വൈക്കം : ബോട്ടുകളുടെ എണ്ണം കുറഞ്ഞ തോടെ സർവ്വീസുകൾ വെട്ടി കുറച്ച വൈക്കത്തെ പൊതു ജലഗതാഗത സംവിധാനം താറുമാറായി. വൈക്കം-തവണക്കടവ് ബോട്ട് സര്‍വീസാണ് പ്രതിസന്ധിയിലായത്. ഇതോടെ പ്രതിഷേധവുമായി ജനങ്ങള്‍ രംഗത്തെത്തി. സമയത്ത് ബോട്ട് കിട്ടാത്തതിനെ തുടര്‍ന്ന് സ്ത്രീകളുക്കമുള്ള യാത്രക്കാർ ദുരിതത്തിലാണ്. സോളാര്‍ ബോട്ട് ഉള്‍പ്പെടെ നാല് ബോട്ടുകളാണ് വൈക്കം-തവണക്കടവ് ജലപാതയില്‍ സര്‍വീസ് നടത്തിയിരുന്നത്.
ആഴ്ചകള്‍ക്ക് മുമ്പ് ഒരു ബോട്ട് അറ്റകുറ്റപ്പണിക്കായി കൊണ്ടുപോയതോടെയാണ് യാത്രാപ്രതിസന്ധി തുടങ്ങിയത്. ബോട്ടുകള്‍ താമസിക്കുകയും സമയത്ത് എത്താതാകുകയുംചെയ്തതോടെ യാത്രക്കാരുടെ ദുരിതം വര്‍ധിച്ചു.
സര്‍ക്കാര്‍, സ്വകാര്യമേഖലയില്‍ ജോലിചെയ്യുന്നവര്‍ക്കും തൊഴിലാളികള്‍ക്കും സമയത്ത് ജോലിക്ക് എത്താന്പറ്റാതായി. പുലര്‍ച്ചെ 5.30-മുതല്‍ രാത്രി 9.40-വരെയാണ് ബോട്ടുകള്‍ സര്‍വീസ് നടത്തുന്നത്. സോളാര്‍ ബോട്ടിന്റെ സര്‍വീസ് വൈകീട്ട് ആറ് മണിയോടെ അവസാനിപ്പിക്കും.
പിന്നീട് 20 മിനിറ്റ് വ്യത്യാസത്തില്‍ രണ്ട് ബോട്ടുകള്‍ മാത്രമാണ് സര്‍വീസ് നടത്തുന്നത്. ഈ ബോട്ടുകളില്‍ കയറി അക്കരെ ഇക്കരെ എത്തുന്നവര്‍ക്ക് ലക്ഷ്യസ്ഥാനത്തേക്ക് പോകുവാനുള്ള ബസുകള്‍ കിട്ടാതായി. ടാക്സി വാഹനങ്ങളെ ആശ്രയിക്കേണ്ട ഗതികേടിലാണ്.
നാല് ബോട്ടുകള്‍ ഓടിയിരുന്നപ്പോള്‍ 150-ല്‍പ്പരം സര്‍വീസുകളാണ് നടത്തിയിരുന്നത്. വെള്ളിയാഴ്ച 108 സര്‍വീസുകളാണ് നടത്തിയത്. ദിനംപ്രതി 7000 മുതല്‍ 8000 ആളുകള്‍ വരെ ബോട്ടുകളെ ആശ്രയിച്ച് യാത്രചെയ്യുന്നുണ്ടെന്ന് ബോട്ട് ജീവനക്കാര്‍ പറഞ്ഞു.
അറ്റകുറ്റപ്പണിക്കായി കൊണ്ടുപോയ ബോട്ട് അടുത്ത ആഴ്ച എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വൈക്കം സ്റ്റേഷന്മാസ്റ്റര് കെ.ജി.ആനന്ദന്. യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുകള്‍ ഉണ്ടാകാത്ത തരത്തിലാണ് സര്‍വീസുകള്‍ ക്രമീകരിച്ചിരിക്കുന്നതെന്നും അദ്ധേഹം പറഞ്ഞു.
വേഗ വരുമോ? ഉറപ്പില്ലാതെ അധികൃതർ
:വൈക്കത്തുനിന്ന് എറണാകുളത്തേക്ക് ആരംഭിച്ച ‘വേഗ 120’ സൂപ്പര്‍ഫാസ്റ്റ് ബോട്ട് വൈക്കത്തുനിന്ന് പോയിട്ട് ഒരു വര്‍ഷത്തിലേറെയായി. അറ്റകുറ്റപ്പണി നടത്താനെന്ന് പറഞ്ഞാണ് ബോട്ട് കൊണ്ടുപോയത്. എന്നാല്‍, മൂന്ന് മാസം കൊച്ചിയില്‍ ഷട്ടില്‍ സര്‍വീസ് നടത്തി. 2022 മാര്‍ച്ച് മാസത്തോടെ പള്ളിപ്പുറത്തെ യാര്‍ഡില്‍ അറ്റകുറ്റപ്പണിക്കായി എത്തിച്ചെങ്കിലും ഇതുവരെ പണികള്‍ തീര്‍ത്ത് സര്‍വീസ് പുനരാരംഭിച്ചിട്ടില്ല. എന്ജിന് മാറ്റുന്ന ജോലികളാണ് നടത്തുന്നത്. അതുകഴിഞ്ഞ് വൈക്കത്ത് സര്‍വീസ് നടത്തുമോ ഇല്ലയോ എന്ന് ഉറപ്പുനല്‍കാന്‍ ജലഗതാഗതവകുപ്പ് ഉദ്യോഗസ്ഥര്‍ക്കും കഴിയുന്നില്ല.


