വ്യവസായ മേഖലയില്‍ കുതിപ്പിനൊരുങ്ങി കുന്നത്തുനാട് താലൂക്ക്. താലൂക്ക് പരിധിയിലെ 11 തദ്ദേശ സ്ഥാപനങ്ങളിലായി ഈ വര്‍ഷം 2109 പുതിയ സംരംഭങ്ങള്‍ ആരംഭിക്കാനാണ് വ്യവസായ വകുപ്പ് ലക്ഷ്യമിടുന്നത്. ആറ് വീതം ഗ്രാമപഞ്ചായത്തുകള്‍ ഉള്‍ക്കൊള്ളുന്ന വടവുകോട്, കൂവപ്പടി ബ്ലോക്ക് പഞ്ചായത്തുകളും വാഴക്കുളം ബ്ലോക്കിലെ മൂന്നു ഗ്രാമപഞ്ചായത്തുകളും, പെരുമ്പാവൂര്‍ നഗരസഭയും അടങ്ങുന്നതാണ് താലൂക്ക് പരിധി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 160 സംരംഭങ്ങളായിരുന്നു താലൂക്കില്‍ പുതുതായി പ്രവര്‍ത്തനമാരംഭിച്ചത്. ഇക്കുറി ഇതിന്റെ 13 മടങ്ങാണ് അധികൃതര്‍ ലക്ഷ്യമിടുന്നത്.
2022-23 സാമ്പത്തിക വര്‍ഷത്തില്‍ ജില്ലയില്‍ ആരംഭിക്കാന്‍ ഉദ്ദേശിക്കുന്ന 14610 സംരംഭങ്ങളില്‍ 14.43 ശതമാനവും കുന്നത്തുനാട് പരിധിയിലാണ്. കാര്‍ഷിക മേഖലയായി അറിയപ്പെടുന്നതെങ്കിലും വ്യവസായ മേഖലക്ക് ഊന്നല്‍ നല്കുന്നവയാണ് താലൂക്ക് പരിധിയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍.
ചെറിയ മുതല്‍മുടക്കുള്ള സ്വയം തൊഴില്‍ സംരംഭങ്ങള്‍ മുതല്‍ പ്ലൈവുഡ് കമ്പനികള്‍, കൊച്ചിന് റിഫൈനറി, എഫ്.എ.സി.ടി തുടങ്ങിയ വന്‍കിട വ്യവസായങ്ങള്‍ വരെ കുന്നത്തുനാട് താലൂക്കില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വ്യാവസായ മേഖലയില്‍ മികച്ച സ്ഥാനമുള്ളത് കൂടി പരിഗണിച്ചാണ് കുന്നത്തുനാട് താലൂക്കില്‍ കൂടുതല്‍ സംരംഭങ്ങള്‍ ആരംഭിക്കണമെന്ന നിര്‍ദ്ദേശം വ്യവസായ വകുപ്പ് നല്‍കിയത്. കുന്നത്തുനാട് താലൂക്ക് വ്യവസായ ഓഫീസിന്റെ നേതൃത്വത്തിലാണ് ഇതിന് വേണ്ട പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് നടപ്പാക്കുന്നത്. പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നതിന് ഗ്രാമ പഞ്ചായത്തുകളില്‍ ഒന്നും മുനിസിപ്പാലിറ്റിയില്‍ രണ്ടും വീതം വ്യവസായ പ്രതിനിധികളെ സര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ട്.
വെങ്ങോല ഗ്രാമ പഞ്ചായത്തിലാണ് ഏറ്റവുമധികം സംരംഭങ്ങള്‍ ആരംഭിക്കാന്‍ ലക്ഷ്യമിടുന്നത്. 229 സംരംഭങ്ങള്‍ എന്ന ലക്ഷ്യവുമായി പ്രവര്‍ത്തിക്കുന്ന എളങ്കുന്നപ്പുഴ ഗ്രാമ പഞ്ചായത്ത് കഴിഞ്ഞാല്‍ ജില്ലയില്‍ രണ്ടാം സ്ഥാനത്താണ് 228 സംരംഭങ്ങള്‍ തുടങ്ങാനിരിക്കുന്ന വെങ്ങോല ഗ്രാമപഞ്ചായത്ത്. ബ്ലോക്ക് അടിസ്ഥാനത്തില്‍ നോക്കിയാല്‍ വടവുകോട് 721 സംരംഭങ്ങള്‍ ആരംഭിക്കാനും കൂവപ്പടിയില്‍ 702 സംരംഭങ്ങള്‍ ആരംഭിക്കാനും ആണ് ലക്ഷ്യം. വാഴക്കുളം ബ്ലോക്കിന് കീഴില്‍ വരുന്ന വെങ്ങോല, കിഴക്കമ്പലം, വാഴക്കുളം പഞ്ചായത്തുകളിലായി 560 സംരംഭങ്ങള്‍, പെരുമ്പാവൂര്‍ മുനിസിപ്പല്‍ പരിധിയില്‍ 127 എണ്ണം എന്നിങ്ങനെയാണ് വ്യവസായവകുപ്പ് നിര്‍ദ്ദേശിച്ചിട്ടുള്ളത്.
വടവുകോട് പുത്തന്‍കുരിശ് (112), ഐക്കരനാട് (95), പൂതൃക്ക (95), കുന്നത്തുനാട് (151), മഴുവന്നൂര്‍ (154) തിരുവാണിയൂര്‍ (114), അശമന്നൂര്‍ (87), മുടക്കുഴ (78), വേങ്ങൂര്‍ (99), രായമംഗലം (166), ഒക്കല്‍ (109), കൂവപ്പടി (163), വാഴക്കുളം (182), കിഴക്കമ്പലം (170) എന്നിങ്ങനെയാണ് താലൂക്ക് പരിധിയില്‍ വരുന്ന മറ്റു ഗ്രാമ പഞ്ചായത്തുകളില്‍ പുതുതായി ആരംഭിക്കാന്‍ ഉദ്ദേശിക്കുന്ന സംരംഭങ്ങളുടെ എണ്ണം.
സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം നൂറു ദിന കര്മ്മപരിപാടികളോടനുബന്ധിച്ച് നടപ്പാക്കുന്ന ‘ഒരു വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍’ പദ്ധതിയുടെ ഭാഗമായിട്ടാണ് താലൂക്കില്‍ കൂടുതല്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നത്. ഏതാനും മാസങ്ങള്‍ കൊണ്ട് നിരവധിസംരംഭങ്ങള് പുതുതായി പ്രവര്‍ത്തനമാരംഭിക്കുന്നതോടെ കുന്നത്തുനാട് താലൂക്കിന്റെ മുഖച്ഛായ മാറുമെന്നാണ് പ്രതീക്ഷ.


