ഒരു വര്‍ഷം മുന്‍പ് വിവാഹിതയായ യുവതിയെ ഭര്‍ത്തൃവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ക്രൂര മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്. കൊല്ലം നിലമേല്‍ കൈതോട് സ്വദേശിനി എസ്് വിസ്മയയെ ശൂരനാട് പോരുവഴിയിലെ ഭര്‍ത്തൃവീട്ടിലാണ് തൂങ്ങി മരിച്ചതായി കണ്ടത്. സ്ത്രീധനത്തെച്ചൊല്ലിയുളള കൊലപാതകമാണെന്ന് ആരോപിച്ച് യുവതിയുടെ വീട്ടുകാര്‍ വിസ്മയയ്ക്ക് മര്‍ദനമേറ്റ ചിത്രങ്ങളും സന്ദേശങ്ങളും പുറത്തു വിട്ടു.
ഭര്‍ത്തൃവീട്ടിലെ മര്‍ദനത്തെക്കുറിച്ച് ഇന്നലെ വിസ്മയ സഹോദരന് അയച്ച വാസ്ട്ആപ്പ് സന്ദേശങ്ങളാണിത്. കൂടാതെ ക്രൂര മര്‍ദനത്തിന്റെ ചിത്രങ്ങളും. മുഖത്തും കൈകളിലും മുറിവേറ്റതിന്റെ പാടുകള്‍. ഇതിനു പിന്നാലെ ഇന്ന് പുലര്‍ച്ചെയാണ് വിസ്മയയുടെ മരണം. നിലമേല്‍ കൈതോട് കുളത്തിന്‍കര മേലേതില്‍ പുത്തന്‍വീട്ടില്‍ ത്രിവിക്രമന്‍നായരുടെയും സജിതയുടെയും മകള്‍ എസ്.വി. വിസ്മയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് ആരോപണം.
ശൂരനാട് പോരുവഴി അമ്പലത്തുഭാഗം ചന്ദ്രവിലാസത്തില്‍ എസ്. കിരണ്‍കുമാറിന്റെ ഭാര്യയാണ്. കിരണിന്റെ വീട്ടിലെ ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയിലാണ് വിസ്മയയെ കണ്ടത്. സ്ത്രീധനത്തെച്ചൊല്ലിയുളള മര്‍ദനവും കൊലപാതകവുമാണെന്നാണ് വിസ്മയയുടെ ബന്ധുക്കളുടെ പരാതി.
ശൂരനാട് പൊലീസാണ് കേസന്വേഷിക്കുന്നത്. ഭര്‍ത്തൃവീട്ടുകാരുടെ മൊഴിയും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും നിര്‍ണായകമാകും. കേസെടുത്തതായും റൂറല്‍ എസ്പിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായും വനിതാകമ്മിഷന് അംഗം ഷാഹിതാ കമാല്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം മേയ് 31 നായിരുന്നു വിസ്മയയുടെയും മോട്ടര്‍ വാഹനവകുപ്പിലെ ഉദ്യോഗസ്ഥനായ കിരണിന്റെയും വിവാഹം.


