തിരുവനന്തപുരം : കളമശേരിയിലെ കണ്വെന്ഷന് സെന്ററില്‍ പ്രാര്‍ഥനായോഗത്തിനിടെയുണ്ടായ സ്ഫോടനം അങ്ങേയറ്റം ദൗര്‍ഭാഗ്യകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. എറണാകുള ത്തുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ സംഭവ സ്ഥലത്തെത്തിയിട്ടുണ്ടെന്നും ഡിജിപി ഉള്‍പ്പടെയുള്ളവര്‍ ഉടന്‍ തന്നെ സ്ഥലത്തെത്തുo ഗൗരവമായി വിഷയം കൈകാര്യം ചെയ്യുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
പൊട്ടിത്തെറിയില്‍ ഒരു സ്ത്രീ മരിച്ചുവെന്നും രണ്ടുപേര്‍ അതീവ ഗുരുതരാവസ്ഥയിലാണെന്നും നിരവധിപ്പേര്‍ക്ക് പരുക്കേറ്റെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് വെളിപ്പെടുത്തി.അതേസമയം, കളമശേരിയിലെ സ്ഫോടനം ആസൂത്രിതമെന്ന് സംശയിക്കുന്നതായി പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു. ഒരേസമയം ഒന്നിലധികം സ്ഫോടനം നടന്നതാണ് ഭീകരാക്രമണത്തിലേക്ക് വിരല്‍ചൂണ്ടുന്നത്. എഡിജിപി എം.ആര് അജിത് കുമാര്‍ ഉടന്‍ സ്ഥലത്തെത്തും.
ഭീകരവിരുദ്ധ സ്ക്വാഡും കളമശേരിയിലേക്ക് തിരിച്ചിട്ടുണ്ട്. സ്ഫോടനത്തെ തുടര്‍ന്ന് സംസ്ഥാന വ്യാപകമായി ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചതായി പൊലീസ് മേധാവി അറിയിച്ചു. സ്ഫോടനം പരിശോധിക്കാന്‍ എന്‍ഐഎയുടെ കൊച്ചി യൂണിറ്റിന് നിര്‍ദേശം നല്കി.


