മൂവാറ്റുപുഴ: എന്റെ കാലം കഴിഞ്ഞാല്‍ മോനെ ആരും നോക്കാനില്ലാരുന്നു. ദൈവം ആയിട്ടാണ് ഇവരെ എത്തിച്ചത് എല്‍ദോ എബ്രഹാം എം എല്‍ എ യുടെ കയ്യില്‍ പിടിച്ചു ഇത് പറയുമ്പോള്‍ ആ അമ്മയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകിയിരുന്നു. അമ്മ കരയുന്നു എന്ന് തോന്നിയതിനാലാവും ജന്മനാ കിടപ്പിലായ മകന് അനൂപിന്റെ മുഖത്ത് പതിവ് പുഞ്ചിരി ഇല്ലായിരുന്നു.
മൂവാറ്റുപുഴക്ക് സമീപം പായിപ്ര ഗ്രാമപഞ്ചായത്ത് രണ്ടാം വാര്‍ഡിലാണ് നടാംചേരില് വീട്ടില്‍ സതിയും മകന് അനൂപും താമസിക്കുന്നത്. സതിയുടെ ഭര്‍ത്താവ് മോഹനന് 28 വര്‍ഷങ്ങള്‍ക്കു മുന്‍പ് മരണപ്പെട്ടു. മൂത്ത മകനാണ് 36 കാരനായ അനൂപ്. ശരീരത്തിന്റെ സ്വാഭാവികമായ ആകൃതി നഷ്ടപ്പെട്ട് ചലനം അസാധ്യമാക്കുന്ന സ്പാസ്റ്റിക് സെറിബ്രല്‍ പാള്‍സി എന്ന അപൂര്‍വ രോഗ ബാധിതനാണ് അനൂപ്. ഇളയ മകന് ഭാര്യയോടൊപ്പം മുവാറ്റുപുഴയിലാണ് താമസം. കൂലിപണിക്കും തൊഴിലുറപ്പ് ജോലികള്‍ക്കും പോയി കിട്ടിയിരുന്ന വരുമാനം കൊണ്ടാണ് സതിയും അനൂപും കഴിഞ്ഞിരുന്നത്. ഇതിനിടെ ആര്‍ത്രൈറ്റിസ് ബാധിചതിനെ തുടര്‍ന്ന് സതിക്കു നടക്കാന്‍ കഴിയാതെയായി. തറയില്‍ പായ വിരിച്ചു അനൂപിനെ അതില്‍ കിടത്തി വീടിനകത്തൂടെ വലിച്ചാണ് അനൂപിന്റെ പ്രാഥമിക കാര്യങ്ങള്‍ അമ്മ ചെയ്തു കൊടുത്തിരുന്നത്.
റേഷന്‍ കിട്ടുന്നതിനാല്‍ പട്ടിണിയില്ലാതെ കഴിഞ്ഞിരുന്നു.
മുറ്റത്തേക്ക് ഇറങ്ങണമെങ്കില്‍ പോലും പരസഹായം ആവശ്യമായ ഈ അമ്മയുടെയും മകന്റെയും ദുരവസ്ഥ കണ്ടറിഞ്ഞ എം എല്‍ എ യുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് കോതമംഗലം പീസ് വാലി അധികൃതര്‍ അനൂപിനെ ഏറ്റെടുക്കാനുള്ള സന്നദ്ധത അറിയിച്ചു. പീസ് വാലിക്ക് കീഴിലെ സാമൂഹിക -മാനസിക പുനരധിവാസ കേന്ദ്രത്തിലാണ് അനൂപിനെ പ്രവേശിപ്പിക്കുക. ആരോഗ്യസ്ഥിതി മെച്ചപ്പെടുന്നതുവരെ അമ്മയെയും ഒപ്പം നിര്‍ത്തുന്നുണ്ട്. എല്‍ദോ എബ്രഹാം എം എല്‍ എ യുടെ നേതൃത്വത്തില്‍ വാര്‍ഡ് മെമ്പര്‍ നസീമ സുനില്‍, പേഴയ്ക്കാ പിള്ളി മര്‍ച്ചന്റ്സ് അസോസിയേഷന് പ്രസിഡന്റ് പി.എ .കബീര്‍ ,മുന്‍ വാര്‍ഡ് അംഗം കെ പി രാമചന്ദ്രന്, വി.എം.നൗഷാദ്, പീസ് വാലി ഭാരവാഹികളായ സി എസ് ഷാജുദ്ധീന്‍, അഡ്വ. മുഹമ്മദ് അസ്ലം എന്നിവര്‍ അനൂപിന്റെ വീട്ടിലെത്തി അമ്മയെയും മകനെയും ഏറ്റെടുത്തു. പൊതുസമൂഹം നിസ്സഹായരാവുന്ന ഇത്തരം സന്ദര്‍ഭങ്ങളില്‍ പരിഹാരം കാണുന്ന പീസ് വാലിയുടെ പ്രവര്‍ത്തനം തുല്യതയില്ലാത്ത മാതൃകയാണെന്ന് എല്‍ദോ എബ്രഹാം എം എല്‍ എ പറഞ്ഞു.
പീസ് വാലിയുടെ പ്രവര്‍ത്തനം തുല്യതയില്ലാത്ത മാതൃക: എല്‍ദോ എബ്രഹാം എം എല്‍ എ പറഞ്ഞു. കോതമംഗലം നെല്ലികുഴിയില്‍ പ്രകൃതിമനോഹരമായ പത്തേക്കര്‍ സ്ഥലത്താണ് പീസ് വാലി പ്രവര്‍ത്തിക്കുന്നത്. സാമൂഹിക മാനസിക പുനരധിവാസ കേന്ദ്രം, നട്ടെല്ലിന് പരിക്കേറ്റവര്‍ക്കുള്ള ചികിത്സ-പുനരധിവാസ കേന്ദ്രം, ഡയാലിസിസ് സെന്റര്‍, പാലിയേറ്റീവ് കെയര്‍ സെന്റര്‍,ആസ്റ്റര്‍ ആശുപത്രിയുമായി സഹകരിച്ചുള്ള സഞ്ചരിക്കുന്ന ആശുപത്രി എന്നിവയാണ് പീസ് വാലിയുടെ പ്രവര്‍ത്തനങ്ങള്‍. പൂര്‍ണമായും സൗജന്യമായാണ് പീസ് വാലിയുടെ പ്രവര്‍ത്തനങ്ങള്‍. കോവിഡ് കാലത്ത് ആദിവാസി, പിന്നാക്ക, പാര്‍ശ്വ വത്കൃത മേഖലകളില്‍ സഞ്ചരിക്കുന്ന ആശുപത്രി നടത്തിയ മെഡിക്കല്‍ ക്യാമ്പുകള്‍ ദേശീയ മാധ്യമങ്ങള്‍ വരെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. നട്ടെല്ലിന് പരിക്കേറ്റവര്‍ക്കുള്ള ചികിത്സ-പുനരധിവാസ കേന്ദ്രംത്തില്‍ മുന്നൂറോളം പേര് അഡ്മിഷനായി കാത്തിരിക്കുകയാണ്. ഈ കേന്ദ്രത്തിന്റെ വിപുലീകരണവും ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കുള്ള പ്രാരംഭ ഇടപെടല്‍ കേന്ദ്രത്തിന്റെ നിര്‍മാണവും പ്രാരംഭ ഘട്ടത്തിലാണ്. പ്രവര്‍ത്തന ചെലവിനായി പ്രതിമാസം പതിനഞ്ചു ലക്ഷത്തോളം രൂപയാണ് വേണ്ടി വരുന്നത്.


