മൂവാറ്റുപുഴ: പായിപ്ര പഞ്ചായത്തിലെ പായിപ്ര, ഈസ്റ്റ് പായിപ്ര, മാനാറി, തൃക്കളത്തൂര്‍, തട്ടുപറമ്പ്, മുളവൂര്‍, വെസ്റ്റ് മുളവൂര്‍ ഭാഗങ്ങളില്‍ കഴിഞ്ഞ ദിവസം ആഞ്ഞുവീശിയ കൊടുങ്കാറ്റില്‍ കനത്ത കൃഷി നാശം അഞ്ച് ലക്ഷത്തോളം രൂപയുടെ കൃഷി നാശം ഉണ്ടായതായി കൃഷി വകുപ്പ് അധികൃതര്‍ അറിയിച്ചു.
ഏത്ത വാഴ, റബ്ബര്‍, ജാതി തുടങ്ങിയ വിളകള്‍ക്ക് ആണ് വ്യാപക നാശം സംഭവിച്ചത്. മുളവൂര്‍ നെല്ലിമറ്റം അലിയുടെ 500-ഓളം കുലച്ച ഏത്തവാഴകളാണ് കാറ്റില്‍ നിലംപൊത്തിയത്. ഈസ്റ്റ് പായിപ്ര പേണ്ടാണത്ത് മൈതീന്റെ കലച്ചുനിന്നിരുന്ന 300 ഏത്തവാഴകളും കാറ്റില്‍ നിലംപൊത്തി. ഇതിന് പുറമേ നിരവധി കര്‍ഷകരുടെ കാര്‍ഷിക വിളകളാണ് കാറ്റില്‍ നിലം പൊത്തിയത്. വിള ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗമായ കര്‍ഷകരും ഇതില്‍ ഉള്‍പ്പെടുന്നു. നിരവധി വീടുകള്‍ക്കും മരങ്ങള്‍ വീണ് കേട് പറ്റി. മുളവൂര്‍ എം.എസ്.എം.സ്കൂളിന് സമീപം റോഡിലേയ്ക്ക് മരംവീണ് ഗതാഗതം തടസപ്പെട്ടു. സമീപത്തെ ഇലവെന്‍ കെ.വി.ലൈനിലേയ്ക്കാണ് മരം മറിഞ്ഞ് വീണത്. ഇലക്ട്രിക് ലൈന്‍ പൊട്ടിവീണതോടെ പ്രദേശത്തെ വൈദ്യുതി ബന്ധവും നിലച്ചു. വെസ്റ്റ് മുളവൂര്‍ കനാല്‍ ബണ്ട് റോഡില്‍ വിവിധ സിഥലങ്ങളില് റബ്ബര്‍ മരങ്ങളടക്കം റോഡിലേയ്ക്ക് വീണതിനാല്‍ പല സ്ഥലങ്ങളിലും ഗതാഗത തടസവും നേരിട്ടു. പായിപ്ര പാറയില്‍ പൈലിയുടെ പുരയിടത്തിലെ നിന്ന തേക്കുമരം കടപുഴകി 11 കെവി ലൈനിലേക്ക് വീണതോടെ പായിപ്ര വൈദ്യുതി ബന്ധം പൂര്‍ണ്ണമായി നിലച്ചു.
പായിപ്ര സര്‍വ്വീസ് സഹകരണ ബാങ്കിനുമുകളിലേക്ക് തേക്ക് മരം ഒടിഞ്ഞ് വീണ് കെട്ടിടത്തിന് സാരമായ പരിക്ക് പറ്റി. പായിപ്ര വേലംകുടി പുത്തന്‍പുരയില്‍ ബിജുവിന്റെ വീട്ടിലേക്ക് ആഞ്ഞിലിമരം കടപുഴകി വീണ് കെട്ടിടത്തിന് നാശനഷ്ടം സംഭവിച്ചു. പായിപ്ര പഞ്ചായത്ത് 1,2,22,3,4,5,6, വാര്‍ഡുകളിലാണ് നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുള്ളത്. ശക്തമായി വീശിയടിച്ച കാററില്‍ വാഴ, കപ്പ, റബര്‍മരങ്ങള്‍ എന്നിവ കടപുഴകി വീഴുകയായിരുന്നു. ശനിയാഴ്ച ഉച്ചയോടെയാണ് വൈദ്യുതി ബന്ധം ഭാഗികമായി പുസ്ഥാപിക്കുവാന്‍ കഴിഞ്ഞത്. കൃഷി നാശം സംഭവിച്ച സ്ഥലങ്ങളില്‍ ജില്ലാ പഞ്ചാത്ത് അംഗം എന്‍.അരുണ്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി. ഇബ്രാഹിം എന്നിവര്‍ സന്ദര്‍ശിച്ചു.


