പെരുമ്പാവൂര്‍ : മണ്ണൂര്‍ പോഞ്ഞാശ്ശേരി റോഡിന്റെ നിലവിലുള്ള കരാറുകാരനെ ഒഴിവാക്കി പദ്ധതി വേഗത്തില്‍ പൂര്‍ത്തികരിക്കണമെന്ന് മുന്‍ നിയമസഭ സ്പീക്കര്‍ പി.പി തങ്കച്ചന്. മണ്ണൂര്‍ പോഞ്ഞാശ്ശേരി റോഡിന്റെ ശോചനീയാവസ്ഥയില്‍ നടപടികള്‍ സ്വീകരിക്കാത്ത പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെയും കരാറുകാരന്റെ അലംഭാവത്തിനെതിരെയും എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ പെരുമ്പാവൂര്‍ പൊതുമരാമത്ത് വകുപ്പ് ഓഫിസിന് മുന്നില്‍ നടത്തിയ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നിരവധി തവണ ഇതുമായി ബന്ധപ്പെട്ട് അവലോകന യോഗങ്ങള്‍ എംഎല്‍എ ഓഫീസിലും ഓണ്‍ലൈന്‍ വഴിയും വിളിച്ചു ചേര്‍ത്തെങ്കിലും പൊതുമരാമത്ത് വകുപ്പിന്റെ അനാസ്ഥയാണ് പദ്ധതിയുടെ മെല്ലെപോക്കിന് കാരണമെന്ന് അദ്ദേഹം പറഞ്ഞു.
മന്ത്രിയെ നേരില്‍ കണ്ടും കത്ത് വഴിയും വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുവാന്‍ ആവശ്യപ്പെട്ടിട്ടും റോഡ് നിര്‍മ്മാണത്തിന് വേഗത വന്നില്ലെന്നും എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ ആരോപിച്ചു. റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടു കിഫ്ബിയിലും കേരള റോഡ് ഫണ്ട് ബോര്‍ഡിലും നേരിട്ട് ചെന്ന് കാര്യങ്ങള്‍ അവതരിപ്പിച്ചിട്ടും നടപടികള്‍ സ്വീകരിക്കുന്നില്ല.
എറണാകുളം ജില്ലയിലെ 2 മണ്ഡലങ്ങളില്‍ കൂടി കടന്നുപോകുന്നതും 4 മണ്ഡലങ്ങള്‍ക്ക് പ്രയോജനകരവുമായ റോഡാണ് മണ്ണൂര്‍ പോഞ്ഞാശ്ശേരി റോഡ്. എം.സി റോഡിലെ തിരക്ക് ഒഴിവാക്കുന്നതിന് ഈ റോഡ് ഉപയോഗപ്പെടുത്തുവാന്‍ സാധിക്കും. പെരുമ്പാവൂര്‍ ടൗണില്‍ കൂടി പോകാതെ തന്നെ പടിഞ്ഞാറന്‍ മേഖലയിലേക്ക് എത്തിച്ചേരുന്നതിനും മണ്ണൂര്‍ പോഞ്ഞാശ്ശേരി റോഡ് സഹായകരമാണ്. നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് പോകുന്നതിനും ഈ റോഡ് ഉപകരിക്കുന്നുണ്ട്. അതിനാല്‍ തന്നെ ഈ റോഡിന്റെ പ്രാധാന്യം ഏറെയാണ്.
സംസ്ഥാന സര്‍ക്കാരിന്റെ ആദ്യത്തെ ബജറ്റില്‍ 10 കോടി രൂപ അനുവദിച്ച റോഡാണ് മണ്ണൂര്‍ പോഞ്ഞാശ്ശേരി റോഡ്. സര്‍വ്വേ നടപടികള്‍ പൂര്‍ത്തീകരിച്ചു വിശദമായ പദ്ധതി റിപ്പോര്‍ട്ട് തയ്യാറാക്കി കഴിഞ്ഞപ്പോള്‍ 23.74 കോടി രൂപയായി പദ്ധതി ചെലവ് ഉയര്‍ന്നു. തുടര്‍ന്ന് ഈ പദ്ധതിക്ക് കിഫ്ബി അംഗീകാരം നല്‍കുകയും ടെന്‍ഡര്‍ ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചു 2019 ജനുവരി അഞ്ചിന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ശ്രീ ജി സുധാകരന് നിര്‍മ്മാണണോദ്ഘാടനം നിര്‍വഹിക്കുകയും ചെയ്തു. 14 മാസമായിരുന്നു നിര്‍മ്മാണ കാലാവധി.
എന്നാല്‍ റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു 21 മാസങ്ങള്‍ കഴിഞ്ഞിട്ടും നിര്‍മ്മാണം പൂര്‍ത്തികരിക്കുവാന്‍ ഇതുവരെ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സാധിച്ചിട്ടില്ല. 2019 മുതല്‍ കൊറോണ വൈറസ് വ്യാപിക്കുന്ന ഘട്ടത്തില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കന്നതിന് മുന്‍പ് വരെ ഈ പദ്ധതിയുമായി ബന്ധപ്പെട്ട് വൈദ്യുതി ബോര്‍ഡ്, വാട്ടര്‍ അതോറിറ്റി, താലൂക്ക് സര്‍വ്വേ വിഭാഗം തുടങ്ങിയ വകുപ്പുകളെ ഏകോപിപ്പിച്ചു എംഎല്‍എ ഓഫിസില്‍ അവലോകന യോഗങ്ങള്‍ ചേര്‍ന്നിട്ടുണ്ടെന്ന് എല്‍ദോസ് കുന്നപ്പിള്ളി പറഞ്ഞു. ഇത് കൂടാതെ ലോക്ക് ഡൗണ്‍ തുടങ്ങിയത് മുതല്‍ ടെലിഫോണ്‍ വഴിയുള്ള യോഗങ്ങളും ചേര്‍ന്ന് ഈ പദ്ധതി വേഗത്തിലാക്കുവാന്‍ പരമാവധി ശ്രമങ്ങള്‍ നടത്തിയിട്ടുണ്ട് എന്ന് എംഎല്‍എ പറഞ്ഞു.
വെങ്ങോല മുതല്‍ പോഞ്ഞാശ്ശേരി വരെയുള്ള 3.50 കിലോമീറ്റര്‍ ദൂരം ആദ്യമേ തന്നെ ആദ്യഘട്ട ടാറിംഗ് പൂര്‍ത്തികരിച്ചിരുന്നു. വെങ്ങോല മുതല്‍ മണ്ണൂര്‍ വരെയുള്ള 8 കിലോമീറ്റര്‍ ദൂരമാണ് പദ്ധതി ഇഴഞ്ഞു നീങ്ങുന്നത്. കേരള റോഡ് ഫണ്ട് ബോര്‍ഡിന്റെ ഡ്രോണ്‍ സര്‍വ്വേയും പദ്ധതി പ്രദേശത്ത് നടത്തുന്ന ടോട്ടല്‍ സ്റ്റേഷന് സര്‍വേയും തമ്മില്‍ യാതൊരു ബന്ധവും ഇല്ലാത്ത രീതിയിലാണ് നിലവില്‍ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ എടുത്തു വെച്ചിരിക്കുന്നത്. പദ്ധതി വൈകുന്നതിന് ഇതും ഒരു പ്രധാന കാരണമായി. ഉദ്യോഗസ്ഥ തലത്തിലെ കുറ്റകരമായ ഒരു അനാസ്ഥയാണ് ഇത്. പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ റോഡ് നിര്‍മാണം നടക്കുന്ന സ്ഥലത്ത് പോയി ഇടപെടല്‍ നടത്താത്തത് കൊണ്ടും മേല്‍നോട്ടം വഹിക്കാത്തത് കൊണ്ടും ഉണ്ടായ അപാകതയായി ഇത് ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഈ വിഷയം ചൂണ്ടി കാട്ടി ആഗസ്റ്റ് മാസം ഇരുപത്തിയൊന്നാം തിയ്യതി മന്ത്രി ജി സുധാകരന് എല്‍ദോസ് കുന്നപ്പിള്ളി പരാതി നല്‍കിയിരുന്നു. റോഡ് നിര്‍മ്മാണത്തിന്റെ കരാര്‍ കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള കാലാവധി നീട്ടി നല്‍കുന്നതിനും എല്‍ദോസ് കുന്നപ്പിള്ളി കൃത്യമായ രീതിയില്‍ ഇടപെട്ടിരുന്നു. കൃത്യമായ രീതിയില്‍ പദ്ധതി മുന്നോട്ടു കൊണ്ടുപോകുവാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ കരാറുകാരനെ ഒഴിവാക്കി റി ടെന്‍ഡര്‍ ചെയ്തു പദ്ധതി വേഗത്തില്‍ പൂര്‍ത്തികരിക്കുന്നതിനും കൃത്യവിലോപം നടത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടും സമരശേഷം പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ക്ക് എംഎല്‍എ കത്ത് നല്കി.
ഒ. ദേവസ്സി, കെ.എം.എ സലാം, മനോജ് മൂത്തേടന്, വി.എം ഹംസ, പോള്‍ ഉതുപ്പ്, ബാബു ജോണ്‍, ടി.ജി സുനില്‍, എസ് ഷറഫ്, ജോര്‍ജ്ജ് കിഴക്കുമശ്ശേരി, വി.ബി മോഹനന്, പി.കെ മുഹമ്മദ് കുഞ്ഞ്, കെ.കെ മത്തുകുഞ്ഞു, ജോയി പൂണേലില്‍, പി.പി ആ അവറാച്ചന്, ജനപ്രതിനിധികളായ പി.എ മുക്താര്‍, ജോയി മഠത്തില്‍, എ.ടി അജിത്കുമാര്‍, കെ.വി ജെയ്സന്, എല്‍ദോ ചെറിയാന്, പി.എസ് രാജന്, അഡ്വ. ജോബി മാത്യു, ജോഷി തോമസ്, ജോജി കൂടാലപ്പാട്, സജി പടയാറ്റില്‍, കമല്‍ ശശി, പി.എച്ച് സാബിദ്, സനല്‍ അവറാച്ചന്, ബിനോയ് അരീക്കല്‍, കുര്യന് പോള്‍, കെ.ടി മനോജ്, മര്‍ച്ചന്റ് അസോസിയേഷന് ഭാരവാഹികള്‍ എന്നിവര്‍ സമരത്തിന് അഭിവാദ്യം അര്‍പ്പിച്ചു.