മൂവാറ്റുപുഴ : നഗരസഭ ഭരണ സമിതിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം . നഗരസഭയില്‍ അഴിമതിയും ദൂര്ത്തുമെന്ന പ്രസ്ഥാവനയുമായി സിപിഎം രംഗത്തെത്തി. അനിയന്ത്രിതമായ വാടക വര്‍ദ്ധിപ്പിക്കാനുള്ള നീക്കം പകല്‍ കൊള്ളയെന്നും പാര്‍ട്ടി നേതൃത്വം അറിയിച്ചു. ജനകീയ പ്രശ്നങ്ങള്‍ക്കെതിരെ ഭരണപക്ഷം പൊറാട്ടുനാടകം നടത്തുകയാണെന്നും പാര്‍ട്ടി നേതൃത്വം പറഞ്ഞു. കൗണ്‍സില്‍ യോഗത്തില്‍ ഉണ്ടായ ചര്‍ച്ചയെ വക്രീകരിച്ച് സി പിഎമ്മിനെതിരെ ഉപയോഗപ്പെടുത്തുക എന്ന ലക്ഷ്യം വച്ച് നഗരസഭയിലെ ഭരണപക്ഷം നടത്തുന്ന പൊറാട്ടുനാടകം ഒരു നാടിന്റെ സമാധാനാന്തരീക്ഷം തകര്‍ക്കുകയാണ്.
നഗരസഭയിലെ ശുചീകരണ മാലിന്യനിര്‍മാര്‍ജന ജോലിയില്‍നിന്ന് 2020 മുതല്‍ 2022 വരെ വിരമിച്ച ഏഴ് പേര്‍ക്ക് പകരം നിലവിലുള്ള താത്ക്കാലിക ജീവനക്കാര്‍ക്ക് സ്ഥിര നിയമനം നല്‍കുകയും അതിന്റെ അടിസ്ഥാനത്തില്‍ ഒഴിവുവരുന്ന തസ്തികകളിലേക്ക് പുതിയതായി നിയമനം നടത്തുകയും ചെയ്യാത്തതിനാല്‍ നഗരസഭയിലെ മാലിന്യ നിര്‍മാര്‍ജ്ജന പ്രവര്‍ത്തനം അവതാളത്തില്‍ ആയിരിക്കുകയാണെന്ന് നേതാക്കള്‍ പറഞ്ഞു. നഗരസഭ തിടുക്കപ്പെട്ട് നഗരസഭ കോംപ്ലക്സിലെ വാടക ഉയര്‍ത്തി വലിയതോതില്‍ വര്‍ധിപ്പിക്കാന്‍ തീരുമാനമെടുത്തു. ഇതിന്റെ ഫലമായി സാധാരണക്കാര്‍ക്ക് ചുരുങ്ങിയ ചിലവില്‍ ലഭിക്കുമായിരുന്ന ചില സേവനങ്ങള്‍ക്ക് വലിയ തുക നല്കേണ്ടിവരുന്ന നിലയാണെന്നും ( ഉദാഹരണം തീക്കൊള്ളിപാറ കമ്മ്യൂണിറ്റി ഹാളിന് 3500 രൂപയാണ് ഇപ്പോഴത്തെ വാടക പുതിയ നിരക്ക് ആകുമ്പോള്‍ 25077/-രൂപയാകും ) നേതാക്കള്‍ ചൂണ്ടിക്കാട്ടി.
രാത്രികാല യാത്രയില്‍ സ്ത്രീകള്‍ക്ക് കുറഞ്ഞ ചിലവില്‍ സുരക്ഷിതമായ താമസ സൗകര്യം ഒരുക്കുക എന്ന ലക്ഷ്യത്തില്‍ ഒന്നാം പിണറായി സര്‍ക്കാര്‍ ആവിഷ്കരിച്ച് നടപ്പാക്കിയ പദ്ധതിയാണ് ഷീ ലോഡ്ജ്. നിര്‍മ്മാണപ്രവര്‍ത്തനം കഴിഞ്ഞ കൗണ്‍സിലിന്റെ അവസാനകാലത്ത് പൂര്‍ത്തീകരിച്ചതാണ്. പുതിയ ഭരണസമിതി കയറിയിട്ട് ഒന്നര വര്‍ഷം പിന്നിടുമ്പോഴും തുറന്നു കൊടുത്തിട്ടില്ലെന്നും നേതാക്കള്‍ പറഞ്ഞു. ഇത്തരം ജനകീയ പ്രശ്നങ്ങളാണ് കൗണ്‍സില്‍ യോഗത്തില്‍ പ്രതിപക്ഷ
അംഗങ്ങള്‍ ഉന്നയിച്ചത്. കണ്ടിജന്റ് ജീവനക്കാരുടെ നിയമ പ്രശ്നം ചര്‍ച്ച ചെയ്യുന്നതിനിടെ ഹെല്‍ത്ത് ഇന്‍സ്പെക്ടറുടെ ജീവനക്കാരോടുള്ള ധിക്കാരപരമായ പെരുമാറ്റവും, ഇദ്ദേഹത്തിന്റെ ചിത്രം നവമാധ്യമങ്ങളില്‍ പ്രചരിപ്പിക്കാന്‍ ഇടയായ സാഹചര്യവും, ഹെല്‍ത്ത് ഇന്‍സ്പെക്ടറെ കൗണ്‍സിലില്‍ വിളിച്ചുവരുത്തി ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ഇതിന്റെ തുടര്‍ച്ചയില്‍ ഭരണപക്ഷ കൗണ്‍സിലര്‍മാരുടെ ചര്‍ച്ചാവേളയില്‍ മുഖ്യമന്ത്രിയെ അവഹേളിക്കുന്ന നിലയിലുള്ള പരാമര്‍ശം ഭരണപക്ഷ കൗണ്‍സിലറില്‍ നിന്നും ഉണ്ടായപ്പോള്‍ പ്രതിപക്ഷ അംഗങ്ങള്‍ അതിനെതിരായി പ്രതിഷേധിച്ചു. ഇതേതുടര്‍ന്നാണ് കൗണ്‍സില്‍ യോഗം ബഹളത്തില്‍ കലാശിച്ചത്.
വസ്തുത ഇതായിരിക്കെ ഹെല്‍ത്ത് ഇന്‍സ്പെക്ടറുടെ വേഷവിധാനത്തെ മോശപെടുത്തി സംസാരിച്ചു എന്ന തെറ്റായ നിലയില്‍ വാര്‍ത്ത പ്രചരിപ്പിച്ചത് യുഡിഎഫ് കൗണ്സിലര്മാരാണന്നും നേതാക്കള്‍ പറഞ്ഞു. ബിജെപിയുടെ ദേശീയ നേതാക്കള്‍ തന്നെ പ്രവാചകനിന്ദ നടത്തുമ്പോഴും ചെറിയ പ്രതിഷേധം പോലും സംഘടിപ്പിക്കാത്ത മുസ്ലിം ലീഗ് ഈ വിഷയത്തില്‍ മുനിസിപ്പല്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയത് തികഞ്ഞ കാപട്യമാണെന്ന് നേതാക്കള്‍ പറഞ്ഞു.
നാടിനെ കലാപത്തിലേക്ക് തള്ളിയിടാന്‍ ശ്രമം നടത്തുന്ന നഗരസഭാ ഭരണാധികാരികള്‍ക്കെതിരായി ജൂണ്‍ 20, രാവിലെ 10 മണിക്ക് മുന്‍സിപ്പല്‍ ഓഫീസിലേക്ക് സിപിഎം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാര്‍ച്ച് സംഘടിപ്പിക്കുമെന്ന് ഏരിയ സെക്രട്ടറി കെ.പി. രാമചന്ദ്രന് അറിയിച്ചു..


