ആലുവ : റോഡരികിലെ കാനകള്‍ക്ക് കുറുകെയിട്ടിരിക്കുന്ന ഉറപ്പില്ലാത്ത സ്ലാബുകള്‍ കാല്‍നട യാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും ഒരുപോലെ ഭീക്ഷണിയാവുന്നു. നഗരത്തിലെ വിവിധ പ്രദേശങ്ങളില്‍ ഇത്തരം സ്ലാബുകള്‍ അപകടങ്ങള്‍ക്ക് കാരണമാവുകയാണ്.
ദേശീയപാതയില്‍ മേല്‍പ്പാലത്തിന് താഴെ ഇരുവശത്തേക്കും വാഹനങ്ങള്‍ സഞ്ചരിക്കുന്ന റോഡിന്റെ മധ്യഭാഗത്ത് സ്ലാബ് പൊട്ടി കുഴി രൂപപ്പെട്ടിട്ട് ആഴ്ചകളായി. നിരവധി തവണ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും സ്ലാബ് മാറ്റിയിടാന്‍ തയ്യാറായില്ലെന്നും പരാതിയുണ്ട്.
പൊട്ടിയ സ്ലാബ് എടുത്തുമാറ്റാതെ അതിന് മുകളില്‍ മറ്റൊരു സ്ലാബ് അലക്ഷ്യമായി ഇട്ടരിക്കുകയാണ്. മുകളിലത്തെ സ്ലാബും പൊട്ടിയ സ്ലാബും ഒരുപോലെ വാഹനങ്ങള്‍ക്ക് ഭീഷണിയായി.
ഒരുകൊല്ലത്തിനിടയില്‍ ഇത് മൂന്നാം തവണയാണ് ഇവിടെ സ്ലാബ് പൊട്ടി കുഴി രൂപപ്പെടുന്നത്. നിരവധി ഭാരമേറിയ വാഹനങ്ങള്‍ കടന്നുപോകുന്ന വഴിയായതിനാല്‍ സ്ലാബിന്റെ ബലക്കുറവാണ് നിരന്തരമായി അവ പൊട്ടുന്നതിന് കാരണമെന്നാണ് ആരോപണം.


