മൂവാറ്റുപുഴ: ഇഴജന്തുക്കളുടെ താവളമായിമാറിയ പെരിയാര്‍ വാലി ഇറിഗേഷന്‍ വകുപ്പിന് കീഴിലുള്ള പെരിയാര്‍ വാലി മുളവൂര്‍ ബ്രാഞ്ച് കനാല്‍ ബണ്ട് റോഡിലെ കാടുകള്‍ വെട്ടിതെളിച്ച് ശുചീകരിച്ചു. സി പി എം മുളവൂര്‍ പള്ളിപ്പടി ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ബ്രാഞ്ച് സമ്മേളനത്തിന് മുന്നോടിയായി കനാല്‍ ബണ്ട് റോഡിലെ കാടുകള്‍ വെട്ടിതെളിച്ച് ശുചീകരിച്ചത്. ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.ആര് മുരളീധരന് നിര്‍വ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഒ.കെ.മുഹമ്മദ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെമ്പര്‍ ഇ.എം.ഷാജി, സിപിഎം ലോക്കല്‍ സെക്രട്ടറി വി.എസ്.മുരളി, യു.പി.വര്‍ക്കി, സി.സി. ഉണ്ണികൃഷ്ണന് എന്നിവര്‍ സംസാരിച്ചു.
ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് സുനി മറ്റനായില്‍, സി.കെ.താജുദ്ദീന്, എസ്.ഐ.അജാസ്, റഫീഖ് വാളന്‍, നസീബ്.കെ.എച്ച്, അബ്ദുള്ള.എ.എ, അഖില്‍ പ്രകാശ്, അജ്മല്‍ ഒ.എം, അമീന് നസീര്‍ എന്നിവര്‍ നേതൃത്വം നല്കി.
പെരിയാര്‍ വാലി കനാല്‍ റോഡുകള്‍ കാട് കയറി ഇഴജന്തുക്കളുടെ താവളമായി മാറിയിട്ട് മാസങ്ങളായി. എല്ലാ വര്‍ഷവും വേനല്‍ അടുക്കുന്നതോടെ പെരിയാര്‍വാലി കനാലിന്റെ കാടുകള്‍ വെട്ടി അറ്റകുറ്റപ്പണികള്‍ തീര്‍ക്കുന്നത്. ഈ വര്‍ഷം മഴ കൂടുതല്‍ ലഭിച്ചതിനാല്‍ കനാലുകളും കനാല്‍ ബണ്ട് റോഡുകളും കാട് കയറി ഇഴജന്തുക്കളുടെ താവളമായി മാറിയിരിക്കുകയാണ്. മഴ കനത്തതോടെ കനാലില്‍ നീരൊഴുക്ക് വര്‍ദ്ധിച്ചതോടെ ഇഴജന്തുക്കളും ഒഴുകിയെത്തുന്നുണ്ട്. കനാല്‍ ബണ്ട് റോഡുകളിലെ സ്ട്രീറ്റ് ലൈറ്റുകള്‍ കത്താത്തതും ആളുകള്‍ക്ക് രാത്രികാലങ്ങളില്‍ സഞ്ചരിക്കാന്‍ പറ്റാത്ത അവസ്ഥയായിരുന്നു. കനാല്‍ ബണ്ട് റോഡിന്റെ ഇരുവശത്തും താമസിക്കുന്നവരും ഇഴജന്തുക്കളുടെ ശല്യം മൂലം ദുരിതത്തിലാണ്.
കഴിഞ്ഞ മാസം കനാല്‍ ബണ്ട് റോഡിലൂടെ വീട്ടിലേയ്ക്ക് നടന്ന് പോകുകയായിരുന്ന യുവാവിനെ പാമ്പ് കടിക്കുകയായിരുന്നു. വിവരമറിഞ്ഞ നാട്ടുകാര്‍ പേഴയ്ക്കാപ്പിള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍(ചാരീസ് ആശുപത്രി) പ്രവേശിപ്പിക്കുകയായിരുന്നു. ഇതോടെ കനാലിന്റെ ഇരുവഴങ്ങളിലും താമസിക്കുന്നവര്‍ ഭീതിയോടെയാണ് കഴിയുന്നത്. നേരത്തെ തൊഴിലുറപ്പ് തൊഴിലാളികളെ കൊണ്ട് കനാല്‍ ബണ്ട് റോഡിലെ കാടുകള്‍ വെട്ടിതെളിക്കുമായിരുന്നു. ഇപ്പോള്‍ അതും നിലച്ചിരിക്കുകയാണ്. തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിച്ച് കനാല്‍ ബണ്ട് റോഡുകളിലെ കാടുകള്‍ നീക്കം ചെയ്യണമെന്നും സ്ട്രീറ്റ് ലൈറ്റുകള്‍ നന്നാക്കണമെന്നും പ്രദേശവാസികള്‍ പഞ്ചായത്ത് അധികൃതരോട് ആവശ്യപ്പെട്ടിട്ടും യാതൊരു നാടപടിയും സ്വീകരിച്ചില്ല. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഒ.കെ മുഹമ്മദിന്റെ നേതൃത്വത്തില്‍ സിപിഎം പ്രവര്‍ത്തകര്‍ കനാല്‍ ബണ്ട് റോഡിലെ കാട് വെട്ടിതെളിച്ച ആശ്വാസത്തിലാണ് നാട്ടുകാര്‍


