പെരുമ്പാവൂര്‍: രായമംഗലം ഗ്രാമപഞ്ചായത്തിലെ കടിഞ്ഞൂല്‍ ചിറ ഭാഗത്ത് നിര്‍മ്മിക്കുന്ന പാലത്തിന്റെ നിര്‍മ്മാണം ആരംഭിച്ചു. എംഎല്‍എ ഫണ്ടില്‍ നിന്നും അനുവദിച്ചു പെരിയാര്‍ വാലി ലൊ ലെവല്‍ കനാലിന്റെ കുറുകെ നിര്‍മ്മിക്കുന്ന പാലത്തിന്റെ നിര്‍മ്മാണോദ്ഘാടനം എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ നിര്‍വഹിച്ചു. കഴിഞ്ഞ വര്‍ഷത്തെ ആസ്തി വികസന ഫണ്ടില്‍ നിന്നും 23.70 ലക്ഷം രൂപയാണ് പദ്ധതിക്കായി അനുവദിച്ചത്.
കീഴില്ലം കുറിച്ചിലക്കോട് റോഡില്‍ നിന്ന് തായ്ക്കരചിറ ഭാഗത്തേക്ക് വരുന്നതിന് ഏകദേശം ഇരുനൂറ്റിയന്‍പതോളം കുടുംബങ്ങള്‍ക്ക് പാലം പ്രയോജനം ചെയ്യും. മഴവെള്ളം പോകുന്നതിന് കനാലിന് കുറുകെ പെരിയാര്‍ വാലി നിര്‍മ്മിച്ച ചാനലിന് മുകളില്‍ ഇട്ട സ്ലാബിലൂടെയാണ് ജനങ്ങള്‍ വര്‍ഷങ്ങളായി പാലം കടക്കുന്നത്. പുതിയ പാലം നിര്‍മ്മിക്കണമെന്ന പ്രദേശ വാസികളുടെ ആവശ്യത്തിന് ഇതോടെ പരിഹാരമാവുകയാണെന്ന് എല്‍ദോസ് കുന്നപ്പിള്ളി പറഞ്ഞു. 11 മീറ്റര്‍ നീളത്തില്‍ 4.5 മീറ്റര്‍ വീതിയിലുമാണ് പാലം നിര്‍മ്മിക്കുന്നത്.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൗമിനി ബാബു അധ്യക്ഷത വഹിച്ച ചടങ്ങില്‍ സ്ഥിരം സമിതി അദ്ധ്യക്ഷന്‍ പി.ടി ജ്യോതിഷ് കുമാര്‍, പഞ്ചായത്ത് അംഗം രാജന് വര്‍ഗീസ്, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ജോയി പൂണേലില്‍, കെ.വി ജെയ്സണ്‍, കെ.വി പോളച്ചന്, ലൈജു തോമസ്, ഷിജോ വര്‍ഗീസ്, കെ.വി ഷാ, ചെറിയാന് ജോര്‍ജ്, എബി പരത്തുവയലില്‍, പൗലോസ് നെല്ലാക്കാരന്, സാജു മൂലേക്കുടി, വര്‍ഗീസ് മാലില്‍, ജെലിന് രാജന്, വിജു കീഴില്ലം എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. കെ.വി എല്‍ദോ നന്ദി രേഖപ്പെടുത്തി.


