മൂവാറ്റുപുഴ : വിദ്യാര്‍ത്ഥികള്‍ക്ക് നവ്യനുഭവമായി കുഞ്ചന്റെ ശീലുകള്‍ അരങ്ങില്‍.പാഠഭാഗം വേദിയിൽ അവതരിപ്പിക്കുന്നത് നേരിട്ട് കാണുന്ന അപൂർവതയ്ക്ക് വീട്ടൂർ എബനേസർ ഹയർ സെക്കൻഡറി സ്ക്കൂളിലെ വിദ്യാർത്ഥികൾ സാക്ഷ്യം വഹിച്ചു. ക്ലാസ് മുറിയിൽ അധ്യാപകൻ ചൊല്ലി പഠിപ്പിച്ച കുഞ്ചൻ നമ്പ്യാരുടെ ധ്രുവചരിത ത്തിലെ തുള്ളൽ ശീലുകളുടെ നേർക്കാഴ്ച കലാമണ്ഡലം മഹീന്ദ്രനും സംഘവുമാണ് അവതരിപ്പിച്ചത്.
തുള്ളലിന്റെ വേഷം, പാട്ട്, മുദ്രകൾ, അഭിനയം, താളം, രംഗാവതരണം തുടങ്ങിയ വിവിധ മേഖലകളുടെ കാഴ്ചയും വിശദീകരണവും വിദ്യാർത്ഥികൾ ഏറെ കൗതുകത്തോടെ ആസ്വദിച്ചു. കുട്ടികൾക്ക് തനത് കലാരൂപങ്ങളെ നേരിട്ട് പരിചയപ്പെടുവാനും അവസരo ഓരുക്കുകയാണ് ഇത്തരം പരിപാടിയിലൂടെ എബനേസർ ലക്ഷ്യമിടുന്നതെന്ന് സ്കൂൾ മാനേജർ കമാൻഡർ സി. കെ. ഷാജി പറഞ്ഞു.
എട്ടാം ക്ലാസിലെ മലയാളം അടിസ്ഥാന പാഠാവലി ധ്രുവചരിതത്തിലെ ‘കിട്ടും പണമെങ്കിലിപ്പോൾ’ എന്ന പാഠഭാഗത്തിന്റെ ദൃശ്യാനുഭവം വിദ്യാർത്ഥികളിലും അധ്യാപകരിലും ഒരേസമയം ചിരിയും ചിന്തയും ഉണർത്തി. ഓഡിയോ-വിഷ്വൽ ഡോക്യുമെന്റേഷനിലൂടെ ഭാവിയിൽ ക്ലാസ് മുറികളിൽ പ്രദർശിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ചിത്രീകരണവും വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടന്നു.
ആക്ഷേപഹാസ്യത്തിന്റെ മേമ്പൊടിയിൽ സമൂഹത്തിലെ മോശം പ്രവണതകളെ ശക്തമായി വിമർശിക്കുന്ന പ്രകടനമാണ് കണ്ണൂർ മലയാളം കലാനിലയത്തിലെ കലാമണ്ഡലം മഹീന്ദ്രന്റെ നേതൃത്വത്തിൽ കലാമണ്ഡലം പ്രസൂൺ, കലാമണ്ഡലം അമൽ, കലാമണ്ഡലം ആകാശ് എന്നീ കലാകാരന്മാർ നടത്തിയത്.
സോദാഹരണ അവതരണത്തിന് മുന്നോടിയായി നടന്ന ചടങ്ങിൽ സ്ക്കൂൾ പ്രിൻസിപ്പൽ ബിജു കുമാർ, ഹെഡ്മിസ്ട്രസ് ജീമോൾ കെ. ജോർജ്, പി. ടി. എ. പ്രസിഡന്റ് എസ്. മോഹൻദാസ്, എം. പി. ടി. എ. പ്രസിഡൻറ് ജോളി റെജി, അക്കാദമിക് കൗൺസിൽ അംഗം സുധീഷ് എം. എന്നിവർ സംസാരിച്ചു.


