ഹാങ്ചോ: ഏഷ്യൻ ഗെയിംസില്‍ ഇന്ത്യക്ക് മെഡല്‍ കൊയ്ത്ത്. ഷൂട്ടിങ്ങില്‍ 50 മീറ്റര്‍ റൈഫിള്‍ 3 പൊസിഷൻ വിഭാഗത്തില്‍ പുരുഷ ടീം ലോക റെക്കോഡോടെ സ്വര്‍ണവും വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ ടീം ഇനത്തില്‍ വെള്ളിയും നേടിയതിന് പിന്നാലെ വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വ്യക്തിഗത ഇനത്തില്‍ ഇന്ത്യയുടെ പലക് ഗുലിയ സ്വര്‍ണവും ഇഷ സിങ് വെള്ളിയും നേടി.
പാകിസ്താന്റെ തലത് കിഷ്മലക്കാണ് വെങ്കലം. ഗെയിംസിലെ ഇന്ത്യയുടെ എട്ടാം സ്വര്‍ണമാണിത്.
ഷൂട്ടിങ്ങില്‍ 50 മീറ്റര്‍ റൈഫിള്‍ 3 പൊസിഷൻ വിഭാഗത്തില്‍ ഐശ്വരി പ്രതാപ് സിങ് തോമര്‍, സ്വപ്നില്‍ കുശേല്‍, അഖില്‍ ഷിയോറാൻ എന്നിവരടങ്ങിയ ടീമാണ് വെള്ളിയാഴ്ച ഇന്ത്യക്കായി ആദ്യ സ്വര്‍ണം നേടിയത്. 1769 സ്കോറുമായായിരുന്നു ഇന്ത്യൻ ടീമിന്റെ സുവര്‍ണ നേട്ടം. കഴിഞ്ഞ വര്‍ഷം പെറുവില്‍ യു.എസ് ഷൂട്ടര്‍മാര്‍ സ്ഥാപിച്ച റെക്കോഡിനേക്കാള്‍ എട്ട് സ്കോര്‍ അധികം നേടിയാണ് ഇന്ത്യൻ ടീം ചരിത്രം കുറിച്ചത്. ചൈന വെള്ളിയും കൊറിയ വെങ്കലവും നേടി. 50 മീറ്റര്‍ റൈഫിള്‍ 3 പൊസിഷൻ വ്യക്തിഗത ഇനത്തില്‍ ഐശ്വരി പ്രതാപ് സിങ് തോമര്‍ വെള്ളി നേടി. ചൈയുടെ ഡു ലിൻഷു സ്വര്‍ണം നേടിയപ്പോള്‍ ഇന്ത്യയുടെ സ്വപ്നില്‍ കുശേല്‍ നാലാമതായി.
ടെന്നിസില്‍ പുരുഷ ഡബിള്‍സില്‍ ഇന്ത്യയുടെ രാംകുമാര്‍ രാമനാഥൻ-സാകേത് മൈനേനി സഖ്യം വെള്ളി നേടി. സ്വര്‍ണ പ്രതീക്ഷയുമായി ഇറങ്ങിയ ടീം ഫൈനലില്‍ ചൈനീസ് തായ്പേയുടെ ജേസൻ-സ്യൂ സഖ്യത്തോട് നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുകയായിരുന്നു. സ്കോര്‍: 6-4, 6-4. മിക്സഡ് ഡബിള്‍സില്‍ രോഹൻ ബൊപ്പണ്ണയും ബൊസാലെയും ചേര്‍ന്ന സഖ്യം സെമിയിലെത്തിയിട്ടുണ്ട്.
സ്ക്വാഷില്‍ വനിതകളുടെ ടീം ഇനത്തില്‍ ഇന്ത്യക്ക് വെങ്കലം ലഭിച്ചു. സെമിഫൈനലില്‍ ഹോങ് കോങ്ങിനോട് 2-1ന് പരാജയപ്പെടുകയായിരുന്നു. ജോഷ്ന ചിന്നപ്പ, അനഹട്ട് സിങ്, തൻവി ഖന്ന എന്നിവരടങ്ങുന്ന ടീമാണ് ഇന്ത്യക്കായി ഇറങ്ങിയത്.
വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ ഇഷ സിങ്, പലക്, ദിവ്യ തഡിഗോള്‍ എന്നിവരടങ്ങിയ സംഘമാണ് വെള്ളി നേടിയത്. 1731 സ്കോര്‍ നേടിയാണ് വെള്ളിയാഴ്ചത്തെ ഇന്ത്യയുടെ ആദ്യ മെഡല്‍ സ്വന്തമാക്കിയത്.