മൂവാറ്റുപുഴ: സഹകരണ സംഘങ്ങളില്‍ ജനങ്ങള്‍ നിക്ഷേപിക്കുന്ന പണം കൊളളയടിക്കാനുള്ള നിയമ നിര്‍മ്മാണങ്ങളും സമീപനങ്ങളുമാണ് സിപിഎമ്മും ബിജെപിയും നടത്തുന്നതെന്നും ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് മേഖലയെ തകര്‍ക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ മത്സരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ സഹകരണ ദ്രോഹ നടപടികള്‍ക്കെതിരെ സഹകരണ ജനാധിപത്യ വേദി മൂവാറ്റുപുഴ താലൂക്ക് കമ്മിറ്റി അസിസ്റ്റന്റ് രജിസ്റ്റാര്‍ ഓഫിസിന് മുന്നില്‍ നടത്തിയ ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഹമ്മദ് ഷിയാസ് .
സഹകരണ സ്ഥാപനങ്ങളുടെ വിശ്വാസ്യത പൂര്‍ണ്ണമായി തകര്‍ക്കാന്‍ സര്‍ക്കാരുകള്‍ക്ക് അജണ്ടയുണ്ട്. അത് ഏതു വിധേനയും നടപ്പിലാക്കാന്‍ സര്‍ക്കാരുകള്‍ തമ്മില്‍ മത്സരമാണന്നും ജനങ്ങളെ പ്രലോഭിപ്പിച്ച് സഹകരണ മേഘലയെ കൈപ്പിടിയിലൊതുക്കാന്‍ ബി ജെ പി ശ്രമിക്കുന്നു. ഇതിന്റെ ഭാഗമായി കേന്ദ്ര നയങ്ങള്‍ രൂപീകരിക്കാന്‍ ബി ജെ പി മത്സരിക്കുകയാണ്.
സഹകരണ സമ്പത്ത് കൊള്ളയടിക്കുകയാണ് സിപിഎം . ഈ കൊള്ള സംസ്ഥാനത്ത് നിരവധി സ്ഥാപനങ്ങളില്‍ തുടരുകയാണ്. ഇതിന്റെ തെളിവുകള്‍ ഒന്നൊന്നായി പുറത്ത് വന്നു കൊണ്ടിരിക്കുകയാണ്. ഓഡിറ്റിങ്ങ് നടത്തിയാല്‍ കൊളളകള്‍ പുറത്തു വരുമെന്നതിനാല്‍ സിപിഎം ഇടപെട്ട് ഓഡിറ്റിംഗ് നിര്‍ത്തി വച്ചിരിക്കുകയാണന്നും ഷിയാസ് പറഞ്ഞു. സഹകരണ ജനാധിപത്യ വേദി ചെയര്മാന് എ സി.എല്‍ദോസ് അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ ഏബ്രഹാം ത്യക്കളത്തൂര്‍ സ്വാഗതം പറഞ്ഞു.
മാത്യു കുഴല്‍ നാടന്‍ എം എല്‍ എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണന് , മുനിസിപ്പല്‍ ചെയര്മാന് പി പി. എല്‍ദോസ് , മുന്‍ എം.പി ഫ്രാന്‍സിസ് ജോര്‍ജ് , പഞ്ചായത്ത് പ്രസിഡന്റുമാരായ മാത്യസ് വര്‍ക്കി, തോമസ് തടത്തില്‍, പോള്‍ വര്‍ഗീസ്, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരായ സാബു ജോണ്‍ , സുഭാഷ് കടയ്ക്കോട്, പി സി ജോസ് , ബാങ്ക് പ്രസിഡന്റുമാരായ ജോസ് പെരുമ്പള്ളി കുന്നേല്‍, മുഹമ്മദ് പനയ്ക്കല്‍, ജോണ്‍ തെരുവത്ത്, ജോളി ജോര്‍ജ് നെടുങ്കല്ലേല്‍ , പി എം . അസീസ്, സാബു പി. വാഴയില്‍, മാര്‍ക്കോസ് ഉലഹന്നാന് എന്നിവര്‍ സംസാരിച്ചു.


