കൊച്ചി: അപകടങ്ങള്‍ തുടര്‍ക്കഥയായ മൂവാറ്റുപുഴ ഇ.ഇ.സി.മാര്‍ക്കറ്റ് റോഡിലെ കിഴുക്കാവ് തോടിന്റെ കൈവരി നിര്‍മ്മാണത്തിന് തുടക്കമായി. എല്‍ദോ എബ്രഹാം എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 6.60 ലക്ഷം രൂപ ഉപയോഗിച്ചാണ് കൈവരി നിര്‍മിക്കുന്നത്. കൈവരി നിര്‍മ്മാണോദ്ഘാടനം എല്‍ദോ എബ്രഹാം എം.എല്‍.എ നിര്‍വ്വഹിച്ചു.
മൂവാറ്റുപുഴയിലെ പ്രധാന ബൈപാസ് റോഡുകളിലൊന്നായ ഇ.ഇ.സി.മാര്‍ക്കറ്റ് റോഡിലെ കിഴുക്കാവ് തോടിന് കൈവരില്ലാത്തത് പല അപകടങ്ങള്‍ക്കും കാരണമായിരുന്നു. നിരവധി വാഹനങ്ങള്‍ ആണ് ഈ ബൈപാസ് റോഡ് വഴി ദിനംപ്രതി കടന്ന് പോകുന്നത്. രാത്രികാലങ്ങളിലാണ് ഇവിടെ അപകടങ്ങള്‍ മിക്കവാറും നടക്കുന്നത്. മാസങ്ങള്‍ക്ക് മുമ്പ് ബൈക്കിലെത്തിയ ഇതരസംസ്ഥാന തൊഴിലാളി തോട്ടിലേയ്ക്ക് വീണ് മരിച്ചിരുന്നു. ഇതിന് പുറമേ പ്രഭാത സവാരിക്കാരും, സ്കൂള്‍ കുട്ടികളടയ്ക്കം നിരവധിയാളുകള്‍ കാല്‍നടയാത്രയ്ക്ക് മറ്റും ബൈപാസിനെ ആശ്രയിക്കുന്നുണ്ട്.
കിഴുക്കാവ് തോടിന് കുറുകെയുള്ള പാലത്തിന് കൈവരി നിര്‍മിക്കണമെന്നാവശ്യപ്പെട്ട് വിവിധ സംഘടനകള്‍ രംഗത്തെത്തിയിരുന്നു. ഇതേതുടര്‍ന്നാണ് എല്‍ദോ എബ്രഹാം എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 6.60-ലക്ഷം രൂപ അനുവദിച്ചത്. സ്റ്റീല്‍ ഗാര്‍ഡര്‍ ഉപയോഗിച്ചാണ് കൈവരി നിര്‍മിക്കുന്നത്. നഗരസഭാ ചെയര്‍പേഴ്സണ്‍ ഉഷ ശശീധരന് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.


