കൊച്ചി നഗരത്തില്‍ വിഷപ്പുക നിറച്ച് ബ്രഹ്മപുരത്തെ മാലിന്യപ്ലാന്റിലുണ്ടായ തീപിടിത്തം പൂര്‍ണമായും അണയ്ച്ചതായി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എംബി രാജേഷ്. രാത്രി വൈകി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് മന്ത്രി ഇക്കാര്യം അവകാശപ്പെട്ടത്. ശമകരമായ ദൗത്യം വിജയകരമായി പൂര്‍ത്തീകരിച്ച കലക്ടറുടെ നേതൃത്വത്തിലുള്ള ജില്ലാ ഭരണകൂടം, ഫയര്‍ ഫോഴ്സ്, കോര്പറേഷന് അധികാരികള്‍ ഉള്‍പ്പെടെ എല്ലാവര്ക്കും മന്ത്രി നന്ദി അറിയിച്ചു. കൊച്ചി നഗരത്തില്‍ ദിവസങ്ങളായി തുടരുന്ന വിഷപ്പുക ശമിച്ചതായും മന്ത്രി ചൂണ്ടിക്കാട്ടി. ബ്രഹ്മപുരം മാലിന്യ സംസ്കരണ കേന്ദ്രത്തില്‍ തീപിടിത്തം റിപ്പോര്‍ട്ട് ചെയ്ത് 11 ദിവസങ്ങള്‍ പിന്നിടുമ്പോഴാണ് പൂര്‍ണമായും അണയ്ക്കാനായതെന്നും മന്ത്രി പറഞ്ഞു.
ബ്രഹ്മപുരത്തെ തീപിടിത്തെ തുടര്‍ന്ന് നഗര വാസികള്‍ക്ക് വിഷപുകയുണ്ടാക്കിയ ആരോഗ്യ പ്രശ്നങ്ങള്‍ നേരിടാനുള്ള നടപടികളും പുരോഗമിക്കുകയാണ്. കൊച്ചി നഗരത്തിന്റെ വിവിധഭാഗങ്ങളില്‍ ഇന്നുമുതല്‍ മൊബൈല്‍ മെഡിക്കല്‍ യൂണിറ്റുകളും പ്രവര്‍ത്തിക്കും. ജനവാസ കേന്ദ്രങ്ങളില്‍ ശ്വാസകോശ സംബന്ധമായ രോഗലക്ഷണങ്ങള്‍ ഉളളവരെയും മറ്റ് അനുബന്ധ രോഗലക്ഷണങ്ങള്‍ ഉളളവരെയും നിരീക്ഷിക്കുന്നതിനും അടിയന്തര വൈദ്യ സഹായം ലഭ്യമാക്കുന്നതിനും വേണ്ടിയാണ് മൊബൈല്‍ മെഡിക്കല്‍ യൂണിറ്റുകള്‍ സജ്ജമാക്കുന്നത്. നാളെ രണ്ട് മൊബൈല്‍ യൂണിറ്റുകളും ചൊവ്വാഴ്ച അഞ്ച് മൊബൈല്‍ യൂണിറ്റുകളും പ്രവര്‍ത്തനം ആരംഭിക്കും.