ഇടുക്കി: അരിക്കൊമ്പന് ദൗത്യം ലക്ഷ്യം കാണുംവരെ തുടരുമെന്ന് മൂന്നാര്‍ ഡിഎഫ്ഒ. ഇന്നത്തെ ദൗത്യം രാവിലെ എട്ട് മണിക്ക് തന്നെ ആരംഭിച്ചു. ട്രാക്കിങ് ടീം പുലര്‍ച്ചെ മുതല്‍ തന്നെ അരിക്കൊമ്പനെ നിരീക്ഷിക്കുകയാണ്. ഇന്നു നടന്നില്ലങ്കില്‍ നാളെയും മറ്റന്നാളും ശ്രമം നടത്തും. ആനയെ കണ്ടെത്താത്തതിനാലാണ് ഇന്നലെ ദൗത്യം നിര്‍ത്തി വെച്ചതെന്നും ഡിഎഫ്ഒ അറിയിച്ചു.
ഇന്നലെ രാവിലെ നാല് മണിക്ക് ആരംഭിച്ച അരിക്കൊമ്പന് ദൗത്യമാണ് നിര്‍ത്തിവെച്ചത്. ജിപിഎസ് കോളര്‍ ബേസ് ക്യാമ്പില്‍ തിരിച്ചെത്തിച്ചിരുന്നു. മണിക്കൂറുകളോളം തിരച്ചില്‍ നടത്തിയിട്ടും അരിക്കൊമ്പനെ കണ്ടെത്താനായിരുന്നില്ല. ചിന്നക്കനാലിലെ സിമന്റ് പാലത്തിന് സമീപം ആനക്കൂട്ടത്തെ കണ്ടിരുന്നെങ്കിലും അക്കൂട്ടത്തില്‍ അരിക്കൊമ്പനില്ല എന്ന് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് ദൗത്യം നിര്‍ത്തിവെച്ചത്.
അരിക്കൊമ്പനെ പിടിക്കുന്നതിനായി പടക്കം പൊട്ടിച്ച് ആനകളെ ഒറ്റപ്പെടുത്താനുളള ശ്രമവും വിജയിച്ചിരുന്നില്ല. ഇതിന് ശേഷമാണ് കൊമ്പനെ കാണാതായത്. അരിക്കൊമ്പനൊപ്പം കുട്ടിയാനകളടക്കമുളള കൂട്ടവുമുണ്ട്, പടക്കം പൊട്ടിച്ചിട്ടും അരിക്കൊമ്പനെ ഒറ്റപ്പെടുത്താന്‍ കഴിഞ്ഞില്ല, ആന നില്‍ക്കുന്നത് വാഹനമെത്താന്‍ ബുദ്ധിമുട്ടുളള സ്ഥലത്താണ് എന്നതും ദൗത്യം നീളാന്‍ കാരണമായെന്നാണ് വിലയിരുത്തല്‍.


