കുന്നത്തുനാട് താലൂക്കിലെ കിഴക്കമ്പലം ഗ്രാമ പഞ്ചായത്തിലെ ഭരണാധികാരികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരെ വന്‍ അഴിമതികള്‍ ചൂണ്ടികാട്ടി വിജിലന്‍സിന് പരാതി. കിഴക്കമ്പലം ഗ്രാമപഞ്ചായത്ത് അധികൃതരുടെ ഒത്താശയില്‍ നടക്കുന്നത് വന്‍ അഴിമതിയും നിയമലംഘനവുമെന്ന് പരാതിയില്‍ വ്യക്തമാക്കുന്നു. സര്‍ക്കാര്‍ ഭൂമി കൈയേറ്റം മുതല്‍ കൈക്കൂലി വരെയുള്ള ഉദ്യോഗസ്ഥ അഴിമതിക്ക് വളമായി മാറുകയാണ് പഞ്ചായത്ത് അധികൃതരെന്ന് ആക്ഷേപം.
കിഴക്കമ്പലം ഗ്രാമപഞ്ചായത്തിന്റെ പരിധിയിലുള്ള ഭൂമിയില്‍ നെല്‍വയല്‍ സംരക്ഷണ നിയമം ലംഘിച്ച് ഏക്കര്‍ കണക്കിന് നിലം നികത്തി, സര്‍ക്കാര്‍ പുറമ്പോക്കായ കടമ്പ്രയാര്‍ തോടും പുറമ്പോക്കും കയ്യേറി നികത്തി, കേരള ഗ്രാമപഞ്ചായത്ത് കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ ലംഘിച്ച്, സ്വകാര്യ സ്ഥാപനം അനധികൃതമായി നിര്‍മ്മിച്ച് പ്രവര്‍ത്തനം നടത്തുന്നതിന് പഞ്ചായത്ത് ഭരണാധികാരികള്‍ ഒത്താശ ചെയ്യുകയും ആയതിലൂടെ കോടികള്‍ സമ്പാദിക്കുകയും, ഇതിന്റെ വിഹിതം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും ഭരണ കര്ത്താക്കള്ക്കുമായി പങ്കുവെയ്ക്കുകയും ചെയ്തെന്ന ഗുരുതരമായ ആരോപണമാണ് വിജിലന്‍സിന് മുന്നില്‍ എത്തിയിരിക്കുന്നത്.
നിയമലംഘനങ്ങള്‍ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ ഈ സ്ഥാപനം നടത്തിയിട്ടുള്ള നിയമവിരുദ്ധമായ നിര്‍മ്മാണങ്ങള്‍ എത്രയും വേഗം പൊളിച്ചു നീക്കം ചെയ്യണ മെന്നാവശ്യപ്പെട്ടുകൊണ്ട് റവന്യൂ അധികാരികളും ജലവിഭവ വകുപ്പ് അധികാരികളും നിരവധി കത്തുകള്‍ കിഴക്കമ്പലം ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നല്‍കിയിരുന്നു. എന്നാല്‍ കിഴക്കമ്പലം ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ സമ്മര്‍ദ്ദംമൂലം നിളിതുവരെയായി ഗ്രാമപഞ്ചായത്തില്‍ നിന്നും അനധികൃത സ്ഥാപനത്തിനെതിരെ യാതൊരുവിധ നടപടിയും സ്വീകരിച്ചിട്ടില്ല. മാത്രവുമല്ല, ഈ സ്ഥാപനം വീണ്ടും അനധികൃത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടരുകയും ചെയ്തുകൊണ്ടിരിക്കുന്നു. കിഴക്കമ്പലം ഗ്രാമപഞ്ചായത്ത് ഭരണസമിതി നടത്തുന്നത് വന്‍ അഴിമതിയും അധികാര ദുര്‍വിനിയോഗവുമാണെന്ന് പരാതിയില്‍ ആക്ഷേപം. കളമശ്ശേരി സ്വദേശിയും സാമൂഹ്യ പൊതുപ്രവര്‍ത്തകനുമായ ഗിരീഷ്ബാബു ആണ് കിഴക്കമ്പലം ഗ്രാമപഞ്ചായത്ത് ഭരണാധികാരികള്‍ക്കെതിരെ അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ച് വിജിലന്‍സില്‍ പരാതി നല്‍കിയിരിക്കുന്നത്. നേരത്തെ പാലാരിവട്ടം പാലം അഴിതി രംഗത്തു കൊണ്ടുവരുന്നതില്‍ മുന്നില്‍ നില്‍ക്കുകയും പാലം നിര്‍മാണത്തിന്റെ അഴിമതികള്‍ അധികൃതര്‍ക്കു മുന്നില്‍ ചൂണ്ടിക്കാട്ടുകയും ചെയ്ത വ്യക്തി കൂടിയാണ് പൊതു പ്രവര്‍ത്തകനായ ഗിരീഷ് ബാബു.
പരാതിയുടെ വിശദാംശങ്ങള്‍ ഇങ്ങനെ:
1. ഹര്ജിക്കാരന് മേല്‍പ്പറഞ്ഞ മേല്‍വിലാസത്തിലെ സ്ഥിരതാമസക്കാരനും, സാമൂഹ്യ പൊതുപ്രവര്‍ത്തകനും ആകുന്നു.
2. ബാബു ജോസഫ്, ട/ഠ എം.പി.ജോസഫ്, മാളിയേക്കല്‍ ഹൗസ്, റെയിന്‍ബോ ഗാര്‍ഡന്‍സ്, ചങ്ങമ്പുഴ നഗര്‍ പി.ഒ., ഉണിച്ചിറ, കൊച്ചി-682 036 എന്ന വ്യക്തി, എറണാകുളം ജില്ലയിലെ, കുന്നത്തുനാട് താലൂക്കിലെ, കിഴക്കമ്പലം ഗ്രാമ പഞ്ചായത്തിലെ ഭരണാധികാരികളുടേയും, ഉദ്യോഗസ്ഥരുടേയും, റവന്യൂ അധികാരികളുടേയും ഒത്താശയില്‍, ടിയാന്റെ ഉടമസ്ഥതയിലുള്ള കിഴക്കമ്പലം ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള ഭൂമിയില്‍, നെല്‍വയല്‍ സംരക്ഷണ നിയമം ലംഘിച്ച് ഏക്കര്‍ കണക്കിന് നിലം നികത്തിയും, സര്‍ക്കാര്‍ പുറമ്പോക്കായ കടമ്പ്രയാര്‍ തോടും പുറമ്പോക്കും കയ്യേറി നികത്തിയും, കേരള ഗ്രാമപഞ്ചായത്ത് കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ ലംഘിച്ചും, Euro Tech Maritime Academy (Imdia) Private Limited എന്ന സ്ഥാപനം അനധികൃതമായി നിര്‍മ്മിച്ച് പ്രവര്‍ത്തനം നടത്തുകയും, ആയതിലൂടെ കോടികള്‍ സമ്പാദിക്കുകയും, ആയതിന്റെ വിഹിതം, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും ഭരണ കര്ത്താക്കള്ക്കുമായി പങ്കുവെയ്ക്കുകയും ചെയ്യുന്നതാണ് ഹര്‍ജിക്കാധാരമായ സംഗതി.
3. ഹര്‍ജിക്കാധാരമായ ഭൂമി, എറണാകുളം ജില്ലയിലെ കുന്നത്തുനാട് താലൂക്കില്‍, കിഴക്കമ്പലം വില്ലേജില്‍, ബ്ളോക്ക് നമ്പര്‍ 25 ല്‍, റീസര്‍വ്വേ നമ്പര്‍ 324, 325, 328, 329, 331, 324/1, 2, 324/2-2, 324/3-2, 324/4-3, 324/6, 324/7. 324/8, 324/9, 324/10, 324/11, 328/2, 329/5, 329/5-1 എന്നീ നമ്പറുകളില്‍ ഉള്‍പ്പെട്ട ടി ഭൂമി, ടി വില്ലേജില്‍ 9851-ാം നമ്പര്‍ തണ്ടപ്പേര് നമ്പര്‍ പ്രകാരം, യൂറോടെക് മാരിടൈം അക്കാഡമി പ്രൈവറ്റ് ലിമിറ്റഡ്, കലൂര്‍ എന്ന സ്ഥാപനത്തിന്റെ പേരില്‍ ഉള്ളതാകുന്നു. ടി സ്ഥാപനത്തിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറായ, എറണാകുളം ജില്ലയില്‍ കണയന്നൂര്‍ താലൂക്കില്‍, പുതുപ്പള്ളിപ്രം കരയില്‍, തൃക്കാക്കര നോര്‍ത്ത് വില്ലേജില്‍, മാളിയേക്കല്‍ വീട്ടില്‍, എം.പി.ജോസഫ് മകന് ബാബു ജോസഫ് എന്നയാളുടെ പേരില്‍ കരം തീരുവയിലും, കൈവശത്തിലും ഉള്ളതാകുന്നു.

4. നെല്‍വയലുകളും തോടുകളുമായിരുന്ന മേല്‍പ്പറഞ്ഞ ഭൂമി, നിയമപരമായി തരം മാറ്റാതെ, അനധികൃതമായി മണ്ണിട്ട് നികത്തിയും, തോട് പുറമ്പോക്ക് കയ്യേറി മണ്ണിട്ട് നികത്തി കെട്ടിടങ്ങളും, കടമ്പ്രയാര്‍ തോട് കയ്യേറി ബോട്ടു ജെട്ടിനിര്മ്മിച്ചും, കേരള ഗ്രാമപഞ്ചായത്ത് കെട്ടിടനിര്‍മ്മാണച്ചട്ടങ്ങള്‍ ലംഘിച്ച് അനധികൃത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയും, ബാബു ജോസഫ് സ്ഥാപിച്ചിട്ടുള്ള യൂറോടെക് മാരിടൈം അക്കാഡമിക്ക്, കിഴക്കമ്പലം ഗ്രാമപഞ്ചായത്തില്‍നിന്നും അനധികൃതമായി ഒക്യുപ്പന്‍സി സര്‍ട്ടിഫിക്കറ്റും കെട്ടിട നമ്പറുകളും നല്കിയിട്ടുള്ളതാണ്.
5. മേല്‍പ്പറഞ്ഞ ഭൂമിയില്‍ 3297.65 M2 തറ വിസ്തീര്‍ണ്ണത്തില്‍ ബഹുനില കെട്ടിടവും നീന്തല്‍ക്കുളവും, ചുറ്റുമതിലും നിര്‍മ്മിക്കുമ്പോള്‍, അഗ്നിശമന സേനയില്‍നിന്നും, മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍ നിന്നും (PCB) ചീഫ് ടൗണ്‍ പ്ളാനറില്‍ നിന്നും (CTP) വാട്ടര്‍ അഥോറിട്ടിയില്‍ നിന്നും ലഭിക്കേണ്ടണ്ടതായ യാതൊരു തൊരുവിധ അനുമതിപത്രവും ലഭിക്കാതെയാണ് ടി സ്ഥാപന ഉടമകള്‍ ടി അനധികൃത നിര്‍മ്മാണങ്ങള്‍ നടത്തിവരുന്നത്.
6. ടി ഭൂമിയില്‍ അനധികൃത നിര്‍മ്മാണപ്രവര്‍ത്തനം നടത്തുന്ന ടി ഭൂവുടമ, കിഴക്കമ്പലം ഗ്രാമ പഞ്ചായത്ത് ഭരണകര്‍ത്താക്കളും ഉദ്യോഗസ്ഥരും, വാര്‍ഡ് മെമ്പറും ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരുമായി ക്രിമിനല്‍ ഗൂഡാലോചന നടത്തി, അവര്‍ക്കെല്ലാം ലക്ഷങ്ങള്‍ കൈക്കൂലി നല്‍കിയും, നിര്‍മ്മാണസ്ഥലത്ത് അധോലോക ഗുണ്ടകളെ കാവല്‍ നിര്‍ത്തിയുമാണ് ടി വിവാദഭൂമിയില്‍ അനധികൃത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ടി ഭൂവുടമയ്ക്ക് അനധികൃതമായി നിര്‍മ്മിക്കുന്ന കെട്ടിടത്തില്‍നിന്നും, നിയമവിരുദ്ധമായി കോടികളുടെ വരുമാനമുണ്ടാക്കണമെന്ന ഗൂഡലക്ഷ്യത്തിന്റെ പൂര്‍ത്തീകരണത്തിനു വേണ്ടിയാണ് മേല്‍പ്പറഞ്ഞ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ തമ്മില്‍ പരസ്പര ധാരണയോടും സമ്മതത്തോടും അറിവോടും കൂടി, ടി സ്ഥാപനത്തിന്റെ അനധികൃത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി എല്ലാവിധ ഒത്താശയും ചെയ്തു കൊടുത്തിരുന്നത്.
7. ടി സ്ഥാപന ഉടമയ്ക്ക് മേല്‍പ്പറഞ്ഞ ഭൂമിയില്‍ Euro Tech Maritime Academy (India) Private Limited bpsS 3297.65 M2 വിസ്തീര്‍ണ്ണമുള്ള കെട്ടിടം നിര്‍മ്മിക്കുന്നതിനായി കിഴക്കമ്പലം ഗ്രാമപഞ്ചായത്തില്‍ നിന്നും, 14.06.2010-ല്‍ BA 524/0910ാം നമ്പര്‍ പ്രകാരം കെട്ടിടനിര്‍മ്മാണ പെര്‍മിറ്റ് നല്‍കുകയും, ടി പെര്‍മിറ്റിന്റെ കാലാവധി തീര്‍ന്നതു പ്രകാരം, 2016-ല്‍ പുതുക്കി നല്‍കുകയും ചെയ്തിട്ടുള്ളതാണ്. ടി. സ്ഥാപനം കടമ്പ്രയാറിന്റെ തോടും പുഴ പുറമ്പോക്കും കയ്യേറിയത് ഒഴിപ്പിക്കണമെന്നുള്ള ഇറിഗേഷന്‍ വകുപ്പിന്റെ ഉത്തരവ് നിലനില്ക്കുമ്പോള്ത്തന്നെ, ടി കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാതെയാണ്, ടി സ്ഥാപനത്തിനു വീണ്ടും ബില്‍ഡിംഗ് പെര്‍മിറ്റ് പുതുക്കി നല്‍കിയത്. ടി പ്രവര്‍ത്തി, വന്‍ അഴിമതിയുടെ ഭാഗമായിട്ടുള്ളതാണ്.
8. നെല്‍വയലുകളും തോടുകളുമായിരുന്ന മേല്‍പ്പറഞ്ഞ ഭൂമി നിയമപരമായി തരം മാറ്റാതെ, അനധികൃതമായി മണ്ണിട്ടുനികത്തിയും തോട് പുറമ്പോക്കും തോടും കയ്യേറി കൈവശപ്പെടുത്തിയ ഭൂമിയില്‍, ടി സ്ഥാപനത്തിന്റെ ഉടമകള്‍ കെട്ടിട നിര്‍മ്മാണത്തിന് അനുമതി നേടിയെടുത്തു. ടി ബില്‍ഡിംഗ് പെര്‍മിറ്റിന്റെ മറവില്‍ അക്കാഡമി കെട്ടിടവും, ഹോസ്റ്റല്‍ കെട്ടിടവും ചുറ്റുമതിലും നീന്തല്‍ക്കുളവും ചുറ്റുമതിലും ബോട്ടുജെട്ടിയും നിര്‍മ്മിക്കുകയും ചെയ്തു. എന്നാല്‍ യൂറോടെക് അക്കാദമിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ നിയമവിരുദ്ധത ചൂണ്ടിക്കാട്ടി, ചില പരാതികള്‍ ഗ്രാമ പഞ്ചായത്തിലും ബന്ധപ്പെട്ട അധികാരികള്‍ മുമ്പാകെ എത്തുകയും ചെയ്തിട്ടുണ്ട്. ടി പരാതികള്‍ സംബന്ധിച്ച് പരിശോധന നടത്തിയ വിവിധ സര്‍ക്കാല്‍ വകുപ്പുകള്‍, ടി സ്ഥാപനം കടമ്പ്രയാര്‍ തോടും തോടുപുറമ്പോക്കും കയ്യേറിയും നെല്‍വയല്‍ നികത്തിയുമാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുള്ളതെന്ന് കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. ആയതിന്റെ അടിസ്ഥാനത്തില്‍ ടി സ്ഥാപനം നടത്തിയിട്ടുള്ള നിയമവിരുദ്ധമായ നിര്‍മ്മാണങ്ങള്‍ എത്രയുംവേഗം പൊളിച്ചു നീക്കം ചെയ്യണ മെന്നാവശ്യപ്പെട്ടുകൊണ്ട്, റവന്യൂ അധികാരികളും ജലവിഭവ വകുപ്പ് അധികാരികളും നിരവധി കത്തുകള്‍ കിഴക്കമ്പലം ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നല്‍കിയിട്ടും ഗ്രാമപഞ്ചായത്തിന്റെ ഭരണസമിതിയുടെ സമ്മര്‍ദ്ദംമൂലം നിളിതുവരെയായി, ഗ്രാമപഞ്ചായത്തില്‍നിന്നും ടി അനധികൃത സ്ഥാപനത്തിനെതിരെ യാതൊരുവിധ നടപടിയും സ്വീകരിച്ചിട്ടില്ലായെന്നു മാത്രമല്ല, ടി സ്ഥാപനം വീണ്ടും അനധികൃത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടരുകയും ചെയ്തുകൊണ്ടിരിക്കുന്നു. ടി സ്ഥാപന ഉടമകള്‍, ബിനാമികളായ പരാതിക്കാരെ ഉപയോഗിച്ച് തങ്ങളുടെ തന്നെ സ്ഥാപനത്തിനെതിരെ വ്യാജപരാതി നല്‍കുകയും, ടി പരാതിയുടെ അടിസ്ഥാനത്തില്‍ ഗ്രാമപഞ്ചായത്ത് ടി കെട്ടിടത്തിന് അനുകൂലമായ ഉത്തരവുകള്‍ നേടിയെടുക്കുകയും ചെയ്യുന്ന ഒരു അഡ്ജസ്റ്റ്മെന്റ് നാടകം നടത്തി കാര്യം സാധിച്ചെടുത്തുകൊണ്ടിക്കുകയാണ്.

9. ടി സ്ഥാപനത്തിന്റെ അനധികൃത നിര്‍മ്മാണങ്ങള്‍ക്കെതിരെ നല്കുന്ന നോട്ടീസുകള്‍ക്കെതിരെ, ഹൈക്കോടതിയെ സമീപിക്കുന്ന കെട്ടിട ഉടമ, ഗ്രാമപഞ്ചായത്ത് നല്കിയ ബില്‍ഡിംഗ് പെര്മിറ്റു പ്രകാരം കോടികള്‍ വായ്പയെടുത്താണ് അക്കാഡമിക്കു വേണ്ടി കെട്ടിടം നിര്‍മ്മിച്ചതെന്നും തന്റെ സ്ഥാപനം അടച്ചു പൂട്ടിയാല്‍ തന്റെ സാമ്പത്തിക അടിത്തറയേയും ആയിരക്കണക്കിനു വിദ്യാര്‍ത്ഥികളുടെ ഭാവിയേയും ബാധിക്കുമെന്ന് കോടതിയേയും നിയമ വ്യവസ്ഥകളേയും തെറ്റിദ്ധരിപ്പിച്ച്, ടിയാന് നിയമ നടപടികളില്‍നിന്നും സമര്‍ത്ഥമായി ഒളിച്ചോടിക്കൊണ്ടിരിക്കുകയാണ്.
10. ടി കെട്ടിട ഉടമ, എറണാകുളം ജില്ലയിലെ ഞാറയ്ക്കല്‍ ഗ്രാമപഞ്ചായത്തില്‍, ടിയാന് അനധികൃതമായി നിര്‍മ്മിച്ചുകൊണ്ടിരിക്കുന്ന I MOST ACADEMY (India) Private Limited എന്ന മാരിടൈം അക്കാദമിയുടെ കെട്ടിട നിര്‍മ്മാണത്തിന്റെ കാര്യത്തിലും മേല്‍പ്പറഞ്ഞ തരത്തിലുള്ള ഒരു തട്ടിപ്പു നാടകം, പ്രയോഗിച്ചുകൊണ്ടിരിക്കുകയാണ്.
11. ടി അനധികൃത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുള്ള സ്ഥലവും അതിന് ഒത്താശ ചെയ്തു കൊടുത്തിരിക്കുന്ന അധികാരികളുടെ ഓഫീസും അങ്ങയുടെ അധികാര പരിധിയില്‍ വരുന്നതാണ്. ടി പ്രദേശം മുവ്വാറ്റുപുഴ വിജിലന്‍സ് കോടതിയുടെ അധികാര പരിധിയിലുമാണ്. ടി അഴിമതിയില്‍ ഉള്‍പ്പെട്ടിട്ടുള്ള വ്യക്തികള്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുന്നതിന് അങ്ങേയ്ക്ക് പൂര്‍ണ്ണ അധികാരാവകാശങ്ങള്‍ ഉള്ളതാകുന്നു. ടി ഹര്‍ജിയില്‍ ഉന്നയിച്ചിട്ടുള്ള വസ്തുതകള്‍ തെളിയിക്കുന്നതിന് ആധാരമായ രേഖകള്‍, ഹര്‍ജിക്കാരന്റെ കൈവശമുള്ളതും, ടി രേഖകള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ മുമ്പാകെ ഹാജരാക്കുവാന്‍ ഹര്ജിക്കാരന് സന്നദ്ധനുമാണ്. നിലവിലെ നിതിന്യായ വ്യവസ്ഥകള്‍ പരിപാലിച്ചും അവ കൃത്യമായി നടപ്പാക്കിയും രാജ്യത്തേയും, അതിലെ പ്രകൃതി വിഭവങ്ങളേയും, ഭൂമിയേയും സംരക്ഷിക്കാന്‍ ബാധ്യതപ്പെട്ട ഉദ്യോഗസ്ഥര്‍, അവരില്‍ നിക്ഷിപ്തമായ കര്‍ത്തവ്യങ്ങളില്‍ മനപ്പൂര്‍വ്വമായ വീഴ്ച വരുത്തി, സ്വകാര്യ വ്യക്തിക്ക് അന്യായമായ വിധത്തില്‍ ധനലാഭമുണ്ടാക്കുന്ന പ്രവൃത്തികളില്‍ അറിഞ്ഞുകൊണ്ടുതന്നെ ഏര്‍പ്പെട്ടിട്ടുള്ളത്, അഴിമതിനിരോധന നിയമപ്രകാരവും, ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരവും കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.
12. ആയതിനാല്‍ സമക്ഷത്തു നിന്നും ദയവുണ്ടായി, ഈ ഹര്‍ജി പരിഗണിച്ച്, മേല്‍പ്പറഞ്ഞ വിഷയത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട്, ഹര്‍ജിക്കാരന്റേയും സാക്ഷികളുടേയും മൊഴി രേഖപ്പെടുത്തി, ടി വിവാദ മാരിടൈം അക്കാദമി സ്ഥിതിചെയ്യുന്ന ഭൂമി അളന്നു തിട്ടപ്പെടുത്തി, ടി സ്ഥാപനം അനധികൃതമായി കയ്യേറിയിട്ടുള്ള സര്‍ക്കാര്‍ഭൂമി മുഴുവന്‍ തിരിച്ചെടുക്കണമെന്നും, തോടു പുറമ്പോക്കും, സര്‍ക്കാര്‍ പുറമ്പോക്കും അനധികൃതമായി കയ്യേറിയ ഭൂമിയിലെ മുഴുവന്‍ അനധികൃത നിര്‍മ്മാണങ്ങളും പൊളിച്ച് നീക്കംചെയ്യണമെന്നും, ടി അനധികൃത നിര്‍മ്മാണങ്ങള്‍ നടത്തിയ സ്ഥാപനത്തിന്റെ മുഴുവന്‍ ഉടമകള്‍ക്കെതിരേയും, അതിന് ഒത്താശ ചെയ്തുകൊടുത്ത മുഴുവന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരേയും, 1988-ലെ അഴിമതി നിരോധന നിയമപ്രകാരവും, ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരവും കേസ് രജിസ്റ്റര്‍ചെയ്ത് കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന് താഴ്മയായി അപേക്ഷിക്കുന്നു.
വോട്ടര്‍മാരെ വഞ്ചിച്ച് പഞ്ചായത്ത് ഭരണണകൂടം നടത്തുന്നത് അഴിമതിയും കൈക്കൂലിയും നിറഞ്ഞ ഭരണമാണെന്നും നിയമ ലംഘകര്‍ക്ക് ഒത്താശ ചെയ്ത് പഞ്ചായത്തിലെ പൊതുജനെത്ത വഞ്ചിക്കുന്ന സമീപനവുമാണെന്ന് വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുള്ള പരാതിയില്‍ രൂക്ഷമായ ആരോപം ഉന്നയിക്കുന്നത്.


