കൊച്ചി: സംസ്ഥാനത്ത് മൂന്നു ദിവസത്തെ ഇടിവിനു ശേഷം സ്വർണവില മുകളിലേയ്ക്ക്. പവന് 240 രൂപയും ഗ്രാമിന് 22 രൂപയുമാണ് വര്‍ധിച്ചത്. പവന് 46,160 രൂപയിലും ഗ്രാമിന് 5,770 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.
ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 25 രൂപയും ഒരു പവന് 18 കാരറ്റിന് 200 രൂപയും വർധിച്ചു. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4775 രൂപയിലും ഒരു പവന് 18 കാരറ്റിന് 38,200 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
തുടർച്ചയായ ഇടിവിനെ തുടർന്ന് വ്യാഴാഴ്ച സ്വര്‍ണവില 46,000ല്‍ താഴെ എത്തിയിരുന്നു. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തിയ ശേഷമാണ് ഇന്ന് വില ഉയര്‍ന്നത്.
വ്യാഴാഴ്ച പവന് 240 രൂപയും ബുധനാഴ്ച 280 രൂപയും ചൊവ്വാഴ്ച 80 രൂപയും കുറഞ്ഞിരുന്നു. ആഗോള വിപണിയിലെ സാഹചര്യങ്ങളിലുണ്ടായ മാറ്റമാണ് സ്വർണ വിലയെ സ്വാധീനിച്ചത്.
ജനുവരി രണ്ടിന് സ്വര്‍ണവില വീണ്ടും 47,000ല്‍ എത്തിയിരുന്നു. എന്നാല്‍ പിന്നീടുള്ള ദിവസങ്ങളില്‍ സ്വർണവില കുറയുന്നതാണ് ദൃശ്യമായത്. ജനുവരി 11ന് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് സ്വർണവില എത്തി. 46,080 രൂപയായിരുന്നു അന്നത്തെ സ്വർണവില.
തുടര്‍ന്നുള്ള ദിവസങ്ങളില്‍ വില ഉയരുന്നതാണ് കണ്ടത്. നാലുദിവസത്തിനിടെ 500 രൂപയോളം വര്‍ധിച്ച ശേഷം ചൊവ്വാഴ്ച മുതലാണ് വീണ്ടും ഇടിവ് രേഖപ്പെടുത്തിയത്.
അതേസമയം, വെള്ളി വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 77 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വില 103 രൂപയില്‍ തുടരുന്നു.


