മൂവാറ്റുപുഴ: കോവിഡ് വ്യാപനം തുടരുന്നതിനിടെ വ്യാപാരസ്ഥാപനങ്ങള്‍ക്ക് ഇരട്ട പ്രഹരം നല്കി മൂവാറ്റുപുഴ നഗരസഭയില്‍ ലേലവിവാദം. നീക്കത്തിനെതിരെ പ്രതിപക്ഷം രംഗത്തെത്തി, വിവാദ നീക്കത്തില്‍ നിന്നും പിന്മാറണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തി.
നഗരസഭ പേവാര്‍ഡ് കോംപ്ലക്സിലെ മുറി ലേലം ചെയ്യുന്നതിനായി വാടക നിശ്ചയിക്കുന്നതിന്റെ ഭാഗമായി 2025 രൂപയില്‍ നിന്നും 11095/ രൂപയായി ഉയര്‍ത്തി PWD റേറ്റ് നിശ്ചയിക്കണമെന്ന അജണ്ടയില്‍ പ്രതിപക്ഷ അംഗങ്ങള്‍ വിയോജിപ്പ് പ്രകടിപ്പിച്ചു. കോവിഡിന്റെ പശ്ചാത്തലത്തില്‍ വാടക കൂട്ടുന്നത് ഉചിതമല്ല എന്നും കച്ചവടക്കാര്‍ക്ക് സാമ്പത്തിക ബുദ്ധിമുട്ടുണ്ടാകുന്നതാണെന്നും പ്രതിപക്ഷം അഭിപ്രായപ്പെട്ടപ്പോള്‍ അജണ്ട വോട്ടിനിടണം എന്ന നിലപാടാണ് ചെയര്മാന് സ്വീകരിച്ചത്.
ഓണ്‍ലൈനായി കൂടിയ യോഗത്തില്‍ എല്ലാ കൗണ്‍സിലര്‍മാര്‍ക്കും പൂര്‍ണമായി പങ്കെടുക്കുന്നതില്‍ നെറ്റ്വര്‍ക്ക് തകരാറുകള്‍ ഉണ്ടാകുന്നു എന്നിരിക്കെ അജണ്ട വോട്ടിനിടാതെ മാറ്റിവെക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. എന്നാല്‍ ഈ അഭിപ്രായങ്ങളെ മാനിക്കാതെ വോട്ടിനിടണം എന്ന ചെയര്‍മാന്റെ ധിക്കാരപരമായ തീരുമാനത്തില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം ഓണ്‍ലൈന്‍ യോഗം ബഹിഷ്കരിച്ചതായി പ്രതിപക്ഷ നേതാവ് ആര് രാകേഷ് പറഞ്ഞു.
പദ്ധതി വിഹിതം വെട്ടി കുറക്കണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം കൗണ്‍സില്‍ അംഗങ്ങളോട് ആലോചിക്കാതെ തീരുമാനമെടുക്കുന്ന നിലയുമുണ്ടായി. ട്രാഫിക് റെഗുലേറ്ററി ബോര്‍ഡ് തീരുമാനങ്ങള്‍ കൗണ്‍സിലര്‍മാരുടെ ശ്രദ്ധയില്‍ പോലും പെടുത്താതെ നടപ്പിലാക്കിയതില്‍ ഭരണ പ്രതിപക്ഷ അംഗങ്ങളില്‍ നിന്നും കടുത്ത പ്രതിഷേധം ഉണ്ടായി. ഏകാധിപതിയെ പോലെ തീരുമാനങ്ങള്‍ എടുക്കുന്ന മുനിസിപ്പല്‍ ചെയര്‍മാന്റെ നിലപാട് അംഗീകരിക്കാനാവില്ല എന്ന് പ്രതിപക്ഷം ചൂണ്ടികാട്ടി.


