എസ്എന്‍ഡിപി സെക്രട്ടറിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കണിച്ചുകുളങ്ങര യൂണിയന് സെക്രട്ടറിയായ കെ.കെ. മഹേശനെയാണ് എസ്എന്‍ഡിപി യൂണിയന് ഓഫീസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ബുധനാഴ്ച രാവിലെ പത്ത് മണിയോടെയാണ് മൃതദേഹം കണ്ടത്.
മഹേശനെ ഫോണില്‍ വിളിച്ച് കിട്ടാതിരുന്ന ബന്ധു അന്വേഷിച്ചെത്തിയപ്പോഴാണ് ഓഫീസിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മൈക്രോ ഫിനാന്‍സ് സാമ്പത്തിക തട്ടിപ്പ് കേസില്‍ ക്രൈംബ്രാഞ്ച് ഇന്നലെ ചോദ്യം ചെയ്തിരുന്നു. മൂന്നാം നിലയില്‍ മൃതദേഹത്തിനടുത്ത് നിന്ന് ആത്മഹത്യ കുറിപ്പും കണ്ടെടുത്തു. ഇതിനു പുറമെ ഇന്നലെ രാത്രി 32 പേജുളള കത്തും സഹപ്രവര്‍ത്തകര്‍ക്ക് അയച്ചിരുന്നു. കഴിഞ്ഞ ഒന്‍പതിന് ക്രൈം ബ്രാഞ്ചിന് നല്കിയ കത്തും ഇതിലുണ്ട്. 21 കേസുകളാണ് തനിക്കെതിരെ ഉള്ളതെന്നും കള്ളക്കേസില്‍ കുടുക്കിയാല്‍ ഭാര്യയുമൊന്നിച്ച് ആത്മഹത്യ ചെയ്യുമെന്നും കത്തില്‍ പറയുന്നു.
വെള്ളാപ്പള്ളി നടേശനുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നയാളാണ് മഹേശന്. വെള്ളാപ്പള്ളിയും കുടുംബവും അംഗങ്ങളായുള്ള യൂണിയനിലാണ് ഇദ്ദേഹം പ്രവര്‍ത്തിച്ചിരുന്നത്. ദീര്‍ഘനാളായി കണിച്ചുകുളങ്ങര യൂണിയന്റെ സെക്രട്ടറിയാണ്. ഇതിന് പുറമേ മൈക്രോ ഫിനാന്‍സ് കോ-ഓര്‍ഡിനേറ്റര്‍, ചേര്‍ത്തല യൂണിയന് അഡ്മിനിസ്ട്രേറ്റര്‍ തുടങ്ങിയ പദവികളും വഹിച്ചിരുന്നു. മൈക്രോ ഫിനാന്‍സ് തട്ടിപ്പ്, സ്കൂള്‍ നിയമന ക്രമക്കേട് തുടങ്ങിയവയുമായി ബന്ധപ്പെട്ട നിരവധി കേസുകളില്‍ മഹേശന് ഉള്‍പ്പെട്ടിരുന്നു


