തിരുവല്ല: സംസ്ഥാന സർക്കാരിന്റെ നൂറു ദിന കർമ്മ പരിപാടി യിലൂടെ സ്വന്തം പേരിൽ പട്ടയം നേടിയ സന്തോഷത്തിലാണ് രമണനും രാജലക്ഷ്മി യും. നാരങ്ങാനം പൊട്ടന്‍പാറയില്‍ രമണന് ആചാരിയുടെ കുടുംബം 80 വര്‍ഷത്തിലേറെയായി താമസിച്ചു വരുന്ന പത്ത് സെന്റ് വസ്തുവിനാണ് പട്ടയം ലഭിക്കുന്നത്.
കഴിഞ്ഞ 21 വര്‍ഷമായി താന്‍ താമസിക്കുന്ന സ്ഥലത്തിന് പട്ടയം കിട്ടിയതിന്റെ സന്തോഷത്തിലാണ് കല്ലറകടവിലെ ഗണേശ് നിലയത്തില്‍ രാജലക്ഷ്മി. മൂന്നു വര്‍ഷം മുന്‍പുണ്ടായ വീഴ്ചയില്‍, ഡ്രൈവറായിരുന്ന രമണന്റെ കൈ ഒടിഞ്ഞ് കിടപ്പിലായതോടെ വീട്ടിലെ കാര്യങ്ങള്‍ ഏറെ ബുദ്ധിമുട്ടിലായി. ഭാര്യ മണിയമ്മ തൊഴിലുറപ്പ് ജോലിക്ക് പോയാണ് ഇപ്പോള്‍ കുടുംബം പോറ്റുന്നത്. രണ്ടര വര്‍ഷം മുന്‍പ്, ഉണ്ടായിരുന്ന വീട് ഇടിവെട്ടി നശിക്കുകയും ചെയ്തു. നാട്ടുകാരുടെ സഹായത്താല്‍ ലഭിച്ച തുക കൊണ്ട് ചെറിയ വീട് വച്ച് ഇപ്പോള്‍ അതിലാണ് രമണനും മണിയമ്മയും താമസിക്കുന്നത്.
ഏറെ നാളായുള്ള ആഗ്രഹമാണ് സ്വന്തം പേരിലുള്ള വസ്തു വെന്നും പട്ടയം ലഭിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്നും അറുപത്തിനാലുകാരനായ രമണന് ആചാരി പറഞ്ഞു. 22 വര്‍ഷം മുമ്പ് വിധവയായ രാജലക്ഷ്മി പല വീടുകളിലും കൂലിപ്പണി ചെയ്താണ് കുടുംബം പുലര്‍ത്തുന്നത്. രാജലക്ഷ്മിയുടെ 75 വയസ് പ്രായമുള്ള തീര്‍ത്തും അന്ധയായ അമ്മ ആറ് വര്‍ഷമായി കിടപ്പിലാണ്. പാലിയേറ്റീവ് കെയര്‍ യൂണിറ്റില്‍ നിന്നാണ് അമ്മയ്ക്ക് ആവശ്യമായ വൈദ്യസഹായങ്ങള്‍ ലഭിക്കുന്നത്. പ്രസവശേഷം വിശ്രമിക്കുന്ന ഏക മകളും പേരക്കുട്ടിയും അമ്മയുമൊത്ത് പട്ടയം കിട്ടിയ 4.47 സെന്റ് സ്ഥലത്ത് താമസിക്കുന്നതിന്റെ ഇരട്ടി മധുരത്തിലാണ് രാജലക്ഷ്മി.


