തൊടുപുഴ: മൂന്നാറില്‍ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി.വര്‍ഗീസ്. കെട്ടിടങ്ങള്‍ പൊളിക്കാനും അനുവദിക്കില്ല. കയ്യേറ്റങ്ങള്‍ കണ്ടെത്താന്‍ മാത്രമാണ് കോടതി നിര്‍ദേശിച്ചതെന്ന് ജില്ലാ സെക്രട്ടറി ചൂണ്ടിക്കാട്ടി. മൂന്നാറിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ ദൗത്യസംഘത്തെ നിയോഗിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണ്, എതിരഭിപ്രായവുമായി സിപിഎം ജില്ലാ സെക്രട്ടറി തന്നെ രംഗത്തെത്തിയത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ മൂന്നാറില്‍ ദൗത്യസംഘം അനിവാര്യമല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.’സ്റ്റോപ് മെമോ ലംഘിച്ച് മൂന്നാറില്‍ നിര്‍മാണം നടത്തിയവരുടെ വിവരങ്ങള്‍ തേടി മൂന്നാറില്‍ ഇപ്പോള്‍ ദൗത്യസംഘത്തിന്റെ അനിവാര്യത ഇല്ലല്ലോ. അവിടെ ആരുടെയെങ്കിലും കയ്യേറ്റം ഒഴിപ്പിക്കാനല്ല കോടതി പറഞ്ഞത്.
ഈ പറഞ്ഞ പ്രദേശങ്ങളില്‍ മറ്റു മാര്‍ഗങ്ങളില്ലാതെ വീടുവച്ചും മറ്റും താമസിക്കുന്ന ആളുകളുണ്ടോയെന്നു പരിശോധിക്കാനാണ് കോടതി നിര്‍ദേശിച്ചത്. ആ പരിശോധനയ്ക്കായി വരുന്നവരാണോ ദൗത്യസംഘം? എല്ലാം ഇടിച്ചുപൊളിക്കുന്നതിനു വേണ്ടിയാണോ ദൗത്യസംഘം വരുന്നത്? അങ്ങനെയൊന്നുമില്ലല്ലോ. അതുകൊണ്ട് ഇടിച്ചുപൊളിക്കലൊന്നും നടക്കുന്ന കാര്യമല്ല. അവിടെ പൊളിക്കുന്ന പ്രശ്നമില്ലല്ലോ. നടക്കാത്ത ഒരു കാര്യത്തെക്കുറിച്ച് സംസാരിക്കുന്നത് എന്തിനാണ്?” – സി.വി.വര്‍ഗീസ് ചോദിച്ചു.മൂന്നാര്‍ മേഖലയിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ രണ്ടു ദിവസത്തിനകം പുതിയ ദൗത്യസംഘത്തിനു രൂപം നല്കി ഉത്തരവിറക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ഹൈക്കോടതിയെ അറിയിച്ചിരുന്നു.
മൂന്നാര്‍ മേഖലയില്‍ 310 കയ്യേറ്റങ്ങള്‍ കണ്ടെത്തിയതായും അതില്‍ 70 കേസുകളില്‍ അപ്പീല്‍ നിലവിലുണ്ടെന്നും സര്‍ക്കാര്‍ അറിയിച്ചിരുന്നു. അപ്പീലുകളില്‍ ജില്ലാ കലക്ടര്‍ രണ്ടു മാസത്തിനുള്ളില്‍ തീരുമാനമെടുക്കും. ശേഷിക്കുന്ന കേസുകളില്‍ കയ്യേറ്റങ്ങള്‍ സമയബന്ധിതമായി ഒഴിപ്പിക്കുകയാണ് ദൗത്യസംഘത്തിന്റെ ചുമതലയെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി. വീട് നിര്‍മിക്കാന്‍ ഒരു സെന്റില്‍ താഴെ മാത്രമാണ് ഭൂമി കയ്യേറിയിട്ടുള്ളതെങ്കില്‍ അതിനു പട്ടയം നല്കുന്ന കാര്യം പരിഗണനയിലുണ്ടെന്നും സര്‍ക്കാര്‍ വിശദീകരിച്ചു.