ഇടുക്കി : നെടുങ്കണ്ടം കസ്റ്റഡി കൊലപാതക കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ഉന്നത ഉദ്യോ?ഗസ്ഥരിലേക്ക്. ഇടുക്കി മുന്‍ എസ് പി കെ ബി വേണുഗോപാലിനെ അന്വേഷണസംഘം ഉടന്‍ ചോദ്യം ചെയ്യും. എസ്പിയുടെ അറിവോടെയാണ് രാജ്കുമാറിനെ കസ്റ്റഡിയില്‍ സൂക്ഷിച്ചതെന്നു പ്രതികള്‍ അന്വേഷണ സംഘത്തോട് ആവര്‍ത്തിച്ചു. രാജ്കുമാറിനെ കസ്റ്റഡിയിലെടുത്ത ശേഷം ഈ വിവരം സ്റ്റേഷന് രേഖകളില്‍ രേഖപ്പെടുത്തരുതെന്ന് ഉന്നത ഉദ്യോഗസ്ഥന് നിര്‍ദേശിച്ചതായും കേസിലെ ഒന്നാംപ്രതിയായ മുന്‍ എസ്ഐ സാബു മൊഴി നല്‍കിയെന്നാണ് സൂചന. ഇതോടെ മുന്‍ എസ്പിയെ ചോദ്യം ചെയ്യാന്‍ അന്വേഷണസംഘം തീരുമാനിച്ചതായാണ് സൂചന.
കസ്റ്റഡിയിലുള്ള ഒന്നാം പ്രതിയായ നെടുങ്കണ്ടം മുന്‍ എസ് ഐ സാബുവുമൊത്ത് അന്വേഷണ സംഘത്തിന്റെ തെളിവെടുപ്പ് തുടരുന്നു. നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലുള്‍പ്പടെ എത്തിച്ചുള്ള തെളിവെടുപ്പിന് ശേഷം ക്രൈംബ്രാഞ്ച് ക്യാംപില്‍ പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്യുകയാണ്. അനധികൃത കസ്റ്റഡിയില്‍ സൂക്ഷിക്കാന്‍ നിര്‍ദേശിച്ചവര്‍ ആരൊക്കെ, ക്രൂര മര്‍ദനത്തിന് കാരണം, മര്‍ദന രീതികള്‍ തുടങ്ങിയവയില്‍ വ്യക്തത വരുത്തുക ലക്ഷ്യം വെച്ചാണ് തെളിവെടുപ്പും ചോദ്യം ചെയ്യലും നടത്തുന്നത്. മുന്‍ എസ് ഐ കെ.എ സാബുവിന്റെ കസ്റ്റഡി കാലാവധി ഇന്ന് വൈകുന്നേരം 6 മണിക്ക് അവസാനിക്കും.
കൊല്ലപ്പെട്ട രാജ്കുമാറിനെയും, ഹരിത ഫിനാന്‍സ് തട്ടിപ്പ് കേസിലെ രണ്ടും മൂന്നും പ്രതികളായ ശാലിനിയെയും, മഞ്ജുവിനെയും ഉപദ്രവിച്ച വനിതാ പൊലീസുകാര്‍ക്കെതിരെയും ക്രൈംബ്രാഞ്ച് കേസ് എടുത്തേക്കും. ശാലിനിയുടെ ശരീരത്തില്‍ കാന്താരി മുളക് തേച്ച് മര്‍ദിച്ചതിനാണ് പൊലീസുകാരിയെ പ്രതിയാക്കുന്നതെന്നാണ് സൂചന. പൊലീസുകാരി ?ഗീതുവാണ് തന്റെ ശരീരത്തില്‍ കാന്താരി മുളക് അരച്ചുപുരട്ടിയതെന്ന് ചിട്ടിതട്ടിപ്പുകേസിലെ കൂട്ടുപ്രതിയായ ശാലിനി വെളിപ്പെടുത്തിയിരുന്നു. ഗീതു, റസിയ, കമ്പംമേട്ട് സ്റ്റേഷനിലെ ബിന്ദു എന്നീ പൊലീസുകാരികള്‍ മര്‍ദിച്ചുവെന്നും ശാലിനി പറഞ്ഞിരുന്നു. കസ്റ്റഡി മരണ കേസില്‍ ഇതു വരെ നെടുങ്കണ്ടം മുന്‍ എസ്ഐ ഉള്‍പ്പെടെ നാലു പേരാണ് അറസ്റ്റിലായത്.


