ജില്ലയിലെ വിവിധ റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ജില്ലാ വികസന സമിതി യോഗം ആവശ്യപ്പെട്ടു. പൈപ്പ് ഇടുന്നതിനായി വാട്ടര്‍ അതോറിറ്റി പൊളിക്കുന്ന റോഡുകള്‍ സമയബന്ധിതമായി പുനസ്ഥാപിക്കണമെന്നും ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടു. ജല ജീവന് മിഷനുമായി ബന്ധപ്പെട്ട ജോലികള്‍ക്കായി പൊളിക്കുന്ന റോഡുകളും യഥാസമയം പുനസ്ഥാപിക്കണം. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന തലത്തില്‍ പൊതുമരാമത്ത് വകുപ്പും വാട്ടര്‍ അതോറിറ്റിയും തമ്മില്‍ ധാരണയുണ്ടാകണമെന്നും ജില്ലാ വികസന സമിതി യോഗം ആവശ്യപ്പെട്ടു.
വൈപ്പിന്‍ മേഖലയില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച എട്ട് കോടി രൂപയുടെ വിനോദ സഞ്ചാര വികസന പദ്ധതികള്‍ക്ക് കൊച്ചിന് പോര്‍ട്ട് ട്രസ്റ്റിന്റെ അനുമതി ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് കെ.എന്‍. ഉണ്ണികൃഷ്ണന് എം.എല്‍.എ ആവശ്യപ്പെട്ടു. 4.5 കോടി രൂപയുടെ ബീച്ച് കോറിഡോര്‍ പദ്ധതിക്കും ആവശ്യമായ അനുമതി ഉടന്‍ ലഭ്യമാക്കണം. വീരന്‍പുഴ ഡ്രെഡ്ജിംഗ് അടുത്ത സാമ്പത്തിക വര്‍ഷം നബാര്‍ഡ് പദ്ധതിയിലുള്‍പ്പെടുത്തി നടപ്പാക്കാന്‍ നടപടി വേണം. റവന്യൂ വകുപ്പിന്റെ ഉടമസ്ഥതയിലുള്ള പള്ളിപ്പുറം കച്ചേരിപ്പടി മൈതാനത്ത് സ്റ്റേജ് നിര്‍മ്മിക്കുന്നതിന് അനുമതി നല്‍കണം. ഗോശ്രീ പാലങ്ങളുടെ തകര്‍ന്നു കിടക്കുന്ന കൈവരികള്‍ അറ്റകുറ്റപ്പണി നടത്തുന്നതിന് ഉടന്‍ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കുമെന്ന് ജിഡ അറിയിച്ചു. മുരിക്കുംപാടം ജലസംഭരണി രണ്ടാഴ്ചയ്ക്കകം പ്രവര്‍ത്തനക്ഷമമാക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് വാട്ടര്‍ അതോറിറ്റി അറിയിച്ചു.
പെരുമ്പാവൂര്‍ മേഖലയിലെ പൊതുമരാമത്ത് റോഡുകളിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും അറ്റകുറ്റപ്പണികളും എത്രയും വേഗം പൂര്‍ത്തീകരിക്കണമെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍ എം.എല്‍.എ പറഞ്ഞു. മണ്ണൂര്‍ പോഞ്ഞാശ്ശേരി റോഡിലെ പൂനൂര് ഭാഗത്തെ കുഴികള്‍ അടയ്ക്കാന്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ച അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് എസ്. ഷാജഹാ9 നിര്‍ദേശിച്ചു. ഈ റോഡുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് പ്രത്യേക യോഗം വിളിക്കാനും തീരുമാനമായി. സര്‍വേ നടപടികള്‍ വൈകുന്നതുമൂലം പല പദ്ധതികളും വൈകുന്നതായി എം.എല്‍.എ ചൂണ്ടിക്കാട്ടി. പെരുമ്പാവൂര്‍ ബൈപാസിന്റെ സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട കോടതി നടപടികള്‍ വേഗത്തിലാക്കാന്‍ കളക്ടറേറ്റില്‍ നിന്ന് ഇടപെടല്‍ വേണം. ആലുവ മൂന്നാര്‍ റോഡിലെ മുടിക്കരായി ഓടയ്ക്കാലി ഭാഗത്തെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കണം, കാലടി പാലം നിര്‍മ്മാണത്തിന്റെ ഭാഗമായുള്ള സ്ഥലമേറ്റെടുപ്പ് നടപടികള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
തൃക്കാക്കര നിയോജക മണ്ഡലത്തിലെ പല ഭാഗത്തും കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്നുണ്ടെന്നും ഈ പ്രശ്നം എത്രയും വേഗം പരിഹരിക്കണമെന്നും ഉമ തോമസ് എം.എല്‍.എ പറഞ്ഞു. വെള്ളം കിട്ടാത്ത പ്രദേശങ്ങളില്‍ വെള്ളമെത്തിക്കുന്നതിന് വാട്ടര്‍ അതോറിറ്റി പ്രത്യേക ശ്രദ്ധകൊടുക്കണം. ഇടപ്പള്ളി, തൃക്കാക്കര എന്നിവിടങ്ങളില്‍ തുടര്‍ച്ചയായുണ്ടാകുന്ന ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ നടപടി സ്വീകരിക്കണം. ഇതുമായി ബന്ധപ്പെട്ട് വകുപ്പുകളുടെ പ്രത്യേക യോഗം ചേരാനും തീരുമാനമായി. സീബ്രാ ലൈനുകളും മറ്റ് ട്രാഫിക് മാര്‍ക്കിംഗുകളും പലയിടത്തും മാഞ്ഞുപോയ അവസ്ഥയിലാണ്. ഇക്കാര്യത്തില്‍ അടിയന്തര നടപടി സ്വീകരിക്കണം. സ്പാകള്‍ കേന്ദ്രീകരിച്ച് പല നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും നടക്കുന്നുണ്ടെന്ന പരാതി നിരന്തരം ലഭിക്കുന്നുണ്ട്. ഇവയുടെ പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നിരീക്ഷിച്ച് വേണ്ട നടപടികള്‍ എടുക്കണമെന്നും എം.എല്‍.എ പറഞ്ഞു.
മുവാറ്റുപുഴ കോര്‍മലയില്‍ വാട്ടര്‍ അതോറിറ്റിയുടെ ടാങ്കില്‍ വെള്ളം ശേഖരിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നം മാത്യു കുഴല്നാടന് എം.എല്‍.എ ഉന്നയിച്ചു. ടാങ്കില്‍ വെള്ളം ശേഖരിക്കുന്നതിന് ടാങ്കിന്റെ സ്റ്റബിലിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വാട്ടര്‍ അതോറിറ്റിക്ക് എഡിഎം നിര്‍ദേശം നല്കി. പട്ടയഭൂമിയിലെ മരങ്ങള്‍ വെട്ടുന്നത് സംബന്ധിച്ചും ആരക്കുഴ പഞ്ചായത്തിലെ ശ്മശാനത്തിന് അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും അദ്ദേഹം ഉന്നയിച്ചു. ലഹരി വരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള പരിശോധനകള്‍ പോലീസും എക്സൈസും ശക്തമാക്കണം. ലഹരിസംഘങ്ങളെക്കുറിച്ച് വിവരങ്ങള്‍ നല്‍കുന്നവര്‍ക്കെതിരേ ആക്രണമുണ്ടാകുന്നത് പതിവായിരിക്കുകയാണ്. ഇതിനെതിരേ നടപടി കര്‍ശനമാക്കണം. ലഹരിയുമായി ബന്ധപ്പെട്ട് കേസുകളില്‍ കേരള ആന്റി സോഷ്യല്‍ ആക്ടിവിറ്റീസ് പ്രിവന്‍ഷന്‍ ആക്ട് (കാപ്പ) ചുമത്തിയവരുടെ എണ്ണം സമര്‍പ്പിക്കാനും എംഎല്‍എ നിര്‍ദേശിച്ചു.
മുവാറ്റുപുഴയിലെ വിമുക്തി ലഹരി മുക്തി കേന്ദ്രത്തില്‍ ആവശ്യമായ ജീവനക്കാരെ ഉടന്‍ നിയോഗിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് ആവശ്യപ്പെട്ടു. കാലടി പാലത്തിലെ കുഴികള്‍ സമയബന്ധിതമായി അടയ്ക്കാന്‍ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് എസ്. ഷാജഹാന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ ജില്ലാ പ്ലാനിംഗ് ഓഫീസര്‍ പി.എ. ഫാത്തിമ, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.