കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിച്ച മോട്ടോർ ഡ്രൈവിങ്ങ് സ്കൂളിന്റെ അംഗീകാരം റദ്ദാക്കി. കുഴിപ്പിള്ളി ഫ്രണ്ട്സ് മോട്ടോർ ഡ്രൈവിങ്ങ് സ്കൂളിന്റെ അംഗീകാരമാണ് ജില്ലാ ലൈസൻസിങ് അതോറിറ്റി റദ്ദാക്കിയത്.
അയ്യമ്പുഴ സ്വദേശി എസ്. പി രാജൻ എന്നയാളുടെ ഉടമസ്ഥതയിലാണ് സ്ഥാപനം പ്രവർത്തിച്ചിരുന്നത്. ഡ്രൈവിംഗ് ഇൻസ്ട്രക്ടർ ഡ്രൈവിംഗ് സ്ക്കൂളിൽ വരാതിരിക്കുക, രേഖകൾ കൃത്യമായി സൂക്ഷിക്കാതിരിക്കുക തുടങ്ങി 20 ൽ അധികം കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് മോട്ടോർ വാഹന വകുപ്പ് എറണാകുളം ലൈസൻസിംഗ് അതോറിറ്റിക്ക് റിപ്പോർട്ട് സമർപ്പിച്ചത്.
പരിശോധന സമയത്ത് ആവശ്യപ്പെട്ട രേഖകൾ കാണിക്കാൻ കൂട്ടാക്കാതെ വ്യാജ വിവരങ്ങൾ നൽകിയതിന് മുനമ്പം പോലീസ് സ്റ്റേഷനിൽ ഡ്രൈവിംഗ് സ്കൂൾ ഉടമക്കെതിരെ ക്രിമിനൽ കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഡ്രൈവിംഗ് സ്കൂൾ പ്രവർത്തനം നിർത്തിവയ്ക്കാൻ ആവശ്യപ്പെട്ടുകൊണ്ട് ലൈസൻസിംഗ് അതോറിറ്റി സ്റ്റോപ്പ് മെമ്മോ ഉത്തരവും നൽകിയിട്ടുണ്ട്.
നോർത്ത് പറവൂർ സബ് ആർ ടി ഓഫീസിലെ ഉദ്യോഗസ്ഥരും എറണാകുളം ആർ ടി ഒ ഓഫീസിൽ നിന്നുള്ള ഉദ്യോഗസ്ഥരും പരിശോധനയിൽ പങ്കെടുത്തു.