മഹാത്മാ ഗാന്ധിയുടെ 153 മത് ജയന്തി മാറാടി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി വ്യത്യസ്തമായ പരിപാടികള്‍ സംഘടിപ്പിച്ചു കൊണ്ടു മാതൃകയാകുന്നു. സെപ്റ്റംബര്‍ 30, ഒക്ടോബര്‍ 1,2 തീയതികളിലായി 3 ദിവസത്തെ പരിപാടികളാണ് സംഘടിപ്പിക്കുന്നത്. സെപ്റ്റംബര്‍ 30 ന് സ്കൂള്‍, കോളേജ്, യൂത്ത് എന്നിങ്ങനെ 3 കാറ്റഗറിയിലായി മത്സരങ്ങള്‍ നടക്കും, ഉപന്യാസ മത്സരം, ക്വിസ് മത്സരം, ഗാന്ധിജിയുടെ ചിത്രം വര മത്സരം, പ്രസംഗ മത്സരം എന്നിവ നടത്തും.
ഒക്ടോബര്‍ 1 ന് രാവിലെ പത്തിന് ഗാന്ധിജിയുടെ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട സുപ്രധാന സംഭവങ്ങളുടെ ചിത്ര പ്രദര്‍ശനം, വീഡിയോ പ്രദര്‍ശനം എന്നിവയും അനുസ്മരണ സമ്മേളനവും നടക്കും. സമ്മേളനം കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. മണ്ഡലം പ്രസിഡന്റ് സാബു ജോണ്‍ അധ്യക്ഷത വഹിക്കും. യോഗത്തില്‍ ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന് സ്വീകരണം നല്‍കും. അഡ്വ ഡീന്‍ കുര്യാക്കോസ് എം പി, ഡോ മാത്യു കുഴല്നാടാന് എംഎല്‍എ, മുന്‍ എംഎല്‍എ ജോസഫ് വഴക്കന് എന്നിവര്‍ പങ്കെടുക്കും. ഗാന്ധിയാണ് മാര്‍ഗം എന്ന വിഷയത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടം സെമിനാര്‍ നയിക്കും. യോഗത്തില്‍ വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച പ്രതിഭകളെ ആദരിക്കും.
കോവിഡ് വാക്സിനേഷനില്‍ സംസ്ഥാനത്തു ആദ്യമായി 100 ശതമാനം പൂര്‍ത്തീകരിച്ച മാറാടി പഞ്ചായത്ത് ഭരണ സമിതിയെയും മെഡിക്കല്‍ ഓഫിസര്‍ ഡോ അമര്‍ലാല്‍ നെയും ആദരിക്കും. നാഷണല്‍ സര്‍വ്വീസ് സ്കീം യൂണിറ്റിനുള്ള സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡ് നേടിയ മാറാടി വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിനെയും പ്രോഗ്രാം ഓഫീസര്‍ സമീര്‍ സിദ്ധിഖിയേയും ആദരിക്കും.
ഒക്ടോബര്‍ 2 ന് ഗാന്ധിജിയുടെ 153 മത് ജയന്തി ഓര്‍മിക്കാന്‍ മണ്ഡലത്തില്‍ 153 വൃക്ഷത്തൈകള്‍ നാട്ടു കൊണ്ടു ഈ വര്‍ഷത്തെ ഗാന്ധിജയന്തി ആഘോഷം അവസാനിക്കും. മാറാടി മണ്ഡലം കമ്മിറ്റി കോവിഡ് പ്രതിരോധ രംഗത്ത് മാതൃകാപരമായ പ്രവര്‍ത്തനം നടത്തി. രോഗികള്‍ക്കായി 5 വാഹനങ്ങള്‍ ക്രമീകരിച്ചു. 40 പേരടങ്ങുന്ന സന്നദ്ധ സേന ഉണ്ടാക്കി രോഗികള്‍ക്ക് വേണ്ട ഭക്ഷണം ആശുപത്രി സംവിധാനം കൂടാതെ ഒന്നര ലക്ഷം രൂപയുടെ മരുന്നുകള്‍ പാവപ്പെട്ടവര്‍ക്ക് എത്തിച്ചു നല്കി. 9 മൃതദേഹം അടക്കം ചെയ്തതത് ഈ സന്നദ്ധ സേനയാണ്.
കോവിഡിന്റെ ഒന്നാം വ്യാപനത്തില്‍ 28 സ്മാര്‍ട്ട് ടിവി കള്‍ വിദ്യാര്‍ത്ഥികള്‍ക്കു നല്കി. രണ്ടാം വ്യാപനത്തില്‍ 32 സ്മാര്‍ട്ട് ഫോണുകള്‍ പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കു നല്കി. ഇതിനായി 5 ദിവസത്തെ ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചു. 5 ദിവസം കൊണ്ട് 5000 ബിരിയാണി വിറ്റു കിട്ടിയ തുക കൊണ്ടാണ് സ്മാര്‍ട്ട് ഫോണ്‍ വാങ്ങി നല്‍കിയത്. കോവിഡ് കാലത്ത് കണ്ടയിന്മെന്റ് സോണിലെ 400 ഓളം ഭഷ്യ കിറ്റ് നല്‍കിയും ചരക്ക് നീക്കം നടത്തുന്ന ലോറി ജീവനക്കാര്‍ക്ക് ഭക്ഷണം നല്‍കിയും വ്യത്യസ്ത നിറഞ്ഞ പ്രവര്‍ത്തനം ആണ് മാറാടിയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തുന്നത്.

