മൂവാറ്റുപുഴ : മൂവാറ്റുപുഴ നഗരസഭയുടെ കീഴിലെ വളക്കുഴി ഡംപിംങ്ങ് യാര്‍ഡില്‍ 50ലക്ഷം രൂപചിലവഴിച്ച് കുന്നംകുളം നഗരസഭ മാതൃകയില്‍ വിന്‍ഡ്രോ കംപോസ്റ്റിങ് രീതി നടപ്പാക്കുന്നതിന്റെ ഭാഗമായുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ജൈവ മാലിന്യത്തില്‍ നിന്നു വളം ഉല്പാദിപ്പിക്കാനുള്ള പദ്ധതി നടപ്പാക്കുന്നത്. ഇതിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അതിവേഗം പുരോഗമിക്കുകയാണ്.
ദുരിതം പേറി നാട്ടുകാര്‍, ആശ്വസമേകാന്‍ കുന്നംകുളം മാതൃക
നാലു പതിറ്റാണ്ടു മുമ്പാണ് നഗരസഭ വളക്കുഴിയില്‍ മാലിന്യ സംസ്കരണ കേന്ദ്രം ആരംഭിച്ചത്. കോടികള്‍ മുടക്കി ഇവിടെ നടത്തിയ പരിഷ്ക്കരങ്ങളൊക്കെ പാഴായിപോയിരുന്നു. അശാസ്ത്രീയമായ മാലിന്യ സംസ്കരണ രീതിയും ഇടയ്ക്കിടെ തീപിടിത്തം ഉണ്ടാകുന്നതും സമീപവാസികള്‍ക്ക് വലിയ ദുരിതം വിതച്ചിരുന്നു, ഇത് പലപ്പോഴും വലിയ പ്രതിഷേധത്തിനും കാരണമായി. മൂന്നു മാസംമുമ്പ് വളക്കുഴിയിലുണ്ടായ തീപിടുത്തത്തേതുടര്ന്ന് പരിസരവാസികളെ ആകെ വലച്ചതോടെയാണ് ഇതിനു പരിഹാരമായി ജൈവ മാലിന്യത്തില്‍ നിന്നു വളം ഉല്പാദിപ്പിക്കാനുള്ള പദ്ധതി നടപ്പാക്കുന്നത്. കഴിഞ്ഞ ഭരണസമിതിയുടെ നേതൃത്വത്തില്‍ ഇതിനായി കുന്നംകുളം നഗരസഭയുടെ മാലിന്യ സംസ്കരണ കേന്ദ്രത്തില്‍ കൗണ്‍സിലര്‍മാര്‍ സന്ദര്‍ശനം നടത്തിയിരുന്നു. മൂവാറ്റുപുഴയ്ക്ക് അനുയോജ്യമായതിനാല്‍ പദ്ധതി നടപ്പാക്കാന്‍ തീരുമാനിക്കുകയും ചെയ്തിരുന്നു.
ഇതിനിടയില്‍ ലക്ഷങ്ങള്‍ ചെലവഴിച്ച് വിവിധ മാലിന്യ സംസ്കരണ ഉപകരണങ്ങള്‍ വീടുകള്‍ തോറും വിതരണം ചെയ്യാന്‍ പദ്ധതി തയാറാക്കിയെങ്കിലും ഇത് പൂര്ണതോതില്വിജയിച്ചിരുന്നില്ല. ഇതേ തുടര്‍ന്നാണ് കുന്നംകുളം മാതൃകയില്‍ വിന്‍ഡ്രോ കംപോസ്റ്റിങ് രീതി അടിയന്തരമായി നടപ്പാക്കാന്‍ തീരുമാനിച്ചിരിക്കുന്നത് . ഇതിന് ഭാഗമായി അത്യാധുനിക രീതിയിലുള്ള ഷെഡ് നിര്‍മാണമാണ് ഇപ്പോള്‍ നടക്കുന്നത്.
പദ്ധതി ഫലപ്രദമായി നടപ്പാക്കുമെന്ന് ആരോഗ്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്മാന് പി.എം.അബ്ദുല്‍ സലാം
കുന്നംകുളം നഗരസഭ മാതൃകയില്‍ വിന്‍ഡ്രോ കംപോസ്റ്റിങ് രീതി നടപ്പാക്കുന്നതിന്റെ ഭാഗമായുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അതിവേഗം പുരോഗമിക്കുകയാണെന്നും ഇത്തവണ പദ്ധതി ഫലപ്രദമായി നടപ്പാക്കുമെന്നും ആരോഗ്യ സ്റ്റാന്റിങ്ങ് ചെയര്മാന് പി .എം. അബ്ദുല്‍ സലാം പറഞ്ഞു. ജൈവ മാലിന്യത്തില്‍ നിന്നു വളം ഉല്പാദിപ്പിക്കാനുള്ള കുന്നംകുളം മോഡല്‍ പദ്ധതിക്ക് വലിയ സ്വീകാരിതയാണ് ഉള്ളത്. ഇതുവഴി ഡംപിംഗ് യാര്‍ഡിലെ മുഖ്യപ്രശ്നങ്ങള്‍ക്ക് പരിഹാരമാകുമെന്നും അദ്ദേഹം പറഞ്ഞു.
വളക്കുഴിയില്‍ വളമായി മാറിയത് കോടികളുടെ യന്ത്രസാമഗ്രികള്‍, പാഴായത് ഇരുപതോളം പദ്ദതികള്‍
എല്ലാ വര്‍ഷവും കോടികളാണ് മാലിന്യ സംസ്കരണ കേന്ദ്രമായ വളക്കുഴിയില്‍ വിവിധ പദ്ധതികളുടെ പേരില്‍ ചെലവഴിക്കുന്നത്. ഓരോ കൊല്ലവും ഓരേ പുതിയ പദ്ധതി പ്രഖ്യാപിക്കും. മാലിന്യ സംസ്കരണം ശാസ്ത്രീയമാക്കി മാറ്റുന്നതിനു വേണ്ടി മാലിന്യം വളമാക്കുന്നതിനുള്ള യന്ത്രങ്ങള്‍ വാങ്ങി നഗരസഭ കോടികള്‍ പാഴാക്കിയിരുന്നു. പ്രവര്‍ത്തിപ്പിക്കാനാകാതെ നശിച്ച യന്ത്രങ്ങള്‍ക്കുപോലും കണക്കില്ല. ചിലതിന്റെ അവശിഷ്ടങ്ങള്‍ ഇപ്പോഴും ഇവിടെയുണ്ട്. ഇതിനു ശേഷം ഇരുപതോളം പദ്ധതികള്‍ മാലിന്യ സംസ്കരണത്തിനായി ഇവിടെ നടപ്പാക്കിയിരുന്നു. പണം ചെലവഴിച്ചതല്ലാതെ മറ്റൊന്നും നടന്നില്ല.
ശുചിത്വ മിഷന്റെ സഹകരണത്തോടെ നടപ്പാക്കിയ 1.30 കോടി രൂപയുടെ നവീകരണ പ്രവര്‍ത്തനങ്ങളുടെ അവശേഷിപ്പായി തൂണുകള്‍ മാത്രം
വളക്കുഴിയിലെ ഡംപിങ് യാര്‍ഡില്‍ ശുചിത്വ മിഷന്റെ സഹകരണത്തോടെ നടപ്പാക്കിയ 1.30 കോടി രൂപയുടെ നവീകരണ പ്രവര്‍ത്തനങ്ങളാണ് ഒടുവില്‍ നടന്നത്. ഗ്രീന്‍ ബെല്‍റ്റ്, പ്ലാസ്റ്റിക് ഷെഡിങ് മെഷീന്, ചുറ്റുമതില്‍, സര്‍വീസ് സ്റ്റേഷന്, കിണര്‍, മണ്ണിര കംപോസ്റ്റ് പ്ലാന്റ് തുടങ്ങി വിപുലമായ നവീകരണം നടപ്പാക്കും എന്നു പ്രഖ്യാപിച്ചാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. എന്നാല്‍ കുറെ കോണ്‍ക്രീറ്റ് തൂണുകള്‍ നിര്‍മിച്ചതല്ലാതെ മറ്റൊന്നും സംഭവിച്ചില്ല. തൂണുകള്‍ ഇപ്പോള്‍ കാടു പിടിച്ചകിടക്കുകയാണ്.