ഓൺലൈൻ പഠന ക്ലാസ് ഗ്രൂപ്പിൽ സ്കൂള്‍ അശ്ലീല വീഡിയോ ഇട്ട അധ്യാപകനെ അറസ്റ്റ് ചെയ്തു. മരുതമൺപള്ളി സ്വദേശി മനോജ് കെ.മാത്യു (45) വാണ് അശ്ലീല വീഡിയോ ഗ്രൂപ്പില്‍ ഇട്ടത്. സ്കൂൾ അധികൃതരുടെ പരാതിയുടെ അടിസ്ഥാനത്തിൽ അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു.
ഓയൂർ ചുങ്കത്തറ വെളിനല്ലൂർ ഇ.ഇ.ടി.യു.പി.സ്കൂളിലെ അഞ്ചാം ക്ലാസ് ഓൺലൈൻ പഠനഗ്രൂപ്പിലാണ് സ്കൂളിലെ തന്നെ അധ്യാപകൻ വീഡിയോ ഇട്ടത്. ചൊവ്വാഴ്ച രാവിലെ 11 മണിയോടായിരുന്നു സംഭവം. കുട്ടികൾ വീട്ടിൽ രക്ഷാകർത്താക്കൾക്കൊപ്പം മലയാളം പഠന ക്ലാസിൽ പങ്കെടുക്കുകയായിരുന്നു. വീഡിയോ കണ്ടയുടന്‍ രക്ഷിതാക്കൾ ഉടൻ സ്കൂൾ പ്രഥമാധ്യാപികയെ വിവരമറിയിച്ചു. തുടർന്ന് പ്രഥമാധ്യാപിക ബന്ധപ്പെട്ട അധ്യാപകനെ വിളിക്കുകയും വിശദീകരണം ആവശ്യപ്പെടുകയായിരുന്നു. തന്റെ ഫോണിൽനിന്നാണ് വീഡിയോ വന്നതെന്നും എന്നാൽ താനല്ല ഇത് ചെയ്തതെന്നും അധ്യാപകൻ വിശദീകരണം നൽകി.
തന്റെ സുഹൃത്ത് താനറിയാതെ ഫോൺ ഉപയോഗിച്ചപ്പോൾ അറിയാതെ ഗ്രൂപ്പിലേക്ക് വീഡിയോ ഫോർവേഡ് ആയതാണെന്നും സംഭവത്തിൽ ക്ഷമ ചോദിക്കുന്നെന്നും അധ്യാപകൻ വിശദീകരണം നൽകിയതായി പ്രഥമാധ്യാപിക പറഞ്ഞു. സംഭവം വിവാദമായതോടെ സ്കൂളിൽ അധ്യാപകയോഗം വിളിച്ചു. തുടർന്ന് സ്കൂൾ അധികൃതർ വെളിയം എ.ഇ.ഒ.യ്ക്കും സ്കൂൾ മാനേജർക്കും റിപ്പോർട്ട് നൽകി.


