കോഴിക്കോട്: ട്രെയിന്‍ യാത്രക്കാരിയുടെ ഷാള്‍ ഊരി പരിശോധന നടത്തിയ ശേഷം ഷാള്‍ ഊരിക്കൊണ്ടുപോയെന്ന് പരാതി. ബാലുശ്ശേരി ചളുക്കില്‍ നൗഷത്തിനാണ് ഇത്തരത്തില്‍ ദുരനുഭവമുണ്ടായത്. തുടര്‍ന്ന് ഇന്ത്യന്‍ റെയില്‍വേക്കും കേന്ദ്ര റെയില്‍വെ മന്ത്രിക്കും മുഖ്യമന്ത്രിക്കുമാണ് പരാതി നല്‍കിയത്.
തലശ്ശേരിയില്‍ നിന്ന് കൊയിലാണ്ടിയിലേക്ക് യാത്ര പോവുന്നതിനായി മെമു ട്രെയിനാണ് ബുക്ക് ചെയ്തിരുന്നത്. എന്നാല്‍ യുവതി ട്രെയിന്‍ മാറി ഇന്റര്‍സിറ്റി എക്സ്പ്രസിലാണ് കയറിയത്. എന്നാല്‍ ട്രെയിനിന് കൊയിലാണ്ടിയില്‍ സ്റ്റോപ്പുണ്ടായിരുന്നില്ല. തുടര്‍ന്ന് യുവതി കോഴിക്കോട് ഇറങ്ങുകയായിരുന്നു. ഈ സമയം ടിക്കറ്റ് പരിശോധന നടത്താനെത്തിയ ഉദ്യോഗസ്ഥ മോശമായി പെരുമാറുകയായിരുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്.
ആദ്യമായാണ് യുവതി ഒറ്റക്ക് ട്രെയിന്‍ യാത്ര ചെയ്യുന്നത്. ഇതില്‍ പരിഭ്രാന്തിയിലായിരുന്നുവെന്നും ഉദ്യോഗസ്ഥ മര്യാദ കാണിച്ചില്ലെന്നും പരാതിയില്‍ പറയുന്നുണ്ട്. ചുരിദാറിന്റെ ഷാള്‍ ഊരിക്കൊണ്ടുപോയി ആള് കൂട്ടത്തിനിടയില്‍ അപമാനിച്ചെന്നും രണ്ട് മണിക്കൂര്‍ കഴിഞ്ഞതിനു ശേഷമാണ് ഷാള്‍ തിരികെ നല്‍കിയതെന്നും പരാതിയില്‍ പറയുന്നു. പിഴയടക്കാമെന്ന് പറഞ്ഞിട്ടും തന്നെ മാനസികമായി തന്നെ പീഡിപ്പിച്ചെന്നും പരാതിയില്‍ പറയുന്നുണ്ട്.


