
പെരുമ്പാവൂര്‍ : തോട്ടപ്പാടന്‍പടി – പുളിയാമ്പിള്ളി റോഡിന്റെ ഉദ്ഘാടനം മുന്‍ നിയമസഭാ സ്പീക്കര്‍ പി.പി തങ്കച്ചനും അഡ്വ. എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ യും ചേര്‍ന്ന് നിര്‍വഹിച്ചു. 3 കോടി രൂപയാണ് ഈ പദ്ധതിക്കായി അനുവദിച്ചിരുന്നത്. കഴിഞ്ഞ വര്‍ഷത്തെ ബജറ്റ് പ്രോവിഷന്‍ ഫണ്ടില്‍ നിന്നാണ് ഈ റോഡ് പുനര്‍ നിര്‍മ്മിക്കുന്നതിനുള്ള തുക എം.എല്‍.എ അനുവദിച്ചത്. തോട്ടപ്പാടന്‍പടി മുതല്‍ പുളിയാമ്പിള്ളി കനാല്‍ വരെയുള്ള ഭാഗമാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
3 കിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്ന ഈ റോഡിന്റെ ഏറ്റവും ശോചനീയാവസ്ഥയിലായ 1.700 കിലോമീറ്ററോളം ഭാഗം ടൈല്‍ വിരിച്ചാണ് നവീകരിച്ചത്. ബാക്കി വരുന്ന ദൂരം ബി.എം. ആന്റ് ബി.സി നിലവാരത്തില്‍ ടാര്‍ ചെയ്ത് പുനര്‍ നിര്‍മ്മിച്ചു. റോഡ് ലൈനിങ് ചെയ്തും രാത്രി യാത്രികര്‍ക്ക് അപകടങ്ങള്‍ ഒഴിവാക്കുന്നതിനായി സഹായകരമാകുന്ന രീതിയില്‍ റിഫ്ലേക്ടറുകളും ദിശാ സൂചികകളും ഇവിടെ സ്ഥാപിക്കും.
കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ശോചനീയാവസ്ഥയില്‍ തുടരുന്ന റോഡാണിത്. റോഡിനായി എം.എല്‍.എ തുക അനുവദിച്ചെങ്കിലും സര്‍ക്കാരിന്റെ ടോക്കണ്‍ പ്രോവിഷന്‍ റോഡുകളുടെ ലിസ്റ്റില്‍ ഈ റോഡ് ഉള്‍പ്പെടാത്തതിനാല്‍ ഭരണാനുമതി ലഭ്യമായിരുന്നില്ല. തുടര്‍ന്ന് ഈ റോഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് എം.എല്‍.എ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന് കത്ത് നല്‍കുകയും അതിനെ തുടര്‍ന്ന് കഴിഞ്ഞ ബജറ്റില്‍ ഈ റോഡ് ഉള്‍ക്കൊള്ളിച്ചതിന് ശേഷമാണ് ഈ പദ്ധതിക്കുള്ള ഭരണാനുമതി ലഭ്യമായത്.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്വാതി റെജികുമാര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് പി.എ മുക്താര്‍ സ്വാഗതം ആശംസിച്ചു. എം.എം അവറാന്, വി.എം ഹംസ, എം.പി അബ്ദുള്‍ ഖാദര്‍, എം.യു ഇബ്രാഹിം, ജില്ലാ പഞ്ചായത്ത് അംഗം ജോളി ബേബി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ മുംതാസ്, വൈസ് പ്രസിഡന്റ് ജോജി ജേക്കബ്, അംഗങ്ങളായ റെനിഷാ അജാസ്, നഗീന ഹാഷീം, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എല്‍ദോ മോസസ്, സി.വി മുഹമ്മദാലി, മേര്ളി റോയി, വി.എച്ച് മുഹമ്മദ്, ടി.എം കുര്യാക്കോസ്, കെ.എന്‍ സുകുമാരന്‍, എം.എം ഷാജഹാന്, എം.പി ജോര്‍ജ്ജ് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.


