എൽദോസ് കുന്നപ്പിള്ളി എം.എൽ.എ പെരുമ്പാവൂർ മണ്ഡലത്തിലെ കാർഷിക മേഖലയിൽ നടപ്പിലാക്കുന്ന പച്ചത്തുരുത്ത് പദ്ധതിക്ക് പരിസ്ഥിതി ദിനത്തിൽ തുടക്കമായി. വെങ്ങോല പെരുമാനിയിൽ കെ.എൻ സുകുമാരന്റെ സ്ഥലത്ത് കൃഷി ആരംഭിച്ചതാണ് പദ്ധതിയുടെ നിയോജകമണ്ഡല തല ഉദ്ഘാടനം എൽദോസ് കുന്നപ്പിള്ളി എം.എൽ.എ നിർവഹിച്ചത്.
മണ്ഡലത്തിലെ ഏഴ് പഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലുമാണ് പദ്ധതി നടപ്പിലാക്കുന്നത്. 100 യുവകർഷകർക്ക് ഓരോ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയിൽ നിന്നും കൃഷി ചെയ്യുന്നതിനുള്ള അവസരം ഒരുക്കും. പദ്ധതിക്ക് ആവശ്യമായ കാർഷിക ഉപകരണങ്ങളും ലഭ്യമാക്കും. എം.എൽ.എ ഫണ്ട്, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഫണ്ടുകൾ ഉൾപ്പെടെയുള്ളവ പദ്ധതിക്കായി വിനിയോഗിക്കുമെന്ന് എൽദോസ് കുന്നപ്പിള്ളി പറഞ്ഞു.
വെങ്ങോല ഗ്രാമപഞ്ചായത്ത് അദ്ധ്യക്ഷ സ്വാതി റെജികുമാർ, എം.എം അവറാൻ, ജോജി ജേക്കബ്ബ്, എൽദോ മോസസ്, രാജു മാത്താറ, ജിഷ ടീച്ചർ, കെ.എൻ രാമകൃഷ്ണൻ, ജോയി മഠത്തിൽ, ടി.എം കുര്യാക്കോസ്, കെ.എൻ സുകുമാരൻ, എൻ.വി കുര്യാക്കോസ്, ബാബു പെരുമാനി, കൃഷി വകുപ്പ് ഉദ്യോഗസ്ഥരായ മോളി പി.ജെ, രജിത ആർ അടിയോടി എന്നവർ സംബന്ധിച്ചു