കാസർകോട് : പെരിയാട്ടടുക്കത്ത് മുഖ്യമന്ത്രിയെത്തുന്ന പാർട്ടി പരിപാടിക്ക് വേദിയൊരുക്കാൻ വഴിയരികിലെ മരങ്ങൾ സി പി എം പ്രവർത്തകർ മുറിച്ചെന്ന് നാട്ടുകാർ. അനുമതിയില്ലാതെ പൊതുമരാമാത്ത് വകുപ്പിന്റെ ഉടമസ്ഥതയിലുള്ള അഞ്ച് തണൽ മരങ്ങളാണ് മുറിച്ചു മാറ്റിയത്. സിപിഎം പനയാൽ ലോക്കൽ കമ്മറ്റി ഓഫീസ് ഉദ്ഘാടനത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ പെരിയാട്ടടുക്കത്തെത്തുന്നത് ഈ മാസം ഇരുപത്തിമൂന്നിനാണ്.
മുഖ്യമന്ത്രിക്ക് വേദിയൊരുക്കാൻ ടൗണിൽ സ്ഥലമില്ലാതെ വന്നത്തോടെയാണ് വഴിയരികിലെ തണൽ മരങ്ങൾ മുറിച്ചത് . വനം വകുപ്പിന്റെയോ പഞ്ചായത്തിന്റെയോ അനുമതിയില്ലാതെയാണ് മരങ്ങൾ മുറിച്ചതെന്നാണ് നാട്ടുകാര്‍ പറയുന്നത്.എന്നാല്‍ വഴിയരികിൽ വൈദ്യുതി ലൈനിനോട് ചേർന്ന് അപകടവസ്ഥയിൽ വളർന്നതോടെയാണ് മരങ്ങൾ മുറിച്ചതെന്നാണ് സി പി എമ്മിന്റെ വിശദീകരണം. സംഭവത്തിൽ ഇതുവരെ നടപടിയെടുക്കാൻ പൊതുമരാമത്ത് വകുപ്പോ, പഞ്ചായത്തോ തയാറായിട്ടില്ല.


