കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള കൊച്ചി പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ പ്രാദേശിക മാധ്യമ പ്രവര്‍ത്തകര്‍ക്കായി വാര്‍ത്താലാപ് മാധ്യമ ശില്പശാല സംഘടിപ്പിച്ചു.
കേന്ദ്ര ഗവണ്മെന്റിന്റെ വിവിധ പദ്ധതികളെക്കുറിച്ച് പ്രാദേശിക ലേഖകര്‍ക്ക് അറിവ് പകരുക എന്ന ലക്ഷ്യത്തോടെയാണ് പിഐബി വിവിധ ജില്ലകളില്‍ ഇത്തരം ശില്പശാലകള് സംഘടിപ്പിക്കുന്നത്. ചാലക്കുടി പ്രസ് ക്ലബ്, സിബിസി തൃശൂര്‍ ഓഫീസ് എന്നിവയുമായി ചേര്‍ന്ന് സംഘടിപ്പിച്ച ശില്പശാല തൃശൂര്‍ റൂറല്‍ എസ് പി ഐശ്വര്യ ഡോങ്റെ ഉദ്ഘാടനം ചെയ്തു. പോലീസും പ്രാദേശിക മാധ്യമ പ്രവര്‍ത്തകരും യോജിച്ചുപ്രവര്ത്തിച്ചാല് സാധാരണ ജനങ്ങളുടെ സുരക്ഷക്കായി നിരവധി കാര്യങ്ങളും പദ്ധതികളും രൂപപ്പെടുത്താന്‍ കഴിയുമെന്ന് ഐശ്വര്യ ഡോങ്റെ പറഞ്ഞു.
പിഐബി കേരള ലക്ഷദ്വീപ് മേഖല അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ വി പളനിച്ചാമി അധ്യക്ഷത വഹിച്ച ചടങ്ങില്‍ ചാലക്കുടി പ്രസ് ക്ലബ് പ്രസിഡന്റ് എം ജി ബാബു മുഖ്യപ്രഭാഷണം നടത്തി.
കേന്ദ്ര ഗവണ്മെന്റ് പദ്ധതികളുടെ സാമ്പത്തിക വീക്ഷണം എന്ന വിഷയത്തെ കുറിച്ച് സാമ്പത്തിക സാക്ഷരതാ കൗണ്‍സിലര്‍ ടി വി അശോക് കുമാര്‍ ക്ലാസ് നയിച്ചു. തുടര്‍ന്ന് കേന്ദ്ര ഗവണ്മെന്റ് പദ്ധതികളുടെ സാമൂഹിക വീക്ഷണവും ഒരു ജന്‍ ആന്ദോളന് സൃഷ്ടിക്കുന്നതില്‍ മാധ്യമങ്ങളുടെ പങ്കും എന്ന വിഷയത്തില്‍ മുതിര്‍ന്ന മാധ്യമ പ്രവര്ത്തകന് മോഹന്‍ ദാസ് പാറപ്പുറത്ത് സംസാരിച്ചു.
പിഐബി കൊച്ചി ഡയറക്ടര്‍ രശ്മി റോജ തുഷാര നായര്‍ കേന്ദ്ര വാര്‍ത്ത വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള വിവിധ മാധ്യമ യൂണിറ്റുകളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിവരിച്ചു. ശാന്തി മെഡിക്കല്‍ ഇന്‍ഫര്‍മേഷന്‍ സെന്റര്‍ എന്ന ചാരിറ്റബിള്‍ സ്ഥാപനം നടത്തുന്ന സാമൂഹിക ഇന്‍ഫ്ലുവന്‍സറായ ഉമാ പ്രേമന്, ‘ഹലോ റേഡിയോ’ എന്ന കമ്മ്യൂണിറ്റി റേഡിയോ സ്റ്റേഷനെ പ്രതിനിധീകരിച്ച് സൂരജ് രാജ് എന്നിവരും സദസിനെ അഭിസംബോധന ചെയ്തു.
പ്രസ് ക്ലബ് സെക്രട്ടറി കെ വി ജയന്, കൊച്ചി പിഐബിയിലെ മീഡിയ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ ഓഫീസര്‍ കെ വൈ ഷാമില, കേരളത്തിലുള്ള വിവിധ മാധ്യമ യൂണിറ്റുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും ശില്പശാലയില് സംസാരിച്ചു. ചാലക്കുടി, മാള, കൊടകര, പുതുക്കാട് പ്രെസ്സ് ക്ലബ്ബുകളിലെ മാധ്യമപ്രവര്‍ത്തകര്‍ ശില്പശാലയില് പങ്കെടുത്തു.