മൂവാറ്റുപുഴ: നിയോജക മണ്ഡലത്തിലെ ജനകീയ പ്രശ്നങ്ങളില്‍ ശാശ്വത പരിഹാരമാരുക്കാന്‍ മഹാപഞ്ചായത്തുമായി മൂവാറ്റുപുഴ എം.എല്‍.എ മാത്യു കുഴല്നാടന്. മഹാ പഞ്ചായത്തുകള്‍ നടത്തി ജനങ്ങളില്‍ നിന്ന് പരാതികള്‍ നേരിട്ട് സ്വീകരിക്കാനും ശാശ്വത പരിഹാരമുണ്ടാക്കാനുമുള്ള സൗകര്യമാണ് ഒരുങ്ങുന്നത്. മൂവാറ്റുപുഴ നിര്‍മല ഹയര്‍ സെക്കന്ററി സ്കൂളിലാണ് ശനിയാഴ്ച ആദ്യ മഹാ പഞ്ചായത്ത് നടക്കുന്നത്. പരിപാടിയുടെ നിയോജക മണ്ഡലം തല ഉദ്ഘാടനം ശനിയാഴ്ച ജില്ല കലക്ടര്‍ ജാഫര്‍ മാലിക് ഉദ്ഘാടനം ചെയ്യും. മൂന്നു മാസത്തിലൊരിക്കല്‍ മുന്‍കൂട്ടി തീരുമാനിച്ച തിയതികളില്‍ പഞ്ചായത്തുകള്‍ തോറും മഹാ പഞ്ചായത്തും ആവശ്യമെങ്കില്‍ തുടര്‍ പഞ്ചായത്തും നടത്താനാണ് തീരുമാനം.
മണ്ഡലത്തിലെ ഒരോ പഞ്ചായത്തുകകള്ക്കും പ്രത്യേകം മുറികളിലായാണ് സൗകര്യം ഒരുക്കിയിട്ടുള്ളത്. ഇങ്ങനെ 12 മുറികളിലേക്ക് വേണ്ട ഉദ്യോഗസ്ഥരെയും നിയോഗിച്ചിട്ടുണ്ട്. അതാത് പഞ്ചായത്തുകളിലെ പരാതികള്‍ രജിസ്റ്റര്‍ ചെയ്യാനുള്ള സൗകര്യം ഇവിടെ ഒരുക്കിയിട്ടുണ്ട്. താലൂക്ക് തലത്തില്‍ തീര്‍പ്പാക്കാന്‍ കഴിയാവുന്ന പരാതികളില്‍ ഉടനടി തന്നെ തീരുമാനം എടുക്കാന്‍ കഴിയുമെന്നതാണ് പ്രത്യേകത. ബാക്കിയുള്ള പരാതികളില്‍ നിന്ന് എം.എല്‍.എ നേരിട്ട് ഇടപെട്ട് ഉദ്യോഗസ്ഥ തലത്തില്‍ തുടര്‍ തീരുമാനങ്ങള്‍ ഉണ്ടാക്കുവാനുള്ള നടപടികള്‍ സ്വീകരിക്കും. ഇത്തരം പരാതികളുടെ തുടര്‍ നടപടികള്‍ വേഗത്തിലാക്കാന്‍ എം.എല്‍.എ ഓഫീസ് നേരിട്ട് ഇടപെടും.
മഹാ പഞ്ചായത്ത് കൂടുതല്‍ ജനകീയമാക്കുന്നതിന്റെ ഭാഗമായി വിവിധ വകുപ്പുകളുടെ മേധാവികളുടെ സാന്നിധ്യം കൂടി ഉറപ്പുവരുത്തും. അതാത് ഗ്രാമ പഞ്ചായത്ത് അംഗങ്ങളും അതാത് കൗണ്ടറുകളില്‍ സേവനം നല്‍കും. എല്ലാ മാസവും ഓരോ പഞ്ചായത്തുകള്‍ തോറും എം.എല്‍.എ നേരിട്ടെത്തുന്ന തുടര്‍ പഞ്ചായത്തുകള്‍ നടത്താനും തീരുമാനിച്ചിട്ടുണ്ടെന്ന് എംഎല്‍എ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളിലാണ് എന്ന ഗാന്ധിജിയുടെ വാക്കുകളില്‍ നിന്നും ഉദിച്ച ആശയമാണ് മഹാപഞ്ചായത്തെന്നും ജനങ്ങളുടെ സന്തോഷത്തില്‍ പങ്കു ചേരാനും സങ്കടങ്ങളില്‍ കൈത്താങ്ങായി ഒപ്പം നില്ക്കാനുമുള്ള ആഗ്രഹത്തിന്റെ പൂര്‍ത്തീകരണമാണ് മഹാപഞ്ചായത്തെന്ന് മാത്യു കുഴല്നാടന് എം.എല്‍.എ വ്യക്തമാക്കി. നിയോജക മണ്ഡലത്തിലെ ജനങ്ങള്‍ക്കു സര്‍ക്കാരുമായി ബന്ധപ്പെട്ടു ലഭിക്കേണ്ടതായ സേവനങ്ങള്‍ ലഭിക്കുന്നതിനും തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിനും സഹായകമാകുന്ന രീതിയിലുള്ള ഔദ്യോഗിക ഇടപെടലാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഓരോ പഞ്ചായത്ത് തിരിച്ചു പ്രത്യകം കൗണ്ടറുകളിലായി ജനങ്ങള്‍ക്കു പരാതികള്‍ സമര്‍പ്പിക്കുന്നതിനും ,കിട്ടിയ പരാതികള്‍ക്ക് രജിസ്റ്റര്‍ നമ്പറുകള്‍ നല്കി സ്വീകരിച്ച ശേഷം അവ ഏത് അധികാരികള്‍ക്ക് ഏതു ഓഫീസില്‍ നിന്നുമാണോ സേവനങ്ങള്‍ ലഭ്യമാകേണ്ടത് എന്നതില്‍ കൃത്യത വരുത്തും. പരാതി നിവൃത്തിക്കാന്‍ വേണ്ട ഇടപെടല്‍ നടത്തി അത് ഓരോരുത്തരെയും അറിയിക്കുവാനും സൗകര്യമുണ്ടാക്കിയിട്ടുണ്ടെന്ന് എം എല്‍ എ പറഞ്ഞു. .
രാവിലെ ഒമ്പതുമുതല്‍ തുടങ്ങുന്ന പരാതി സ്വീകരണ യജ്ഞത്തില്‍ ഏവര്‍ക്കും അവരുടെ പരാതികളും പ്രശ്നങ്ങളും എം.എല്‍.എക്കും ബന്ധപ്പെട്ട ഉന്നത ഉദ്യോഗസ്ഥര്‍ക്ക് മുന്നിലും അവതരിപ്പിക്കാനാകും. വിവിധ ഡിപ്പാര്‍ട്ട്മെന്റുകളില്‍ കുടുങ്ങിക്കിടക്കുന്ന പ്രശ്നങ്ങള്‍, ലൈഫ് പദ്ധതി, ദുരിതാശ്വാസ ഫണ്ടുകള്‍, പിഎംഎം മിഷന്റെ വീടുകള്‍ എന്നിവയ്ക്കാണ് മുഖ്യ പരിഗണന നല്‍കുക. ഇതിനു പുറമേ ലഭിക്കുന്ന അപേക്ഷകളിലെല്ലാം ആവലാതിക്കാര്‍ക്ക് അനുകൂലമായ തീരുമാനമുണ്ടാക്കാനുള്ള ശ്രമങ്ങളും ഉണ്ടാകും. പരിപാടിയുടെ നടത്തിപ്പിനായി മൂവാറ്റുപുഴ നിര്‍മ്മല കോള്‍ എച്ച് ആര് ഡിപ്പാര്‍ട്ട്മെന്റിലേയും എന്‍ എസ് യൂണിറ്റിലേയും രാജഗിരി കോളേജിലെയും അടക്കം വോളന്റിയര്‍ ഷിപ്പിനുള്ള 50വിദ്യാര്‍ത്ഥികളുടെ സേവനവും കോളേജ് അധിക്യതര്‍ വിട്ടു നല്‍കിയിട്ടുണ്ട്.