ഇടുക്കി: അരിക്കൊമ്പനിനി പെരിയാര്‍ കടുവ സങ്കേതത്തിലെ ഉള്‍വനത്തില്‍. നീണ്ട പരിശ്രമങ്ങള്‍ക്കൊടുവില്‍ ചിന്നക്കനാലില്‍ നിന്നും പിടികൂടിയ കൊമ്പനെ കുമളിയിലെ സീനിയറോട വനമേഖലയിലാണ് തുറന്നുവിട്ടത്. വനം വകുപ്പ് ജീവനക്കാര്‍ പൂജയോടെയാണ് കൊമ്പന് സ്വീകരണം നല്‍കിയത്. ഉള്‍വനത്തിലായതിനാല്‍ ജനവാസ മേഖലയിലേക്ക് അരിക്കൊമ്പന് എത്തില്ലെന്നാണ് കണക്കുകൂട്ടല്‍. അരിക്കൊമ്പന് ഘടിപ്പിച്ചിട്ടുള്ള റേഡിയോ കോളറില്‍ നിന്നും ലഭിക്കുന്ന സിഗ്നലുകള്‍ വഴി നിരീക്ഷിക്കാന്‍ കഴിയും. ഇതിനുള്ള ക്രമീകരണങ്ങള്‍ വനംവകുപ്പ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പെരിയാര്‍ കടുവ സങ്കേതത്തിലെ വെറ്റിനറി ഡോക്ടറുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇനി അരിക്കൊമ്പനെ നിരീക്ഷിക്കുന്നത്. രാത്രി 12 മണിയോടെയാണ് അരിക്കൊമ്പനുമായി സംഘം കുമളിയിലെത്തിയത്. ഇതിന് മുന്നോടിയായി കുമളി പഞ്ചായത്തില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.


