കൊച്ചി : ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ പുകയണയ്ക്കല്‍ ലക്ഷ്യത്തിലേക്ക്. ചതുപ്പായ പ്രദേശത്താണ് ഇപ്പോള്‍ കേന്ദ്രീകരിച്ചിരിക്കുന്നത്. മറ്റു മേഖലകളില്‍ തീയും പുകയും പൂര്‍ണമായി ശമിച്ചിട്ടുണ്ട്. ചതുപ്പിലെ പുക ശമിപ്പിക്കുന്നതില്‍ ഇന്നു തന്നെ ഗണ്യമായ പുരോഗതി ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍. ജില്ലാ കളക്ടര്‍ എന്‍.എസ്.കെ ഉമേഷിന്റെ നേതൃത്വത്തില്‍ 24 മണിക്കൂറും ഷിഫ്റ്റുകളില്‍ അഗ്നിശമന പ്രവര്‍ത്തനം നടക്കുന്നു.
നിലവില്‍ 200 അഗ്നിശമന സേനാംഗങ്ങളും, 18 എസ്കവേറ്റര്‍ ഓപ്പറേറ്റര്‍മാരും 68 സിവില്‍ ഡിഫന്‍സ് അംഗങ്ങളും 55 കൊച്ചി കോര്പ്പറേഷന് ജീവനക്കാരും 48 ഹോം ഗാര്‍ഡുകളും 6 പോലീസുകാരും നേവിയുടെ 5 പേരും ബി.പി.സി.എല്ലിലെ 2 പേരും സിയാലില്‍ നിന്ന് 3 പേരും റവന്യു വകുപ്പില്‍ നിന്ന് 4 പേരും ദൗത്യത്തിനുണ്ട്. ആംബുലന്‍സും 6 പേര് ഉള്‍പ്പെട്ട മെഡിക്കല്‍ സംഘവും സ്ഥലത്തുണ്ട്. പുക അണയ്ക്കാന്‍ ഒരു ഫോം ടെന്‍ഡര്‍ യുണിറ്റും 18 ഫയര്‍ യൂണിറ്റുകളും 18 എസ്കവേറ്ററുകളും 3 ഹൈ പ്രഷര്‍ പമ്പുകളും ഉപയോഗിക്കുന്നുണ്ട്.
മാലിന്യ പ്ലാന്റ് പ്രദേശത്ത് അസ്ക ലൈറ്റുകള്‍ വിന്യസിച്ച് രാത്രിയിലും നടത്തിയ നിതാന്ത പരിശ്രമമാണ് പുക നിയന്ത്രണം ഫലവത്താക്കിയത്. ഫയര്‍ ടെന്‍ഡറുകള്‍ നേരിട്ട് എത്തിക്കാനാകാത്തതാണ് ചതുപ്പു മേഖലയില്‍ നേരിട്ട പ്രശ്നം. കടമ്പ്രയാറില്‍ നിന്നും ഉയര്‍ന്ന ശേഷിയുള്ള പമ്പുകള്‍ ഉപയോഗിച്ച് ഉന്നത മര്‍ദ്ദത്തില്‍ വെള്ളം പമ്പു ചെയ്താണ് ഇതിന് പരിഹാരം കണ്ടത്. മിനിട്ടില്‍ 4000 ലിറ്റര്‍ വെളളമാണ് ഇത്തരത്തില്‍ പമ്പു ചെയ്യുന്നത്. ഫയര്‍ ടെന്‍ഡറുകള്‍ എത്തിക്കാനാകാത്ത മറ്റ് കൂനകളിലേക്കും വെള്ളമെത്തിക്കാന്‍ പമ്പ് ഉപയോഗിക്കുന്നു
പ്ലാന്റ് പ്രദേശത്തെ 7 സെക്ടറുകളായി തിരിച്ചതില്‍ 5 സെക്ടറുകളിലും തീ അണച്ചു. തീ അണച്ച കൂനകളില്‍ ചെറിയ രീതിയില്‍ പോലും പുക ഉയരുന്നുണ്ടെങ്കില്‍ കണ്ടെത്താന്‍ പട്രോളിംഗ് സംഘവും രംഗത്തുണ്ട്. കൂടാതെ മാലിന്യക്കൂനയിലെ കനലുകള്‍ കണ്ടെത്തുന്നതിന് തെര്‍മല്‍ ക്യാമറ ഘടിപ്പിച്ച ഡ്രോണുകളും വിന്യസിക്കും. ഫയര്‍ ടെന്‍ഡറുകള്‍ ചെളിയില്‍ താഴുന്നത് ഒഴിവാക്കാന്‍ മെറ്റലും നിരത്തി.
പുകയുടെ അളവില്‍ കുറവ്
പുകയണയ്ക്കല്‍ അന്തിമഘട്ടത്തിലേക്ക് കടക്കുമ്പോള്‍ പുകയുടെ അളവില്‍ ഗണ്യമായ കുറവു വന്നത് അന്തരീക്ഷത്തിലും പ്രതിഫലിക്കുന്നു. ഇതു സംബന്ധിച്ച് കണ്ട്രോള് റൂമില്‍ ലഭിക്കുന്ന കോളുകളുടെ എണ്ണത്തിലും കുറവുണ്ട്. വായു നിലവാരം മെച്ചപ്പെട്ടതായി മലിനീകരണ നിയന്ത്രണ ബോര്‍ഡ് അറിയിച്ചു


