ഇടുക്കി: ചിന്നക്കനാലിൽ വീണ്ടും കാട്ടാന ആക്രമണം. ഒരാൾക്ക് പരുക്ക്. രാജാക്കാട് സ്വദേശി തയ്യിൽ ജോണിക്കാണ് ചക്കക്കൊമ്പൻ എന്ന കാട്ടാനയുടെ ആക്രമണത്തിൽ പരുക്കേറ്റത്. രാവിലെ തോട്ടത്തിലേക്ക് പോകുന്ന വഴി ചിന്നക്കനാൽ 80 ഏക്കറിന് സമീപത്തു വെച്ചാണ് ജോണിയെ ചക്കകൊമ്പൻ ആക്രമിച്ചത്. പരുക്കേറ്റ ജോണിയെ നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബൈക്കിൽ പോവുകയായിരുന്ന ജോണി റോഡിൽ ചക്കക്കൊമ്പൻ നിൽക്കുന്നതറിയാതെ തൊട്ടടുത്ത് എത്തുകയായിരുന്നു. പെട്ടന്ന് ഭയപ്പെട്ട ജോണി വാഹനത്തിൽ നിന്ന് മറിഞ്ഞു വീണു. കാട്ടാന തുമ്പികൈ കൊണ്ട് പരുതിയെങ്കിലും തിട്ടിന് താഴേക്ക് വീണതിനാൽ ജോണി രക്ഷപ്പെട്ടു.
നാട്ടുകാരും വനം വകുപ്പും ചേർന്നാണ് കാട്ടാനയെ തുരത്തിയത്. അതേസമയം അരിക്കൊമ്പനെ പിടിച്ചു മാറ്റുന്നതിനൊപ്പം നാട്ടിൽ പരിഭ്രാന്തി പരത്തി നാശം വിതയ്ക്കുന്ന ചക്കക്കൊമ്പനേയും മുറിവാലൻ കൊമ്പനേയും മയക്ക് വെടിവെച്ച് പിടിച്ച് മാറ്റണമെന്ന ആവശ്യവും നാട്ടുകാർ മുന്നോട്ടുവെയ്ക്കുന്നുണ്ട്


