മൂവാറ്റുപുഴ: മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ കോടികള്‍ മുടക്കി നിര്‍മ്മിച്ച ഗ്യാലറിയും പുല്‍തകിടിയും കാടുകയറി നശിക്കുന്നു. ഇന്‍ഡോര്‍ സ്റ്റേഡിയം കൂടി ഉള്‍പ്പെടുത്തി നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്ന സ്റ്റേഡിയം ഇപ്പോഴും അവഗണന നേരിടുകയാണ്. സ്റ്റേഡിയം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് മൂവാറ്റുപുഴ വാക്കിംഗ് ക്ലബ്ബ് നരഗസഭാ ചെയര്പേഴ്സന് നിവേദനം നല്കി.
എവറസ്റ്റ് ജംഗ്ഷനിലെ വണ്ടിപ്പേട്ടയില്‍ നിന്നും ഇ.ഇ.സി.മാര്‍ക്കറ്റ് റോഡിലേയ്ക്ക് കടക്കുവാന്‍ സ്റ്റേഡിയത്തിന് നടുവിലൂടെ പുതിയ ഒരു പാത രൂപപ്പെട്ടിരിക്കുകയാണ്. നിലവില്‍ സ്റ്റേഡിയം കായിക മത്സരങ്ങള്‍ക്ക് ഉപയോഗിച്ചിട്ടുള്ളതിനേക്കാള് ഏറെ എക്സിബിഷനും കാര്‍ഷിക കലാമേളകള്‍ക്കും സ്റ്റേജ് ഷോകള്‍ക്കും വിട്ടുകൊടുക്കുകയാണ് ഉണ്ടായിട്ടുള്ളത്. കൂടാതെ അനധികൃത ഡ്രൈവിംഗ് പരിശീലനവും ബൈക്ക് റൈഡിംഗിനും, സ്റ്റേഡിയം ഉപയോഗിക്കപ്പെടുന്നു. ഇതുവഴി സ്റ്റേഡിയത്തില്‍ കുണ്ടും കുഴിയും ഗര്‍ത്തങ്ങളും വെള്ളക്കെട്ടുകളും ഉണ്ടായിട്ടുണ്ട്.
സ്റ്റേഡിയത്തിലേയ്ക്കുള്ള വാഹന പ്രവേശനവും അനാശാസ്യപ്രവര്‍ത്തനങ്ങളും തടയുന്നതിനും സ്റ്റേഡിയത്തിലേയ്ക്ക് തുറന്നു കിടക്കുന്ന കവാടങ്ങള്‍ അടയ്ക്കുകയും പവലിയനോട് ചേര്‍ന്നുള്ള ചെറിയ കവാടത്തിലൂടെ കളിക്കുന്നവര്‍ക്കും നടക്കുന്നവര്‍ക്കും പ്രവേശനം അനുവദിക്കുന്നത് വഴി സ്റ്റേഡിയത്തിന്റെ സംരക്ഷണം ഉറപ്പ് വരുത്തുവാന്‍ കഴിയുമെന്ന് മൂവാറ്റുപുഴ വോക്കിങ്ങ് ക്ലബ്ബ് നല്കിയ നിവേദനത്തില്‍ പറയുന്നു. ക്ലബ്ബിന്റെ നിവേദനം ഇന്ത്യന്‍ ഫുട്ബോള്‍ താരം മുഹമ്മദ് റാഫി, സലിം പാലച്ചുവട്ടില്‍, പി. എ. സുബൈര്‍, സുനീര്‍ തെക്കേടത്ത് എന്നിവര്‍ ചേര്‍ന്ന് മുനി. ചെയര്പേഴ്സന് നല്കി.


