കൊച്ചി കോര്പ്പറേഷന് ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തെ ചൊല്ലിയുള്ള സിപിഎം സിപിഐ തര്‍ക്കം പരിഹരിച്ചു. ഡെപ്യൂട്ടി മേയര്‍ സ്ഥാനം സിപിഐയ്ക്ക് നല്കാന് സിപിഎമ്മുമായുള്ള ഉഭയകക്ഷി ചര്‍ച്ചയില്‍ തീരുമാനമായി. മട്ടാഞ്ചേരി അഞ്ചാം ഡിവിഷനില്‍ നിന്ന് വിജയിച്ച സിപിഐയുടെ കെ.എ അന്‍സിയ ഡെപ്യൂട്ടി മേയറാകും. സിപിഎം ജില്ല കമ്മിറ്റി അംഗം എം അനില്‍കുമാര്‍ മേയര്‍ സ്ഥാനത്തേക്ക് മത്സരിപ്പിക്കാന്‍ നേരത്തെ തന്നെ സിപിഎം തീരുമാനിച്ചിരുന്നു. ഇതു സംബന്ധിച്ച് ഇന്ന് ചേരുന്ന സിപിഎം ജില്ല കമ്മിറ്റിയില്‍ അന്തിമ തീരുമാനമുണ്ടാകും.
കൊച്ചി കോര്‍പ്പറേഷനില്‍ 4 സീറ്റുകളില്‍ മാത്രം വിജയിച്ച സിപിഐയ്ക്ക് ഡെപ്യൂട്ടി മേയര്‍ സ്ഥാനം നല്കുന്നതില് സിപിഎമ്മിനുള്ളില്‍ അതൃപ്തി പുകഞ്ഞിരുന്നു. എന്നാല്‍ മുന്നണി മര്യാദയനുസരിച്ച് ഡെപ്യൂട്ടി മേയര്‍ സ്ഥാനം സിപിഐക്ക് അവകാശപ്പെട്ടതാണെന്ന പരസ്യ പ്രതികരണവുമായി നേതാക്കള്‍ രംഗത്തെത്തി. ഇതോടെയാണ് ലെനിന് സെന്ററില്‍ സിപിഎം സിപിഐ ഉഭയകക്ഷി ചര്‍ച്ച വിളിച്ചു ചേര്‍ത്തത്.
4 പതിറ്റാണ്ടിലേറെ കാലം യുഡിഎഫ് കുത്തകയായിരുന്ന മട്ടാഞ്ചേരിയിലെ അഞ്ചാം ഡിവിഷന് പിടിച്ചെടുത്ത സിപിഐയുടെ കെഎ അന്‍സിയയെ ഡെപ്യൂട്ടി മേയറാക്കാനാണ് തീരുമാനം. സ്ഥാനമാനങ്ങളെ ചൊല്ലി സിപിഎമ്മുമായി തര്‍ക്കങ്ങളില്ലെന്ന് സിപിഐ എറണാകുളം ജില്ല സെക്രട്ടറി പി രാജു പ്രതികരിച്ചു. എല്‍ഡിഎഫിനെ പിന്തുണച്ച യുഡിഎഫിലെ രണ്ട് വിമതര്‍ക്കും സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് സ്ഥാനം നല്‍കാനും ധാരണയായി. 36 അംഗങ്ങളുടെ പിന്തുണയുള്ള എല്‍ഡിഎഫിന് മറ്റന്നാള്‍ നടക്കുന്ന മേയര്‍ തെരഞ്ഞെടുപ്പില്‍ കാര്യമായ വെല്ലുവിളികളില്ല.

