എല്‍ഡിഎഫിന് കരുത്തുള്ള മേഖലയായ മേലുകാവില്‍ സിപിഐയുടെ നിലപാടുകളില്‍ പ്രതിഷേധിച്ച് അമ്പതോളം കുടുംബങ്ങള്‍ സിപിഎമ്മില്‍ ചേര്‍ന്നു. സാമ്പത്തിക ക്രമക്കേടിന്റെ പേരില്‍ പ്രാദേശിക നേതാവിനെതിരെ നടപടിയെടുത്തതിനാലാണ് ഇവര്‍ പാര്‍ട്ടി വിട്ടതെന്നാണ് സിപിഐയുടെ വിശദീകരണം.
സിപിഐയുടെ കെട്ടിട വാടക നല്‍കാതെ, പ്രാദേശിക നേതാവായ റെജിക്കെതിരെ ക്രമക്കേട് കണ്ടെത്തി എന്ന് പാര്‍ട്ടി കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് റെജിയെ പുറത്താക്കിയത്. ഇതോടെ റെജിയും അദ്ദേഹത്തെ അനുകൂലിക്കുന്ന 50 ഓളം കുടുംബങ്ങളും സിപിഐ വിട്ടു. പുറത്ത് വന്നവരെ സ്വീകരിക്കാന്‍ സിപിഎം തയ്യാറായി. ഇതോടെയാണ് പുതിയ പ്രശ്നങ്ങള്‍ ഉടലെടുത്തിരിക്കുന്നത്. വലിയ സ്വീകരണം ഒരുക്കി സിപിഐ വിട്ടവരെ സിപിഎം സ്വീകരിച്ചതോടെ മുന്നണിക്ക് തന്നെ ഇത് തിരിച്ചടിയായി. കഴിഞ്ഞ ദിവസം നടന്ന പരിപാടിയില്‍ 35 കുടുംബങ്ങളാണ് സിപിഐ വിട്ട് സിപിഎമ്മില്‍ ചേര്‍ന്നത്. കൂടുതല്‍ കുടുംബങ്ങള്‍ ഉടന്‍ സിപിഎമ്മിലേക്ക് എത്തുമെന്നും നേതൃത്വം അറിയിച്ചു.
അതേസമയം യുഡിഎഫിന്റെ ശക്തികേന്ദ്രമായ പാല നിയോജക മണ്ഡലത്തില്‍ എല്‍ഡിഎഫിന് കരുത്തുള്ള ഒരേ ഒരു മേഖലയാണ് മേലുകാവ്. പാല ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് കരുത്ത് പകര്‍ന്ന പ്രദേശങ്ങളിലൊന്നാണ് ഇവിടം. സിപിഐക്കുള്ളില്‍ ഉടലെടുത്ത പ്രശ്നങ്ങള്‍ നിലവില്‍ എല്‍ഡിഎഫിന്റെ കെട്ടുറപ്പിനെ ബാധിച്ചിരിക്കുകയാണ്. ഇത് വരും തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് വലിയ തിരിച്ചടിയാകും.
റെജി അടക്കമുള്ളവര്‍ യാതൊരു ക്രമക്കേടും നടത്തിയിട്ടില്ലെന്നാണ് സിപിഎം നേതാക്കള്‍ പറയുന്നത്. സംസ്ഥാനത്തിന്റെ പൊതു പ്രശ്നങ്ങളില്‍ അടക്കം സിപിഐ എടുക്കുന്ന നിലപാടുകളില്‍ എതിര്‍പ്പ് ഉന്നയിച്ചവരാണ് സിപിഐ വിട്ട് സിപിഎമ്മില്‍ ചേര്‍ന്നിരിക്കുന്നത്. പിണറായി വിജയന് സര്‍ക്കാരിന്റെ മികച്ച പ്രവര്‍ത്തനങ്ങളാണ് ഇവരെ പാര്‍ട്ടിയിലേക്ക് എത്തിച്ചതെന്നാണ് സിപിഎം നേതാക്കള്‍ പറയുന്നത്.


