മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയിലെ ചികിത്സാ സൗകര്യങ്ങള്‍ രോഗികള്‍ക്ക് ലഭ്യമാക്കാന്‍ തയ്യാറാകാത്ത മൂവാറ്റുപുഴ നഗരസഭ ഭരണ സമിതിയുടെയും എംഎല്‍എയുടെയും നിലപാടില്‍ സിപിഐഎം ഏരിയാ കമ്മിറ്റി പ്രതിഷേധിച്ചു.
കോവിഡ് രോഗികള്‍ വര്‍ധിച്ചതിനാല്‍ ജനറല്‍ ആശുപത്രിയിലെ സത്രം കോപ്ലക്സ് പേവാര്‍ഡ് തുറന്ന് പ്രവര്‍ത്തിപ്പിയ്ക്കാന്‍ നഗരസഭ തയ്യാറാകണമെന്ന് ഏരിയാ കമ്മിറ്റി ആവശ്യപ്പെട്ടു. ആരോഗ്യ വകുപ്പ് ആശുപത്രിയില്‍ ഏര്‍പ്പെടുത്തിയ സൗകര്യങ്ങള്‍ ലഭ്യമാക്കാതെ ജനങ്ങളെ സംസ്ഥാന സര്‍ക്കാരിനെതിരാക്കുക എന്നതാണ് നഗരസഭയിലെ ഭരണ സമിതിയുടെയും എംഎല്‍എയുടെയും ലക്ഷ്യം.
കോണ്‍ഗ്രസ് നേതൃത്വം നല്കുന്ന നഗരസഭാ ഭരണസമിതി നരസഭയുടെ പദ്ധതികളും മറ്റ് സംവിധാനങ്ങളും ജനങ്ങള്‍ക്ക് പ്രയോജനപ്പെടുത്തുന്നില്ല. നഗരസഭ അടച്ചിട്ട സത്രം കോംപ്ലക്സ് പേവാര്‍ഡില്‍ 28 ഓക്സിജന്‍ കിടക്കയും 16 സാധാരണ കിടക്കയുമുണ്ട്. മുമ്പ് ഇവിടെ കോവിഡ് രോഗികളെ കിടത്തി ചികിത്സിച്ചിരുന്നു.
2020 ഫെബ്രുവരിയില്‍ ആശുപത്രി വികസന സമിതിയുടെ ആവശ്യപ്രകാരം കോവിഡ് വാര്‍ഡ് തുടങ്ങുവാന്‍ എല്‍ഡിഎഫ് നഗരസഭാ കൗണ്‍സില്‍ സത്രം കോംപ്ലക്സ് പേ വാര്‍ഡ് വിട്ടുനല്‍കി. മൂന്നു ലക്ഷം രൂപ മുടക്കി സന്നദ്ധ സംഘടനകളുടെ സഹായത്താല്‍ അറ്റകുറ്റപ്പണി നടത്തി അഞ്ചു ദിവസത്തിനകം പേവാര്‍ഡ് പ്രവര്‍ത്തനം തുടങ്ങി. പിന്നീട് സെന്‍ട്രലൈസ്ഡ് ഓക്സിജന്‍ സിസ്റ്റം, രോഗികളെ നിരീക്ഷിക്കുവാന്‍ സിസിടിവി , മള്‍ട്ടി പാരാമീറ്റര്‍ മോണിറ്ററുകള്‍, മറ്റ് ചികിത്സാ ഉപകരണങ്ങള്‍ എന്നിവ സ്ഥാപിച്ചു. നാല് വെന്റിലേറ്റര്‍ കിടക്കയുള്‍പ്പെടെ 50 ലക്ഷം രൂപയുടെ ഉപകരണങ്ങള്‍ പേവാര്‍ഡില്‍ അഞ്ച് മാസമായി പൊടിപിടിച്ച് കിടക്കുന്നു. മാത്യൂ കുഴല്നാടന് എംഎല്‍എ ആശുപത്രി വികസനത്തിന് പ്രാധാന്യം നല്‍കുന്നില്ല.
മുന്‍ എംഎല്‍എ എല്‍ദോ എബ്രഹാം നടപ്പാക്കിയതും തുടങ്ങിവച്ചതുമായ ആശുപത്രിയിലെ വിവിധ വികസന പദ്ധതികളും സൗകര്യങ്ങളും ജനങ്ങള്‍ക്ക് പ്രയോജനപ്പെടുത്താന്‍ എംഎല്‍എയും നഗരസഭയും തയ്യാറായില്ലെങ്കില്‍ ബഹുജന പ്രക്ഷോഭം നടത്തുമെന്ന് സിപിഐഎം ഏരിയാ
സെക്രട്ടറി കെ പി രാമചന്ദ്രന് അറിയിച്ചു.


