പെരുമ്പാവൂർ : മണ്ഡലത്തിലെ സാന്ത്വന പരിചരണ രംഗത്ത് കിടപ്പു രോഗികളെ പരിചരിക്കുന്നതിനുള്ള പാലിയേറ്റിവ് കെയർ വാഹനത്തിന്റെ വിതരണം എൽദോസ് കുന്നപ്പിള്ളി എം.എൽ.എ നിർവഹിച്ചു. ഈ വർഷത്തെ എം.എൽ.എ ഫണ്ടിൽ നിന്നും 4.45 ലക്ഷം രൂപ അനുവദിച്ചാണ് വാഴക്കുളം ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ സെക്കൻഡറി പാലിയേറ്റിവ് കെയർ യൂണിറ്റിനാണ് വാഹനം കൈമാറിയത്. പെരുമ്പാവൂർ മണ്ഡലത്തിൽ ഉൾപ്പെട്ട വെങ്ങോല, ആലുവ മണ്ഡലത്തിൽ ഉൾപ്പെട്ട കീഴ്മാട്, കുന്നത്തുനാട് മണ്ഡലത്തിൽ ഉൾപ്പെട്ട വാഴക്കുളം എന്നീ പഞ്ചായത്തുകളിലെ കിടപ്പുരോഗികളെ പരിചരിക്കുന്നതിന് ഈ വാഹനം ഗുണം ചെയ്യുമെന്ന് എൽദോസ് കുന്നപ്പിള്ളി എം.എൽ.എ പറഞ്ഞു. 480 രോഗികൾക്കാണ് വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ സെക്കണ്ടറി യൂണിറ്റിൽ പരിചരണം ആവശ്യമായി വരുന്നത്.
ഇതോടെ പെരുമ്പാവൂർ മണ്ഡല പരിധിയിൽ വരുന്ന രണ്ട് സെക്കൻഡറി യൂണിറ്റിനും 4 പ്രൈമറി യൂണിറ്റിനും സാന്ത്വന പരിചരണ രംഗത്ത് 6 വാഹനങ്ങൾ എം.എൽ.എ ഫണ്ടിൽ നിന്നും നൽകി. 27 ലക്ഷം രൂപയാണ് പദ്ധതിക്കായി നൽകിയത്. സ്വന്തമായി വാഹനം ഇല്ലാത്ത എല്ലാ പാലിയേറ്റിവ് യൂണിറ്റുകൾക്കും എം.എൽ.എ ഫണ്ടിൽ നിന്നും ഇതോടെ വാഹനം നൽകിയതായി എൽദോസ് കുന്നപ്പിള്ളി എം.എൽ.എ പറഞ്ഞു.
കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് സെക്കൻഡറി പാലിയേറ്റിവ് യൂണിറ്റിനും മുൻപ് എം.എൽ.എ ഫണ്ടിൽ നിന്നും വാഹനം നൽകിയിരുന്നു. വിദഗ്ദ്ധ പരിചരണം ആവശ്യമായി വരുന്ന രോഗികൾക്ക് വേണ്ടിയാണ് സെക്കണ്ടറി പാലിയേറ്റിവ് കെയർ യൂണിറ്റുകൾ പ്രവർത്തിക്കുന്നത്. ഡോക്ടർമാർ, ഫിസിയോ തെറാപ്പിസ്റ്റ് എന്നിവരുടെ സേവനവും മരുന്നുകൾ ഉൾപ്പെടെയുള്ളവയും സെക്കണ്ടറി യൂണിറ്റ് വഴി രോഗികൾക്ക് ലഭിക്കും. വീടുകളിൽ എത്തിയുള്ള പരിചരണം, ഫിസിയോതെറാപ്പി എന്നിവയും പാലിയേറ്റിവ് കെയർ യൂണിറ്റുകൾ വഴി ലഭിക്കും. കാൻസർ, ഡയാലിസിസ് ചെയ്യുന്നവർ, കരൾ രോഗികൾ എന്നിവർക്കാണ് വിദഗ്ധ പരിചരണം ആവശ്യമായി വരുന്നത്.
പാലിയേറ്റിവ് നേഴ്സുമാർ, ആശ വർക്കർമാർ, സന്നദ്ധ സംഘടന പ്രവർത്തകർ എന്നിവരുടെ സേവനമാണ് പ്രൈമറി യൂണിറ്റുകൾ വഴി ലഭിക്കുന്നത്. പാലിയേറ്റിവ് കെയർ യൂണിറ്റുകളിൽ രജിസ്റ്റർ ചെയ്യുന്ന രോഗികളെ പരിശോധിച്ചു വിദഗ്ദ്ധ പരിചരണം ആവശ്യമായവരെ സെക്കണ്ടറി യൂണിറ്റിലേക്ക് പരിചരണത്തിനായി മാറ്റുന്നത് പ്രൈമറി യൂണിറ്റ് വഴിയാണ്. മാരക രോഗങ്ങൾ, പ്രായാധിക്യം മൂലം രോഗികൾ ആകുന്നവർ തുടങ്ങി ഏതൊരാൾക്കും സാന്ത്വന പരിചരണത്തിനായി രജിസ്റ്റർ ചെയ്യാം. സാധാരണക്കാരായ രോഗികൾക്ക് ഇത് ഏറെ ആശ്വാസകരമാണ്.
2996 കിടപ്പു രോഗികളാണ് മണ്ഡലത്തിലെ 2 സെക്കൻഡറി യൂണിറ്റുകളും 6 പ്രൈമറി യൂണിറ്റുകളിലുമായി രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതിൽ 890 രോഗികൾക്കാണ് വിദഗ്ദ്ധ ചികിത്സ ആവശ്യമായി വരുന്നത്. മാസത്തിൽ രണ്ട് പ്രാവശ്യം സാന്ത്വന പരിചരണ വിഭാഗത്തിന്റെ പരിചരണം രോഗികൾക്ക് ലഭ്യമാകും. ഓക്സിജൻ കോൺസെൻട്രേറ്റർ, വീൽ ചെയർ, വാക്കിംഗ് സ്റ്റിക്ക്, എയർ ബെഡ്, അഡ്ജസ്റ്റബിൾ ബെഡ് എന്നിവ പാലിയേറ്റിവ് കെയർ യൂണിറ്റുകൾ വഴി രോഗികൾക്ക് ലഭ്യമാകും.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നൂർജഹാൻ സക്കീർ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. വെങ്ങോല ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സ്വാതി റെജികുമാർ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജോജി ജേക്കബ്, സ്ഥിരം സമിതി അദ്ധ്യക്ഷരായ രാജു മാത്താറ, റെനീഷ അജാസ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എൽദോ മോസസ്, ജനപ്രതിനിധികളായ അസീസ് എഴപ്പുറം, പി.എ മുക്താർ, ഷിബി എൽദോ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ശ്രീദേവി കെ.ജി, കെ.എൻ സുകുമാരൻ, ടി.എം കുര്യാക്കോസ്, മെഡിക്കൽ ഓഫീസർ ഡോ. അനിത ഷേണായ്, ഹെൽത്ത് ഇൻസ്പെക്ടർ ജോമോൻ തുടങ്ങിയവർ സംസാരിച്ചു.