മൂവാറ്റുപുഴ .ലഹരി വിമുക്ത മൂവാറ്റുപുഴയ്ക്കായി കർമ്മ സേനക്ക് രൂപം നൽകുമെന്ന് മാത്യു കുഴൽ നാടൻ എം.എൽഎ പറഞ്ഞു താലുക്ക് വികസന സമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു എംഎൽ എ . ലഹരി വിൽപനയ്ക്കെതിരെ നടപടി എടുത്ത ഇലഞ്ഞി ഗ്രാമ പഞ്ചായത്തിനെ യോഗത്തിൽ എംഎൽഎ ആദരിച്ചു. ഇലഞ്ഞിയിൽ നിരോധിത പുകയില വിൽപ്പന നടത്തിയ രണ്ടു വ്യാപാര സ്ഥാപനങ്ങളുടെ ലൈസൻസ് തൽസമയം തന്നെ പഞ്ചായത്ത് സസ്പെൻഡ് ചെയ്തിരുന്നു. ലഹരി വിരുദ്ധ പോരാട്ടങ്ങളുടെ ഭാഗമായി ഇത്തരം നടപടികൾ മറ്റ് പഞ്ചായത്തുകളും പിന്തുടരണമെന്നും എംഎൽഎ ആവശ്യപ്പെട്ടു.
വർദ്ധിച്ച് വരുന്ന ലഹരി ഉപയോഗം തടയാൻ കൂടുതൽ ശ്രദ്ധ വേണമെന്ന് എക്സൈസ് ഉദ്യോഗസ്ഥർക്ക് എംഎൽഎ നിർദേശം നൽകി. ലഹരിക്കെതിരെ കൂടുതൽ പ്രതിരോധം ആവശ്യമാണെന്ന് എംഎൽഎ പറഞ്ഞു. ഇതിനായി പ്രാദേശിക – പഞ്ചായത്ത് തലത്തിലും മണ്ഡലം തലത്തിലും കർമ്മ സേനകൾക്ക് രൂപം നൽകും . ഗ്രാമ പഞ്ചായത്തുകളും എക്സൈസ് – പൊലിസ് വകുപ്പുകളും ചേർന്ന് പ്രാദേശികമായി കൂടുതൽ ഇടപെടൽ നത്തണമെന്നും എം എൽ എ നിർദേശിച്ചു.
അപകടവും അപകട മരണങ്ങളും തുടർകഥയായ പെഴക്കാപ്പിള്ളിയിൽ എം സി റോഡിൽ പരിശോധന കർശനമാക്കാനും അനധികൃത പാർക്കിംഗുകൾക്കെതിരെ നടപടി സ്വീകരിക്കാനും ട്രാഫിക് പൊലിസിന് നിർദേശം നൽകി. കച്ചേരിതാഴത്ത് കെ എസ് ആർ ടി സി ബസുകൾ സ്റ്റോപ്പുകൾ മാറി വാഹനം നിർത്തുന്നത് യാത്രക്കാർക്ക് ബുദ്ധിമുട്ടാണെന പരാതിയിലും പൊലിസ് നടപടി സ്വീകരിക്കണം.
ഓപ്പറേഷൻ വാഹിനിക്കായി വാഹനങ്ങൾ വാടകക്കെടുത്ത വകയിൽ നൽകാനുള്ള പണം അടിയന്തിരമായി നൽകാൻ നടപടി സ്വീകരിക്കണമെന്നും യോഗം നിർദേശം നൽകി.
ഈസ്റ്റ് മാറാടിയിൽ പൊട്ടി പൊളിഞ്ഞ കനാൽ ഒരു കിലോമീറ്ററോളം ദൂരം നാട്ടുകാർ കയ്യേറിയത് വീണ്ടെടുക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഒ.പി ബേബി യോഗത്തിൽ ആവശ്യപ്പെട്ടു. അടിയന്തിര നടപടി സ്വീകരിക്കാൻ മൈനർ ഇറിഗേഷൻ ഉദ്യോഗസ്ഥർക്ക് യോഗം നിർദേശം നൽകി.
വിവിധ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് മാരായ ഓ.പി ബേബി, മാത്യൂസ് വർക്കി, ബിനോ കെ. ചെറിയാൻ, ജോർജ് ഫ്രാൻസീസ് തെക്കേക്കര, ആർ.ഡി.ഒ പി.എൻ അനി, തഹസിൽദാർ കെ.എൻ. സതീശൻ എന്നിവരും ഉദ്യോഗസ്ഥരും പങ്കെടുത്തു.


