മൂവാറ്റുപുഴ: ഒടുവില്‍ ആശങ്കകള്‍ അവസാനിച്ചു. മാത്യു കുഴല്നാടന് മൂവാറ്റുപുഴ നിയോജകമണ്ഡലത്തിന്റെ യുഡിഎഫ് സ്ഥാനാര്‍ഥി. കെപിസിസി ജനറല്‍ സെക്രട്ടറിയും കെപിസിസി റിസേര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ അധ്യക്ഷനുമായ മാത്യുവിന്റെ സ്ഥാനാര്‍ഥിത്വത്തിലൂടെ യുഡിഎഫ് ലക്ഷ്യമിടുന്നത് മണ്ഡലം തിരിച്ചുപിടിക്കുക എന്നതാണ്. ഓള് ഇന്ത്യ പ്രൊഫഷണല്‍ കൊണ്ഗ്രസ്സ് സംസ്ഥാന പ്രസിഡന്റായിരുന്ന കാലത്ത് നിരവധി പുരോഗമന പ്രവര്‍ത്തനങ്ങളിലൂടെ കോണ്‍ഗ്രസിന് നവോര്‍ജം പ്രദാനം ചെയ്യാന്‍ അദ്ദേഹത്തിനായി. ദേശീയ രാഷ്ട്രീയത്തില്‍ ഏറെ പരിചയമുള്ള മാത്യു കുഴല്‍നാടന്റെ സ്ഥാനാര്‍ഥിത്വം കേന്ദ്ര നേതൃത്വത്തിന്റെയും സംസ്ഥാന നേതൃത്വത്തിന്റെയും പൂര്‍ണ സമ്മതത്തോടെയാണ്.
ഹൈക്കോടതി അഭിഭാഷകനായ മാത്യു, കേരളം സമീപകാലത്ത് ശ്രദ്ധിച്ച നിരവധി കേസുകള്‍ കൈകാര്യം ചെയ്തു. പിഎസ് സി വിഷയത്തില്‍ ഉദ്യോഗാര്‍ഥികളുടെ പ്രതീക്ഷയായി മാത്യു നിലകൊണ്ടു. അവര്‍ക്കൊപ്പം സമരരംഗത്തും മാത്യു സജീവമായിരുന്നു. കെ എസ് ഇ ബിയിലെ അശാസ്ത്രീയ ബില്ലിങ്ങിനെതിരേ രംഗത്തു വന്നു. ഇടുക്കിയിലെ കര്‍ഷകരുടെ പ്രശ്നത്തില്‍ നിയമപരമായും രാഷ്ട്രീയമായും ഇടപെട്ടു. മൂവാറ്റുപുഴ, കോതമംഗലം മേഖലകളിലെ കൃഷിയിടങ്ങളില്‍ വന്യ ജീവികളുടെ ആക്രമണം രൂക്ഷമായപ്പോള്‍ പ്രദേശങ്ങളില്‍ ഓടിയെത്തി. പ്രശ്നത്തില്‍ ക്രിയാത്മകമായി ഇടപെട്ട് അധികൃതരെക്കൊണ്ട് നടപടികള്‍ സ്വീകരിപ്പിച്ചു. കിഫ് ബി യിലെ അഴിമതികള്‍ വെളിച്ചത്തു കൊണ്ടുവന്നത് കുഴല്‍നാടനാണ്. മസാല ബോണ്ട് ഇറക്കുന്നതിലെ ഭരണഘടനാ സാധുത ഇല്ലായ്മ ജനങ്ങളോടു വിളിച്ചു പറഞ്ഞു. 108 ആംബുലന്‍സിന്റെ മറവില്‍ സര്‍ക്കാര്‍ നടത്തിയ തട്ടിപ്പ് വെളിയില്‍ കൊണ്ടുവന്നതും കുഴല്‍നാടനാണ്.
വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ കടന്നുവന്ന കുഴല്നാടാന് യൂത്ത് കോണ്‍ഗ്രസിലൂടെ രാഷ്ട്രീയത്തില്‍ സജീവമായത്. രാഹുല്‍ ഗാന്ധിക്കൊപ്പം ദേശീയ തലത്തിലും പ്രവര്‍ത്തിച്ചു. 1977 മെയ് 28ന് കര്‍ഷക കുടുംബമായ കുഴല്‍നാട് എബ്രാമിന്റെയും മേരിയുടെയും ആറാമത്തെ മകനായി ജനിച്ച മാത്യു കുഴല്നാടന് കോതമംഗലം ശോഭന സ്കൂള്‍, മുവാറ്റുപുഴ നിര്‍മല സ്കൂള്‍ എന്നിവടങ്ങളില്‍ നിന്ന് പ്രഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. കോതമംഗലം മാര്‍ ഇവാനിയോസ് കോളജില്‍ നിന്ന് പ്രീ ഡിഗ്രി പാസായി. ഇടതു രാഷ്ട്രീയത്തിന്റെ കോട്ടയായ തിരുവനന്തപുരം ലോ കോളജില്‍ നിന്ന് നിയമ ബിരുദവും കരസ്ഥമാക്കി. കെ എസ് യു വി ലൂടെ രാഷ്ട്രീയത്തിലേക്ക് കാല് വച്ചു. കെ എസ് യു സംസ്ഥാന ജനറല്‍ സെക്രട്ടറി, സംസ്ഥാന വൈസ് പ്രസിഡന്റ് എന്നി ചുമതലകള്‍ വഹിച്ചു.
2004ല്‍ ജെ.എന്‍.യു വില്‍ ഉപരിപഠനത്തിനു ചേര്‍ന്നു. അന്താരാഷ്ട്ര വ്യാപാര നിയമത്തില്‍ സര്‍വകലാശാല ഡോക്ടറേറ്റ് ലഭിച്ചിട്ടുണ്ട്. ജെ.എന്‍.യു പഠനകാലത്ത് നാഷണല്‍ സ്റ്റുഡന്റ്സ് യൂണിയനില്‍ പ്രവര്‍ത്തിച്ചു. തിരിച്ചു കേരളത്തില്‍ എത്തി യൂത്ത് കോണ്‍ഗ്രസില്‍ സജീവമായി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി, സംസ്ഥാന ഉപാദ്ധ്യക്ഷന്‍, ദേശീയ സെക്രട്ടറി എന്നി സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. രാഹുല്‍ ഗാന്ധി പ്രൊഫഷണല്‍ കോണ്‍ഗ്രസ് ആരംഭിച്ചപ്പോള്‍ സംസ്ഥാന അദ്ധ്യക്ഷനായി ചുമതലയേറ്റെടുത്തു. കെ.കെ വേണുഗോപാല്‍ ,കപില്‍ സിബല്‍ അടക്കമുള്ള പ്രമുഖ അഭിഭാഷകരോടൊപ്പം പ്രാക്ടീസ് ചെയ്തിട്ടുണ്ട്. ഇന്ത്യന്‍ ലോ ഇന്‍സ്റ്റിറ്റ്യൂട്ട്,ഐ. എഫ്.എഫ്.ടി എന്നീ സ്ഥാപനങ്ങളില്‍ വിസിറ്റിംഗ് ഫാക്വല്റ്റിയായി പ്രവര്‍ത്തിച്ചിട്ടുണ്ട് .രാഹുല്‍ ഗാന്ധി ,സോണിയ ഗാന്ധി ,ഡോ.മന്മോഹന് സിങ് എന്നീ ദേശീയ നേതാക്കളുമായി വളരെ അടുത്തു പ്രവര്‍ത്തിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. ഡല്‍ഹി കേന്ദ്രീകൃതമായ കെ.എം.എന്‍.പി എന്ന അഭിഭാഷക സ്ഥാപനത്തിന്റെ പങ്കാളി കൂടിയാണ് അദ്ദേഹം. എല്‍സ കാതറിനാണ് ഭാര്യ. മകന് – ആദം ഏബ്രഹാം മാത്യു.