കോഴിക്കോട് : കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐസിയുവില്‍ കിടന്ന രോഗിയെ പീഡിപ്പിച്ച കേസില്‍ അതിജീവിതയുടെ മൊഴി രേഖപ്പെടുത്തിയതില്‍ ഡോക്ടര്‍ക്ക് വീഴ്ചയില്ലെന്ന് അന്വേഷണറിപ്പോര്‍ട്ട്. അതിജീവിത പറഞ്ഞ മുഴുവന്‍ കാര്യങ്ങളും വൈദ്യപരിശോധന നടത്തിയ ഡോക്ടര്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നും ഡോക്ടര്‍ക്കെതിരെ കേസെടുക്കേണ്ടതില്ലെന്നും എസിപി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.തൈറോയ്ഡ് ശസ്ത്രക്രിയയ്ക്ക് വിധേയായ യുവതി മാര്‍ച്ച് 18 നാണ് ഐസിയുവില്‍ പീഡനത്തിനിരയായത്.
ഗൈനക്കോളജി വിഭാഗത്തിലെ ഡോ.പ്രീതിയാണ് അതിജീവിതയെ വൈദ്യപരിശോധന നടത്തിയത്. താന്‍ പറഞ്ഞ മൊഴി ഡോക്ടര്‍ പൂര്‍ണമായും രേഖപ്പെടുത്തിയില്ലെന്നും ശരിയായ വൈദ്യപരിശോധന നടത്താതെ പ്രതികളെ സഹായിക്കുന്ന സമീപനമാണ് ഡോക്ടര്‍ സ്വീകരിച്ചതെന്നുമാണ് അതിജീവിത സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് നല്കിയ പരാതി.
എന്നാല്‍ ആരോപണം അടിസ്ഥാന രഹിതമാണന്നാണ് അന്വേഷണം നടത്തിയ മെഡിക്കല്‍ കോളജ് എസിപി കെ സുദര്‍ശന്റെ കണ്ടെത്തല്‍. സംഭവം നടന്നതിന് പിന്നാലെ അതിജീവിത പറഞ്ഞ കാര്യങ്ങള്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സ് ഡെയ് ലി ഇന്‍സിഡന്റ് റജിസ്റ്ററില്‍ എഴുതി വച്ചിരുന്നു. അതേ കാര്യങ്ങള്‍ തന്നെയാണ് അതിജീവിത ഡോക്ടറോടും പറഞ്ഞതെന്ന് വ്യക്തമായി.പറഞ്ഞ കാര്യങ്ങളെല്ലാം ഡോക്ടര്‍ റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുമുണ്ട്.
മാത്രമല്ല, മെഡിക്കല്‍ കോളജിലെ അമ്മയും കുഞ്ഞും വിഭാഗത്തിലെ ഡോക്ടറായ പ്രീതിക്ക് മറ്റൊരു വിഭാഗത്തിലുള്ള പ്രതിയായ അറ്റന്‍ഡറേയോ ജീവനക്കാരേയോ രക്ഷിക്കേണ്ട ആവശ്യമില്ലെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. കേസില്‍ പ്രതിയായ അറ്റന്‍ഡര്‍ ശശീന്ദ്രനെതിരെയും അതിജീവിതയെ ഭീഷണിപ്പെടുത്തിയ അഞ്ച് ജീവനക്കാര്‍ക്കെതിരെയും പൊലീസ് നേരത്തെ കുന്നമംഗലം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്. മെഡിക്കല്‍ വിദ്യാഭ്യാസവകുപ്പും സര്‍ക്കാരിന് റിപ്പോര്‍ട്ട് കൈമാറിയിട്ടുണ്ട്.