുധമെന്തെന്ന് കണ്ടെത്താന്‍ സംഭവസ്ഥലത്ത് പരിശോധന തുടരുമെന്നും പോലീസ് അറിയിച്ചു.
കൊയിലാണ്ടി പെരുവട്ടൂർ ചെറിയപുറം ക്ഷേത്രോത്സവത്തിനിടെയാണ് സത്യനാഥനെ വെട്ടിക്കൊലപ്പെടുത്തിയത്. സംഭവത്തില്‍ സിപിഎം മുൻ ബ്രാഞ്ച് കമ്മിറ്റി അംഗം അഭിലാഷിനെ ആണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
കൊലപാതകം വ്യക്തിവിരോധം തീര്‍ക്കാനെന്ന് പ്രതി അഭിലാഷ് മൊഴി നല്‍കിയതായി പോലീസ് അറിയിച്ചിരുന്നു. പാര്‍ട്ടിക്ക് അകത്തുണ്ടായ തര്‍ക്കങ്ങളില്‍ തന്നോട് സ്വീകരിച്ച നിലപാടാണ് കൊലപാതകത്തിലേക്ക് നയിച്ചത്. സംഭവത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്നും തനിച്ചാണ് കൊല നടത്തിയതെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞു.


